ഇരുചക്ര വാഹന യാത്രികർക്ക് പുതിയ സുരക്ഷാമാനദണ്ഡങ്ങൾ!

ഇരുചക്ര വാഹന യാത്രികർക്ക് പുതിയ സുരക്ഷാമാനദണ്ഡങ്ങൾ!

പുതിയ ഇരുചക്രവാഹന സുരക്ഷാ നിയമങ്ങളെക്കുറിച്ച് ഭാരത സർക്കാർ ഒരു കരട് വിജ്ഞാപനം പുറത്തിറക്കി. ജൂൺ 23, 2025-നാണ് ഈ വിജ്ഞാപനം വന്നത്. ഇത് നമ്മുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന നല്ലൊരു നീക്കമാണ്. സർക്കാരിന്റെ ഈ ദീർഘവീക്ഷണത്തെ അഭിനന്ദിച്ചേ മതിയാകൂ!

പുതിയ നിയമങ്ങളിലെ പ്രധാന കാര്യങ്ങൾ ഇവയാണ്:

* രണ്ട് ഹെൽമെറ്റ് നിർബന്ധം: ഇനി മുതൽ പുതിയ ഇരുചക്രവാഹനം വാങ്ങുമ്പോൾ രണ്ട് ഹെൽമെറ്റുകൾ ഒപ്പം നൽകണം.

* BIS അംഗീകൃത ഹെൽമെറ്റുകൾ: ഈ ഹെൽമെറ്റുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.

* ABS നിർബന്ധം: 2026 ജനുവരി മുതൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാണ്. എൻജിൻ വലുപ്പം എത്രയാണെങ്കിലും ഇത് ബാധകമാണ്.

* എല്ലാ വാഹനങ്ങൾക്കും ബാധകം: എൻജിൻ വലുപ്പം നോക്കാതെ എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും.

ഈ നിയമങ്ങൾ അന്തിമ വിജ്ഞാപനമായി പുറത്തിറങ്ങിക്കഴിഞ്ഞാൽ മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നമ്മുടെയെല്ലാം സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഈ തീരുമാനം തീർച്ചയായും സ്വാഗതാർഹമാണ്. അപകടങ്ങൾ കുറയ്ക്കാനും ജീവൻ രക്ഷിക്കാനും ഇത് വലിയൊരു സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരും നിയമങ്ങൾ പാലിച്ച് സുരക്ഷിതരായി യാത്ര ചെയ്യുക!

കല്ലുവെട്ടി ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം നടന്നു

കല്ലുവെട്ടി ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം നടന്നു

തോന്നയ്ക്കൽ ജി.സജി സ്മാരക ഗ്രന്ഥശാലയിൽ വായന മാസാചരണം വാർഡ് മെമ്പർ എം.ബീന ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി.ഹരികുമാർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.

ഗ്രന്ഥശാല അംഗം ദീപ്തകീർത്തി വായനാദിനത്തെ കുറിച്ചുള്ള പ്രസംഗവും കവിതയും ആലപിച്ചു. കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.ഷഫ്ന ജെ. എസിനെ ആദരിച്ചു. 10, 12 ക്ലാസുകളിൽ ഫുൾ എപ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. എൽ.കെ.ജി. മുതൽ പ്ലസ് ടൂ വരെയുള്ള ഗ്രന്ഥശാല അംഗങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യതു. സെക്രട്ടറി കിരൺകുമാർ സ്വാഗതവും ലൈബ്രറേറിയൻ കെ.ദിവാകരൻ നായർ നന്ദിയും പറഞ്ഞു.

തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ യുപിഎസ് സി നല്‍കിയ ചുരുക്കപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി മുഖ്യമന്ത്രി വിശദീകരിച്ചു. ഷോര്‍ട്ട് ലിസ്റ്റിലുള്ള മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. ലിസ്റ്റിലുള്ളവരില്‍ തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍ ആണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലാണ് പുതിയ പൊലീസ് മേധാവിയെ നിയമിച്ചത്. പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍ അവിടെ നിന്നും വിടുതല്‍ വാങ്ങി, കേരളത്തില്‍ രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. പുതിയ പൊലീസ് മേധാവി ചുമതലയേറ്റെടുക്കുന്നതുവരെ, ഡിജിപിയുടെ താല്‍ക്കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ആന്ധ്രാപ്രദേശ് വെസ്റ്റ് ​ഗോദാവരി സ്വദേശിയാണ്. നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.

‘കാന്‍സര്‍ രോഗചികിത്സ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’; കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 സമാപിച്ചു

‘കാന്‍സര്‍ രോഗചികിത്സ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’; കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 സമാപിച്ചു

തിരുവനന്തപുരം: അര്‍ബുദ രോഗചികിത്സാ മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും ഗവേഷണത്തിന്റെ വഴിത്തിരിവുകളും ചര്‍ച്ച ചെയ്ത് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് സമാപനമായി. രണ്ട് ദിവസം നീണ്ടു നിന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സജീവ ചര്‍ച്ചകള്‍ നടന്നു. എട്ട് വിഭാഗങ്ങളിലായിട്ട് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇരുനൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച cancer opinion survey യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കാന്‍സര്‍ രോഗചികിത്സ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെട്ടു. അര്‍ബുദ രോഗ ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , കാന്‍സര്‍ ചികിത്സാ മേഖലയുടെ പ്രാപ്യത, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത , കാന്‍സര്‍ ചികിത്സാ മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെയും തുടര്‍ പഠനങ്ങളുടെയും ആവശ്യകത, കാന്‍സര്‍ പരിചരണത്തിലെ ജീനോമിക്സും പ്രിസിഷന്‍ മെഡിസിനും; പൂര്‍ണ്ണമായ സാധ്യതകള്‍, കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, എന്നിവ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചാ വിഷയമായി.

അര്‍ബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടര്‍മാരായ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ നിന്നുള്ള ഡോ ഷാജി കുമാര്‍ , അമേരിക്കയിലെ തന്നെ റോസ് വെല്‍ പാര്‍ക്കില്‍ നിന്നുള്ള ഡോ സാബി ജോര്‍ജ് , എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍ ഡോ പ്രമീഷ് സി എസ് , മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍, ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ സെന്ററിലെ വിദഗ്ദ്ധന്‍ ഡോ രാകേഷ് ജലാലി , തുടങ്ങിയവര്‍ സംസാരിച്ചു . അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള ഭാരവാഹികളായ ഡോ ബോബന്‍ തോമസ് സ്വാഗതവും ഡോ അജു മാത്യു നന്ദിയും പറഞ്ഞു

കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല, മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം; കീം ഫലം ഉടന്‍

കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയില്ല, മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം; കീം ഫലം ഉടന്‍

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശനവുമായി (കീം) ബന്ധപ്പെട്ട് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കി മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് അംഗീകാരം. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിര്‍ദേശിച്ചത്. അതില്‍ ഒന്ന് സ്വീകരിച്ച് എന്‍ട്രന്‍സ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്താണ് നിലവിലെ ഏകീകരണം. എന്നാല്‍ ഈ രീതി കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം കൊണ്ട് വരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു വരികയാണ്. ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്നതാണ് വ്യാപക പരാതിക്ക് ഇടയാക്കുന്നത്.

പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാര്‍ക്ക് ഏകീകരണത്തില്‍ അഞ്ച് തരം മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് വിദഗ്ധ സമിതി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലിരിക്കെയാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിച്ചത്.

മാര്‍ക്ക് ഏകീകരണ സമയത്ത് സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധത്തിലുള്ള ഫോര്‍മുലയ്ക്കാണ് അംഗീകാരം നല്‍കിയത്. പുതിയ ഫോര്‍മുല അനുസരിച്ച് സിബിഎസ്ഇ കുട്ടികള്‍ക്ക് ആയാലും സംസ്ഥാന സിലബസ് കുട്ടികള്‍ക്ക് ആയാലും ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായാലും പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്ത് കൊണ്ടായിരിക്കും ഏകീകരണം ഉണ്ടാക്കുക.യോഗ്യത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ കുറയാത്ത വിധമാണ് ഫോര്‍മുല. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ കീം ഫലം വരുമെന്നാണ് വിലയിരുത്തല്‍.

വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തോട് പ്രിയമേറുന്നു, അപേക്ഷകളില്‍ വന്‍ വര്‍ധന

വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തോട് പ്രിയമേറുന്നു, അപേക്ഷകളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിലെ കോളജുകളിലും സര്‍വകലാശാലകളിലും പഠനത്തിന് താത്പര്യം പ്രകടിപ്പിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ കേരളത്തെ ഉന്നത പഠനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിച്ചെന്നാണ് കണക്കുകള്‍. കേരള സര്‍വകലാശാലയാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഇതുവരെ 81 രാജ്യങ്ങളില്‍നിന്ന് 2620 പേരാണ് കേരള സര്‍വകലാശാലയില്‍ മാത്രം വിവിധ വിഭാഗങ്ങളില്‍ പഠനത്തിനായി വിദേശത്ത് നിന്നും അപേക്ഷിച്ചിെട്ടുള്ളത്. കുസാറ്റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 1761 അപേക്ഷകളാണ് കുസാറ്റില്‍ ലഭിച്ചിട്ടുള്ളത്. എം ജി സര്‍വകലാശാലയില്‍ ഇതുവരെ 982 അപേക്ഷകള്‍ വിദേശ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റിക്കല്‍ സയന്‍സ് പഠന വിഭാഗത്തിലാണ് കേരള സര്‍വകലാശാലയില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.

2021ല്‍ കേരള സര്‍വകലാശാലയില്‍ പഠനത്തിനായി 1100 വിദേശ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. 2022ല്‍ 1400 പേരും 2023-ല്‍ 1,600 പേരും 2024-ല്‍ 2,600 പേരും അപേക്ഷിച്ചു. ഈ വര്‍ഷത്തെ 2620 അപേക്ഷകളില്‍ 1,265 എണ്ണം ബിരുദ കോഴ്‌സുകളിലേക്കും 1,020 എണ്ണം ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 335 എണ്ണം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുമാണ്. നിലവില്‍, കൊളംബിയ, പെറു, യുഎസ്എ തുടങ്ങി 52 രാജ്യങ്ങളില്‍ നിന്നുള്ള 205 വിദേശ വിദ്യാര്‍ത്ഥികള്‍ ഐസിസിആര്‍ സ്‌കോളര്‍ഷിപ്പുകളിലൂടെയും സ്വയം ധനസഹായത്തോടെയും കേരള സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട്.

എംജി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠന വിഭാഗത്തിലും കുസാറ്റ്, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ബി ടെക് കോഴ്‌സിനും വിദേശ വിദ്യാര്‍ഥികള്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. യുഎസ്എ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, ചൈന, ഇറാഖ്, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ സര്‍വകലാശാലകള്‍ കോളജുകള്‍ എന്നിവിടങ്ങളിലായി കേരളത്തില്‍ നിലവില്‍ അഞ്ഞുറില്‍ അധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കേരള സര്‍വകലാശാല (215), എം ജി (141), സാങ്കേതിക സര്‍വകലാശാല (50), കാലിക്കറ്റ് (46), കുസാറ്റ് (63), ന്യുവാല്‍സ് (2), കണ്ണൂര്‍ (1) എന്നിങ്ങനെയാണ് വിദേശ വിദ്യാര്‍ഥികളുടെ കണക്ക്. വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനായി കേരളത്തെ തെരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയ്ക്കുള്ള അംഗീകാരമാണെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉരുന്ന വാദം.