by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയിലെ വ്യവസായ, ഊര്‍ജ്ജ മേഖലകളില്‍ തൊഴില്‍ മേഖലകളില്‍ വന്‍മാറ്റം. മേഖലയില്‍ നൂതന സാങ്കേതിക വൈദഗ്ധ്യത്തില്‍ ആവശ്യം വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന മാറ്റമാണ് തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുന്നത്. സാങ്കേതിക അറിവുകളുള്ള ജീവനക്കാര്‍ക്ക് ആവശ്യക്കാരേറുന്നു. നിലവിലുള്ള തൊഴിലുകളില്‍ 20 ശതമാനവും റോബോട്ടിക്‌സ് ഓപ്പറേഷന്‍ സൂപ്പര്‍വൈസര്‍, എഐ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ടെക്‌നീഷ്യന്‍ തുടങ്ങിയവ പുതിയ തരം തസ്തികകളായി മാറുമെന്ന് യുഎഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം പുറത്തുവിട്ട ‘എമിറേറ്റ്‌സ് സ്‌കില്‍സ് ഇന്‍ഡിക്കേറ്റേഴ്‌സ്’ പ്രകാരം നിലവിലുള്ള 87 ശതമാനം ജോലികളിലും അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്, സെയില്‍സ് മേഖലകളിലും വിദഗ്ധര്‍ക്ക് ആവശ്യക്കാരേറും. നിര്‍മ്മിത ബുദ്ധിയും നാലാം വ്യവസായ വിപ്ലവവുമാണ് ഈ മാറ്റത്തിന് വേഗം കൂട്ടുന്നത്.
അതേസമയം, പരമ്പരാഗത ഭരണനിര്‍വ്വഹണ, ഓഫീസ് സഹായ തസ്തികകള്‍ ഉള്‍പ്പെടുന്ന 13 ശതമാനം ജോലികളും ഡിജിറ്റല്‍ വല്‍ക്കരണവും ഓട്ടോമേഷനും കാരണം വരുംദിവസങ്ങളില്‍ കുറഞ്ഞുവരും. ആഗോള വിപണിയില്‍ യുഎഇയുടെ മത്സരശേഷി നിലനിര്‍ത്തുന്നതിനായി വിദ്യാഭ്യാസ രംഗത്തെയും തൊഴില്‍ വിപണിയുടെ ആവശ്യകതകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നും അധികൃതര്‍ പറഞ്ഞു.

by Midhun HP News | Jul 27, 2026 | Latest News, കേരളം
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിപാട്, ഡിജിറ്റല്‍ ഇടപാടുകളിലുമാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി, ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.
അവിടത്തെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല. കണ്‍കറന്റ് ഓഡിറ്റ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ പല തടസ്സവാദങ്ങളും ഉന്നയിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.
പ്രധാനപ്പെട്ട വഴിപാട് രസീതികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ അത് കൃത്യമായി ഓഡിറ്റ് ചെയ്യുന്നതിന് അതിന്റെ ലോഗിനും പാസ് വേര്‍ഡും നല്‍കുന്നില്ല. ക്ഷേത്രത്തിലെ സ്വര്‍ണം, വെങ്കല പാത്രങ്ങള്‍, കുങ്കുമ പൂവ് തുടങ്ങി വിലിടിപ്പുള്ള ഭൗതിക വസ്തുക്കള്‍, വഴിപാടായി ലഭിക്കുന്ന വസ്തുക്കള്‍ തുടങ്ങി പലതിന്റെയും രജിസ്റ്റര്‍ കൃത്യമായിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമയ്ക്കൊപ്പം കൗമാര വിസ്മയത്തെ ഓപ്പണറാക്കി ഇറക്കണമെന്നും മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ ഫാറൂഖ് എൻജിനീയർ. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് രോഹതിനൊപ്പം ഏകദിനത്തിൽ ഓപ്പണർ. ഗില്ലിനെ നാലാം സ്ഥാനത്തിറക്കണമെന്നും ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.
‘ശുഭ്മാൻ ഗില്ലും വൈഭവ് സൂര്യവംശിയും അടങ്ങുന്ന ബാറ്റിങ് നിര ടീമിനു അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കും. ഗിൽ ക്ലാസ് കളിക്കാരനാണ്. നിലവിലെ ടീമിൽ ഏറ്റവും മികച്ച ബാറ്റർ ഗില്ലാണെന്നാണ് എന്റെ പക്ഷം. അതിനാൽ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം.’
‘പന്ത് വായുവിൽ ഉയർത്തിയടിക്കുന്ന ശൈലിയല്ല ഗില്ലിന്റേത്. അതിനാൽ ഏകദിനങ്ങളിൽ ഒരു ഇടം കൈയൻ- വലം കൈയൻ കോംപോ നിലനിർത്തുന്നതാകും ഉചിതം. അതിനാൽ രോഹിത് കളിക്കുന്നുണ്ടെങ്കിൽ (അദ്ദേഹം കളിക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം) അദ്ദേഹം സൂര്യവംശിയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ.’
‘സൂര്യവംശിയെപ്പോലെ ഒരു ബാറ്റർ ഓപ്പണറാകുന്നതാണ് കൂടുതൽ നല്ലത്. ഫീൽഡിലെ വിടവുകൾ കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തിനു സാധിക്കും. വിരാട് കോഹ്‍ലി മൂന്നാമതും ഗിൽ നാലാം സ്ഥാനത്തും ഇറങ്ങുന്നതോടെ ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയെയാണ് ലഭിക്കുക.’
‘സൂര്യവംശിയെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഏകദിനവും ടി20യും തമ്മിൽ ആളുകൾ എന്തിനാണ് ഇത്രയധികം വേർതിരിച്ചു കാണുന്നതെന്നു എനിക്കു മനസിലാകുന്നില്ല. അദ്ദേഹം നിരന്തരം റൺസ് കണ്ടെത്തുന്നു. കൂടാതെ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ആത്മവിശ്വാസവും സൂര്യവംശിയ്ക്കുണ്ട്. വിജയങ്ങൾ സമ്മാനിക്കാൻ കെൽപ്പുള്ള ബാറ്ററാണ് സൂര്യവംശി. ഓപ്പണിങിൽ മികച്ച തുടക്കം നൽകുമ്പോൾ ബാക്കിയുള്ള താരങ്ങൾക്ക് ഇന്നിങ്സ് പടുത്തുയർത്താനു വലിയ സ്കോറിലേക്ക് എത്തിക്കാനും ആവശ്യത്തിനു സമയം കിട്ടും.’
‘ഷോർട്ട് ലെങ്ത് പന്തുകൾ പോലും സിക്സടിക്കാൻ മികവുള്ള താരമാണ് സൂര്യവംശി. സ്വന്തം തെറ്റുകളിൽ നിന്നു പാഠം പഠിച്ച് മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. സ്വയം നിയന്ത്രിക്കാനും പരിശീലിച്ചിട്ടുണ്ട്. അമിതമായി പരിശീലനത്തിൽ തളച്ചിട്ട് കൗമാര താരത്തിന്റെ പ്രതിഭയെ ഇല്ലാതാക്കരുത്. കോച്ചിങ് ബുക്കിലെ പരമ്പരാഗത രീതിക്കു വഴങ്ങുന്ന താരമല്ല സൂര്യവംശി. മാത്രമല്ല ആ സ്റ്റൈൽ കോച്ചിങൊക്കെ കാലഹരണപ്പെട്ടതുമാണ്.’
‘സൂര്യവംശി പ്രതിഭയാണ്. വിവിയൻ റിച്ചാർഡ്സും സമാന മികവുകൾ കാണിച്ച താരമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററാണ് വിവ്. സൂര്യവംശിയുമായി മുന്നോട്ടു പോകുക. അദ്ദേഹം ഇന്ത്യൻ ടീമിനു വലിയ സമ്പത്തായി മാറും’- ഫാറൂഖ് എൻജിനീയർ വ്യക്തമാക്കി.

by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി കെ മുരളീധരൻ. കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ അസോസിയേഷൻ 60 വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2031 കോൺക്ലേവും സംഘടനയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ ജി എച്ച് എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി ജി ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോക്ടർ എസ് ശ്രീജിത്ത്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ഹോമിയോപ്പതി ഡയറക്ടർ ഡോക്ടർ എം പി ബീന, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി കെ പ്രിയദർശിനി, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോക്ടർ എസ് കെ അനിൽ, കോൺക്ലേവ് കോൺഫറൻസ് ഡയറക്ടർ ഡോക്ടർ മനു വർഗീസ് എന്നിവർ പങ്കെടുത്തു.

by Midhun HP News | Jul 27, 2026 | Latest News, കേരളം
കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സമയം സ്വകാര്യ മേഖലയില്‍ ടിക്കറ്റ് നിരക്ക് രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ ഉയര്‍ത്താറുണ്ട്. 1,500 രൂപയുള്ള ടിക്കറ്റുകള്‍ക്ക് 3,000 മുതല്‍ 4,000 രൂപ വരെ ഈടാക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് എസി ബസുകളിലെ യാത്ര ബുദ്ധിമുട്ടാകുന്നു.
മികച്ച നിലയിലുള്ള ബസുകള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ സ്വകാര്യ ബസ് ഉടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ബസുകള്‍ നല്‍കുന്ന ഉടമകള്‍ക്ക് അന്നന്നത്തെ വരുമാനം പങ്കുവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്. കെഎസ്ആര്‍ടിസി നിലവില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും നിലവിലെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നുണ്ടെന്നും അതിനാല്‍ ബസ് ഉടമകള്‍ സഹകരിക്കാന്‍ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

by Midhun HP News | Jul 27, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് കരാർ പണികളിൽ 10% പ്രൈസ് പ്രിഫറൻസ് നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ. നഹാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ ജി. തൃദീപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എ.താജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എം. ആർ. ഷാനവാസ്, താലൂക്ക് സെക്രട്ടറി ആർ.എസ്.വിനോദ് മണി, നടാർഷാൻ, വി.തുളസീധരൻനായർ, ആർ.മുരളീധരൻ നായർ, ഇൻസാർ .എസ്, എസ്. ശശാങ്കൻ, ജെ .എച്ച്.സുഭാഷ്ചന്ദ്രബാബു, എസ്. എൻ.താരിഫ് മുഹമ്മദ്, ശശി കുറ്റിമൂട് തുടങ്ങിയവർ സംസാരിച്ചു.


Recent Comments