കെഎസ്എഫ്ഇയിൽ നിന്ന് ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക തട്ടി; കളക്ഷൻ ഏജന്റ് അറസ്റ്റിൽ

കെഎസ്എഫ്ഇയിൽ നിന്ന് ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക തട്ടി; കളക്ഷൻ ഏജന്റ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശിയും കെഎസ്എഫ്ഇ ചിട്ടി കളക്ഷൻ ഏജന്റുമായ അഭിജിത് (30) ആണ് പിടിയിലായത്.

2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ശരണ്യ ജയന് ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന് ധരിപ്പിച്ച് സാം രാജിനെ വെച്ച് ആൾമാറാട്ടം നടത്തി. ശരണ്യ ജയന്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. വിശ്വാസ വഞ്ചനയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ തീരുമാനം. പ്രത്യേക മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവില്‍ കേന്ദ്ര കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ എ ചന്ദ്രശേഖർ. ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് സ്‌പെഷ്യൽ ഡയറക്ടർ ആയ റവാഡ ചന്ദ്രശേഖറിനെ വരുന്ന ഓഗസ്റ്റ് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സി ഐ എസ് എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഇൻസ്‌പെക്ടർ ജനറലാലും പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി എഎസ്പി ആയിരിക്കെ കൂത്തുപറമ്പ് പോലീസ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖറിന്റ പങ്കിനെച്ചൊല്ലി മുൻപ് വിവാദമുണ്ടായിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം സർവീസിൽ തിരിച്ചെത്തുകയും പിന്നീട് കേന്ദ്ര സർവീസിലേക്ക് മാറുകയും ചെയ്തു. 2026 ജൂലൈ വരെയാണ് സംസ്ഥാന പൊലീസ് മേധാവി കാലാവധി. ഷെയ്ക്ക് ദർവേഷ് സഹേബ് വിരമിച്ചതോടെയാണ് നിയമനം.

കേരള എന്‍ജിനിയറിങ് പ്രവേശനം: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വരെ അവസരം

കേരള എന്‍ജിനിയറിങ് പ്രവേശനം: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വരെ അവസരം

തിരുവനന്തപുരം: 2025 – 26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കാന്‍ അവസരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം പ്രൊഫൈലും പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2332120, 2338487.

സംസ്ഥാനത്ത് മഴ കുറയുന്നു, നാളെ മുതല്‍ മുന്നറിയിപ്പ് ഇല്ല; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുന്നു, നാളെ മുതല്‍ മുന്നറിയിപ്പ് ഇല്ല; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ദുരിതം നേരിട്ട കേരളത്തിന് ആശ്വാസമായി മഴ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് മൂന്ന് നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)- ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി GD സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു

തൃശൂര്‍ : കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് സൂംബാ അസോസിയേഷന്‍; പങ്കെടുത്ത് വിദ്യാഭ്യാസ മന്ത്രിയും

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് സൂംബാ അസോസിയേഷന്‍; പങ്കെടുത്ത് വിദ്യാഭ്യാസ മന്ത്രിയും

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആരംഭിച്ച സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സൂംബാ അസോസിയേഷന്റെ പ്രതിഷേധ സൂംബ. സെക്രട്ടറിയേറ്റിന് മുന്നില്‍ സൂംബ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ സൂംബ ഫ്‌ലാഷ് മോബ് അരങ്ങേറി. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുത്തു.

വര്‍ക്കൗട്ടായോ വ്യായാമമായോ മാത്രം കാണേണ്ട സൂംബ ഡാന്‍സിനെതിരെ മുംസ്ലിം സംഘടനകള്‍ കൂട്ടത്തോടെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. സ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച സൂംബ പരിശീലനം ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന് നേരെയുള്ള ലംഘനമാണെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ വിമര്‍ശനം.

കൃത്യമായ പരിശീലനം ലഭിച്ചവരല്ല, സൂംബ ഇന്‍സ്ട്രക്ടര്‍മാരെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി എത്തിയത്. ഒരു ഫിറ്റ്നസ് കാര്‍ഡിയോ വര്‍ക്കൗട്ട് ആയി കാണേണ്ട പദ്ധതിയെ വസ്ത്രധാരണത്തിന്റെയും ഡിജെ പരിപാടിയെന്ന് ആക്ഷേപിച്ചും മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സുംബാ അസോസിയേഷന്റെ സൂംബാ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില.

കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്.കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില.

ഒരു മാസത്തിനിടെ നൂറു രൂപയാണ് വെളിച്ചെണ്ണയ്ക്ക് മാത്രം വിലക്കൂടിയത്. ക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലം എത്തുമ്പോഴേക്കും ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.