by Midhun HP News | Jul 7, 2025 | Latest News, കായികം
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയായി പെയ്തിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്‌നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചത് നിര്‍ണായകമായി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ 5 ദിവസവും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ ആദ്യ വിജയം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് വിജയം വിദേശ മണ്ണിലായതും നേട്ടം.
ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് 6 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ താരം 4 വിക്കറ്റെടുത്തിരുന്നു. മൊത്തം 10 വിക്കറ്റുകള്‍ ആകാശ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിറാജ് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരം മൊത്തം 7 വിക്കറ്റെടുത്തു.
മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപാണ് വിക്കറ്റു വേട്ട പുനരാരംഭിച്ചത്. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.
പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് സഖ്യം പിടിമുറുക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഗില്‍ വരുത്തിയ ബൗളിങ് മാറ്റം ഫലം കണ്ടു. വാഷിങ്ടന്‍ സുന്ദര്‍ തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്‌സിനെ വാഷിങ്ടന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെ വീണ്ടും വിജയത്തിന്റെ ട്രാക്കിലാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ 73 പന്തില്‍ 33 റണ്‍സെടുത്തു മികവിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് വാഷിങ്ടന്‍ ബ്രേക്ക് ത്രൂ നല്‍കിയത്.
ഏഴാം വിക്കറ്റായി മടങ്ങിയത് ക്രിസ് വോക്‌സായിരുന്നു. താരം 32 പന്തില്‍ 7 റണ്‍സെടുത്തു. പ്രിസദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്. പിന്നാലെ ആകാശ് ദീപിന്റെ പ്രഹരം. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജാമി സ്മിത്ത് ഒരറ്റത്ത് തകര്‍പ്പന്‍ അടികളുമായി കളം വാഴുകയായിരുന്നു. താരത്തെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ആകാശ് അവസാനിപ്പിച്ചു. 99 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 88 റണ്‍സെടുത്തു. ചെറുത്തു നിന്ന ജോഷ് ടോംഗിനെ ജഡേജ പുറത്താക്കി. താരം 29 പന്തുകള്‍ ചെറുത്തു 2 റണ്‍സെടുത്തു മടങ്ങി.
ഒന്‍പതാമനായി എത്തിയ ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. അവസാന ഘട്ടത്തില്‍ താരം കൂറ്റനടികളുമായി പ്രതിരോധിച്ചെങ്കിലും അതൊന്നും ജയത്തിലെത്താന്‍ ഉപകരിച്ചില്ല. താരം പുറത്താകാതെ 38 റണ്‍സെടുത്തു. താരത്തേയും പുറത്താക്കി ആകാശ് ദീപ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഷൊയ്ബ് ബഷീര്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു.
അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.
ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.
നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗില്‍ ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. ഒന്നാം ഇന്നിങ്‌സിലും ജഡേജ അര്‍ധ ശതകം സ്വന്തമാക്കിയിരുന്നു. താരം 89 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (55), ഋഷഭ് പന്ത് (65) എന്നിവരും അര്‍ധ സെഞ്ച്വറി നേടി.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കൊച്ചി: സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ഏറെ നേരെ ക്യൂ നിന്നു മടുത്തവരായിരിക്കും നാം ഓരോരുത്തരും. എന്നാൽ ടിക്കറ്റ് വീട്ടിലിരുന്നു തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നു എത്ര പേർക്കറിയാം. ഇ ഹെൽത്ത് കേരളയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സ്വന്തമായി ഒരു ഐഡി ഉണ്ടാക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടറായ ദീപു സദാശിവൻ പങ്കിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
ആരോഗ്യ മേഖലയിൽ പോസിറ്റീവ് കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടർ കുറിപ്പിൽ പറയുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് ദീപു സദാശിവൻ മെഡിക്കൽ പഠനം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പോരായ്മകളുണ്ടെങ്കിൽ ഈ മേഖലയിൽ ഏറെദൂരം സംസ്ഥാനം മുന്നോട്ടു പോയതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം
സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് മടുത്തവരോ ആ മടുപ്പ് വിചാരിച്ചു പോവാൻ മടിക്കുന്നവരോ ആണ് നിങ്ങൾ എങ്കിൽ. ഈ പോസ്റ്റ് നിങ്ങൾ വായിക്കണമെന്ന് അപേക്ഷ.
സർക്കാർ ആശുപത്രികളിൽ ഒ പി ടിക്കറ്റിന് ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇന്നുണ്ട്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടുന്നത് eHealth kerala യുടെ വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത് ഒരു പെർമനന്റ് (UHID, C Universal health ID) ഉണ്ടാക്കുക എന്നതാണ്.
ആധാർ ഐഡി കൊടുത്ത് ഒ ടി പി എൻറർ ചെയ്തു ഇത് ഉണ്ടാക്കിയെടുക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. ഇത് ഒരിക്കൽ മാത്രം ചെയ്യേണ്ടുന്ന ഒരു പ്രക്രിയയാണ്. ആശുപത്രികളിൽ ഇത് ചെയ്തു കൊടുക്കുന്ന കൗണ്ടറുകൾ ഉണ്ട്.
ഇതിനുശേഷം വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്തു നിങ്ങൾക്ക് മുൻ പേറായി, ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ അതാത് വിഭാഗങ്ങളിലെ ഒ പി തിരഞ്ഞെടുത്തു ഡോക്ടറുടെ അപ്പോയിൻമെന്റ് ടോക്കൺ എടുക്കാവുന്നതാണ്.
പെർമനന്റ് ഐഡി ഉണ്ടാവുന്നതിന്റെ ഗുണം അത് മാത്രമല്ല നിങ്ങളുടെ മുൻപുള്ള ചികിത്സ വിവരങ്ങളും ലാബ് റിസൾട്ടുകളും മറ്റു മെഡിക്കൽ രേഖകളും എല്ലാം ഇതിലൂടെ ഏത് സമയവും കാണാനും എടുക്കാനും കഴിയും.
പ്രാരംഭ ദശയിലുള്ള ഒരു കാര്യമായത് കൊണ്ട് ചില പരിമിതികൾ ഒക്കെ ഉണ്ടാകുമെങ്കിലും വലിയൊരു വിപ്ലവകരമായ കാൽച്ചുവടാണിത്.
ഈ കാര്യം എത്രപേർക്ക് അറിയാമായിരുന്നു ? പൊതുജനം വേണ്ടവിധത്തിൽ അറിയാതെ ഇത്തരം അനേകം പോസിറ്റീവ് കാര്യങ്ങൾ ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്നുണ്ട്.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ ചിലർ പൊതുവൽക്കരിച്ച് താറടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. പ്രത്യേകിച്ചും ഞാൻ പഠിച്ച കോളേജിനെ പറ്റി. പോരായ്മകൾ ഉണ്ടെങ്കിലും അതോടൊപ്പം തന്നെ പല മേഖലകളിലും വലിയ മുന്നേറ്റം നാം നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒന്നും യാതൊരു ധാരണയുമില്ലാത്തവരാണ് വളരെ ബയസ്ഡ് ആയിട്ട്, സ്ഥാപിത താല്പര്യങ്ങൾ വച്ച് മരുന്നില്ല, സൂചി ഇല്ല, പഞ്ഞിയില്ല എന്നൊക്കെ വസ്തുതകൾ ഒന്നും പരിശോധിക്കാതെ അടച്ച് ആക്ഷേപിക്കുന്നത്. 1980 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ , ക്വാർട്ടേഴ്സിൽ ജീവിക്കുകയും, ജീവിതം ഇഴ ചേരുകയും ചെയ്ത ആളാണ് ഞാൻ.
ഉറപ്പിച്ചു പറയാൻ പറ്റും 1980 തൊട്ട് 30 വർഷത്തിൽ ഉണ്ടായ പുരോഗതിയെക്കാൾ എത്രയോ പതിന്മടങ്ങ് മുന്നോട്ടുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാത്രം അവിടെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതിനെയൊക്കെ പൂർണമായും തമസ്കരിച്ച് ചിലർ നടത്തുന്ന പ്രതികരണങ്ങൾ കണ്ടതുകൊണ്ട് പറഞ്ഞുപോയതാണ്.
ഒരു ജനറൽ ആശുപത്രിയിൽ ദിവസേന അമ്പതോളം രോഗികളെയൊക്കെ പരിശോധിക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അവരിൽ ഒരു ശതമാനം ഒക്കെ മാത്രം ആളുകൾക്ക് ആയിരിക്കും പുറത്തേക്ക് മരുന്നു കുറച്ചു കൊടുക്കേണ്ടി വരിക. അൾട്രാസൗണ്ട് സ്കാനോ സിറ്റി സ്കാനോ എമർജൻസി ആയി ചെയ്യാൻ എഴുതിയാൽ അന്ന് തന്നെ ചെയ്തു കിട്ടും. ബിപിഎൽ രോഗികൾക്ക് വളരെ കുറഞ്ഞ തുകയിലും അഥവാ വളരെ പാവപ്പെട്ട രോഗിയാണെങ്കിൽ അത് പരിഗണിച്ച് പൈസയൊന്നും ചിലവാക്കാതെയും പല പരിശോധനകളും ദിനേന ചെയ്തു കൊടുക്കപ്പെടുന്നുണ്ട്.
എൻറെ ആശുപത്രിയിലെ പബ്ലിക് ടോയ്ലറ്റ് ആണ് ഞാൻ മിക്കപ്പോഴും ഉപയോഗിക്കാറുള്ളത്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നും എനിക്ക് ഉറപ്പിച്ചു പറയാം. ഞാൻ സർവീസിൽ ചേർന്നിട്ട് 20 വർഷമായി.
പരിമിതികളും പരാധീനതകളും ഉണ്ടെങ്കിൽ കൂടി നാം മുന്നോട്ട് തന്നെയാണ് പോകുന്നത് ഏവർക്കും രാഷ്ട്രീയ ഭേദമന്യേ അഭിമാനിക്കാവുന്ന ഒരു സംവിധാനത്തിന് നാടിൻറെ ഭാഗം തന്നെയാണ് നാമെല്ലാം. അതിൽ ചില ദോഷൈക ദൃക്കുകൾക്ക് ഒഴിച്ച് എല്ലാ മനുഷ്യർക്കും പങ്കുണ്ട് എന്നതാണ് സത്യം.
by Midhun HP News | Jul 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയുംഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവം 2025 ആഗസ്റ്റ് 19 മുതൽ 27 വരെ ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിയും പുരസ്കാര വിതരണവും
ജൂലൈ 6 ഞായറാഴ്ച 3 മണിയ്ക്ക് ഇന്നു ഓഡിറ്റോറിയം കച്ചേരിനട ആറ്റിങ്ങലിൽ നടന്നു.
ചടങ്ങിൽ :ഡോ എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ) സ്വാഗതം പറഞ്ഞു.
ഗണേശോത്സവത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ചെയർമാനും രാജധാനിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൻ്റെ ചെയർമാനുമായ ഡോ. ബിജു രമേശ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം ജി.എം മഹേഷ് (കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗം , ജനറൽ ജോയിൻ സെക്രട്ടറി തപസ്യ കലാസാഹിത്യവേദി ചടങ്ങനോടനുബന്ധിച്ച് ശ്രീ ഗണേശോത്സവം പുരസ്കാരം 2025 ൻ്റെ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ ക്ഷേത്ര ഭാരവാഹികളെ ആദരിക്കലും നടന്നു.
ചടങ്ങിൽ ഡോക്ടർ രാധാകൃഷ്ണൻ (എം ഡി അമർ ഹോസ്പിറ്റൽ), ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ ജ്യോതിസ് സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), ബി അനിൽകുമാർ (രക്ഷാധികാരി ഗണേശോത്സവ സമിതി, ജില്ലാ സെക്രട്ടറി കേരള വ്യാപാരി വ്യവസായ സമിതി,)
പൂജാ ഇക്ബാൽ (ജില്ലാ വൈസ് പ്രസിഡൻ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി)
വി അഖിലേഷ് (വിഭാഗ് വിചാർ പ്രമുഖ്), സുജിത് ഭവാനന്ദൻ (ജനറൽ സെക്രട്ടറി തപസ്യ)
ബ്രഹ്മശ്രീ കിഴക്കില്ലo രാജേഷ് നമ്പൂതിരി (പ്രസിഡൻറ് ഗണേശോത്സവ സമിതി)
മധു മുല്ലശ്ശേരി, വക്കം അജിത് (ചെയർമാൻ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ്)എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീ ഗണേശോത്സവ പുരസ്കാരം 2025
കർമമ ശ്രേഷ്ഠ പുരസ്കാരം: വിഷ്ണുപുരം ചന്ദ്രശേഖരൻ (വി.എസ് ഡി.പി സംസ്ഥാന ചെയർമാൻ)
ആദ്ധ്യാത്മിക ജ്യോതി പുരസ്കാരം:ബിജു ശാരദ പത്മനാഭൻ ( അതീത മനശാസ്ത്ര ഗവേഷകൻ എഴുത്തുകാരൻ ആത്മിയ പ്രഭാഷകൻ, esp അതീന്ദ്രിയം ചാനൽ)
പ്രൊഫസർ ജെ. ശ്രുതിലയം കുണ്ഡലിനി യോഗ സെൻറർ, കണ്ണൂർ)
ഡോ ജയ് ഗണേഷ് (ആൾട്ടർനേറ്റീവ് പൈൻ ആൻഡ് റിലീഫ് സെൻറർ കുഴിത്തുറ, തമിഴ്നാട്)
കാവ്യ രത്ന പുരസ്കാരം: പ്രഭാകരൻ ഗോപിനാഥൻ (എം.ഡി. എഡി നോറാ ടൂത്ത് പേസ്റ്റ്)
വിമൽ ബി എസ് (എം ഡി ശ്രേയ മോട്ടേഴ്സ് )
കൃതി ദാസൻ (എം.ഡി. സി എസ് ഏജൻസിസ് ആൻഡ് ഇലക്ട്രിക്കൽസ് )
അനിൽ എസ് (എം.ഡി.മോഡേൺ ബേക്കറി ആറ്റിങ്ങൽ)
അനിൽ . റ്റി (എം.ഡി.ആവണീശ്വരം ഫാർമസി )
സാബു എം ( എം.ഡി.സിറ്റി ഹാർഡ് വെയർ ആലംകോട് )
സജിൻ മുഹമ്മദ് (എം ടി മോഡൽ ഫുഡ് പ്രോഡക്റ്റ്)
ജോഷി ബാസു (ജില്ലാ ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപനസമിതി)
പ്രവാസി രത്നാ പുരസ്കാരം:
രാജൻ, ഊരു പൊയ്ക
പ്രസന്നകുമാർ വി (എംആർഎഫ് ഫ്രാൻചേയ്സിസ് അർജജുൻ ടയേഴ്സ് ആറ്റിങ്ങൽ)എന്നിവർക്കും
മാധ്യമ പുരസ്കാരം:
പ്രതീഷ് എസ് മാതൃഭൂമി,
രാകേഷ് എൻ കെ മലയാള മനോരമ,
സജി കേരളകൗമുദി എന്നിവർക്കും നൽകി ആദരിച്ചു.
കൂടാതെ വിവിധ ക്ഷേത്ര ഭാരവാഹികളെയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി ആദരിച്ചു. ജൂലൈ 12 13 തീയതികളിൽ കണ്ണൂർ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണേശോത്സവ സന്ദേശയാത്ര ആരംഭിക്കും. ആഗസ്റ്റ് 27ന് വർക്കല പാപനാശം കടവിൽ നിമഞ്ജനത്തോടെ ഗണേശോത്സവം സമാപിക്കും.
by Midhun HP News | Jul 7, 2025 | Latest News, ജില്ലാ വാർത്ത
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ പുസ്തക ശേഖരം അദ്ദേഹത്തിൻ്റെ സ്മരണക്കായി മകൻ ആര്യൻ .എസ് .ബി നായർ തക്ഷശില ലൈബ്രറിക്ക് കൈമാറി. തക്ഷശില ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽപ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി.
കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്യാംകൃഷ്ണ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, വനിതവേദി എക്സിക്യൂട്ടീവ് അംഗം പ്രമീളദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ നായർ നന്ദി പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെ നോവലുകൾ, വിജ്ഞാനപഠനഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് സാഹിത്യ രചനകൾ എന്നിവ അടങ്ങിയ പുസ്തകക്കൂടാണ് വായനക്കാർക്കായി കൈമാറിയത്.
by Midhun HP News | Jul 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേനാംഗവും തച്ചൂർകുന്ന് താന്നിമൂട്ട് വിളവീട്ടിൽ സരളയുടെ പേഴ്സാണ് കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്ന വഴി തച്ചൂർകുന്നിനും ആറ്റിങ്ങലിനും ഇടയിൽ നഷ്ടപ്പെട്ടത്. ആധാർ കാർഡ്, നഗരസഭയുടെ ഐഡി കാർഡ്, ഹെൽത്ത് കാർഡ് കൂടാതെ 700 രൂപയും പേഴ്സിൽ ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ അറിയിക്കുക.
964518 6059
Recent Comments