ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും.ഈ അധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകൾ അടയ്ക്കും.ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എൽ പിയിൽ 198 അധ്യയന ദിവസങ്ങളും നിശ്ചയിച്ചു.

കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

തൃശൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.

നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) രാവിലെ 10.40 ന് വിദ്യാര്‍ഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്

രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്

ന്യൂഡല്‍ഹി: രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി മുതല്‍ വീട്ടില്‍ ഇരുന്ന് അയക്കാം. തപാല്‍വകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുതോടെ അതാത് പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും

നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍വകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണിത് നടപ്പിലാവുക.

ആപ്പ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് നടപ്പിലാകുക. രജിസ്ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായ അക്നോളഡ്ജ്മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും.

തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്നേച്ചര്‍ സംവിധാനത്തിലേക്കും മാറും.

മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പില്‍ വരും. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും ലഭ്യമാക്കും.

തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ 53കാരി കുഴഞ്ഞുവീണു മരിച്ചു

തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ 53കാരി കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്.

ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് നീര്‍നായ കടിച്ചത്. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി. വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ച്ചയായ അപകടങ്ങള്‍; ഇടുക്കിയില്‍ ജീപ്പ് സവാരികള്‍ക്ക് താത്കാലിക നിരോധനം

തുടര്‍ച്ചയായ അപകടങ്ങള്‍; ഇടുക്കിയില്‍ ജീപ്പ് സവാരികള്‍ക്ക് താത്കാലിക നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.

സുരക്ഷാ സംവിധാനങ്ങളും മതിയായ രേഖകളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനമെങ്കിലും വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകള്‍ക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല.

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറില്‍ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

മിനി ട്രേഡ് ഡീല്‍ തയ്യാര്‍, താരിഫ് നിരക്കില്‍ ഇന്ത്യ – യുഎസ് ധാരണ?

മിനി ട്രേഡ് ഡീല്‍ തയ്യാര്‍, താരിഫ് നിരക്കില്‍ ഇന്ത്യ – യുഎസ് ധാരണ?

വാഷിങ്ടണ്‍: ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ മിനി ട്രേഡ് ഡീല്‍ ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മിനി ട്രേഡ് ഡീലില്‍ ഉണ്ടാക്കുന്ന ധാരണ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ ധാരണ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ യുഎസ് വ്യാപാരങ്ങളില്‍ ശരാശരി താരിഫ് പത്ത് ശതമാനം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തിലെ സമഗ്രമായ ഉഭയകക്ഷി വ്യാപാരകരാറുകള്‍ സംബന്ധിച്ച ചര്‍ച്ച ട്രംപ് പ്രഖ്യാപിച്ച താരിഫ് നിരക്കുകളുടെ താത്കാലിക മരവിപ്പിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്ന ജൂലൈ 9ന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന താരിഫ് താരിഫ് നിരക്കുകള്‍ നിലവില്‍ വരുന്ന ജൂലൈ 9 ന് മുന്‍പ് തന്നെ യുഎസ് വിവിധ രാജ്യങ്ങളുമായി നിരവധി കരാറുകള്‍ ഒപ്പവയ്ക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ വലിയ കരാറുകള്‍ ഉണ്ടാകുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. താരിഫ് നിരക്കുകള്‍ സംബന്ധിച്ച നടപടികള്‍ യുഎസ്എയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച നിരക്കുകളിലേക്ക് മടങ്ങേണ്ടിവരുമെന്ന സൂചനയും ട്രഷറി സെക്രട്ടറി നല്‍കുന്നു. ഓഗസ്റ്റ് ഒന്നാണ് ഇതിനുള്ള സമയ പരിധിയായി സ്‌കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പകരച്ചുങ്കത്തില്‍ യുഎസ് നിലപാട് വ്യക്തമാക്കിക്കൊണ്ട് 12 രാജ്യങ്ങള്‍ക്കുള്ള കത്തുകള്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അവര്‍ നേരിടേണ്ടിവരുന്ന താരിഫ് നിരക്കുകള്‍ വിശദീകരിക്കുന്ന കത്തുകള്‍ക്കാണ് അന്തിമ രൂപം ആയതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഈ കത്തുകള്‍ എന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.