by Midhun HP News | Jul 5, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തള്ളി മന്ത്രി വി എന്‍ വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് മന്ത്രി വാസവന്റെ പ്രതിരോധം.
”അപകടം ഉണ്ടായതിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയില്‍ മന്ത്രി വി എന്‍ വാസവനെതിരെയും പ്രതിഷേധം അരങ്ങേറി. അങ്കമാലിയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഡിഎംഒ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ റീത്ത് വച്ചയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
by Midhun HP News | Jul 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.
ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.
by Midhun HP News | Jul 5, 2025 | Latest News, കേരളം
നെടുമങ്ങാട് പാലോട് 5 ലക്ഷത്തിലധികം വിലവരുന്ന ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍ രഹസ്യവിവരത്തെ തുടർന്ന് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കല്‍ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുള്‍ ജലീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാർ പോർച്ചില്‍ നിന്ന് ഒരു ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനവും വീടിന് പിറകില്‍നിന്ന് 3 ചാക്ക് ചന്ദനവുമാണ് പിടികൂടിയത്.102 കഷണം ചന്ദനവും ചീളുകളുമാണ് കണ്ടെത്തിയത്. പരിചയക്കാരനായ ഒരാള്‍ അങ്ങാടി മരുന്ന് എന്ന വ്യാജേന സൂക്ഷിക്കാൻ ഏല്പിച്ചതാണെന്ന അബ്ദുള്‍ ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോട് വീട്ടില്‍ മുഹമ്മദ് അലി (41),കല്ലുവാതുക്കല്‍ നടക്കല്‍ സജീവ് (49) എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചലില്‍ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പിടികൂടി.ഇവർ കൂടി കണ്ണികളായ ഒരു സംഘത്തെ ഇക്കഴിഞ്ഞ മാർച്ച് 18ന് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വൻ റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും ചന്ദനമരം കണ്ടെത്തി വിലപേശുന്ന സംഘം, ചന്ദനമരം കിട്ടിയില്ലെങ്കില്‍ മുറിച്ചു കടത്തുകയാണ് പതിവ്. പ്രതികളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ ബിന്ദു,ഡോണ്‍,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.പ്രതികളെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. ബസിന്റെ ട്രെയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു.
മേല്‍ഭാഗം തുറന്ന ബസില്‍ ഇരുന്ന് കാഴ്ചകള്‍ കാണാന്‍ പറ്റുന്ന നഗരത്തിന്റെ റൂട്ടുകളാണ് പരിഗണിച്ചത്. ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ തുടങ്ങുന്ന യാത്ര തേവര, കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റ് അവന്യൂ വഴി വോക്ക് വെയില്‍ എത്തി തിരിച്ച് മഹാരാജാസ് കോളജിന്റെ മുന്നിലൂടെ ഹൈക്കോടതി ജംങ്്ഷന്‍ ഗോശ്രീ പാലം വഴി കാളമുക്ക് ജംങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന രീതിയിലാണ് ആദ്യ റൂട്ട്.
യാത്രാ നിരക്ക് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ച് മുതല്‍ 8.30 വരെയാകും യാത്ര.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി.
പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 മുതല്‍ 2024 വരെ 18 വസയില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ എറണാകുളം സിറ്റിയിലാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 53 കേസുകളാണ് നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഡേറ്റയില്‍ നിന്നും പ്രാദേശിക പ്രവണതകള്‍, പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന ദൗര്‍ബല്യം തുടങ്ങി മയക്കുമരുന്നുപയോഗത്തിന്റെ കാരണങ്ങള്‍ എന്നിവ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി ഒരു കേന്ദ്രീകൃത പഠനം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ഫൊറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തത് മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു. സര്‍ക്കാരും വിശദീകരണം നല്‍കണം. പോക്‌സോ കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്. 2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ്അസ്‌ന
Recent Comments