സ്‌കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍; ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതെന്ന് സമസ്ത

സ്‌കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍; ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതെന്ന് സമസ്ത

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. ടി കെ അഷറഫിനെ പിന്തുണയ്ച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സമുദായ സംഘടനങ്ങള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.

പൊതു വിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണെന്നും ആണും പെണ്ണും കൂടികലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല എന്നായിരുന്നു അധ്യാപകന്‍ കൂടിയായ ടി കെ അഷറഫിന്റെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ തയാറല്ല, ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കും. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും ടി കെ അഷറഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ എന്ന പേരില്‍ സൂംബ ഡാന്‍സ് ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും യുവാക്കള്‍ അഭിരമിക്കുന്ന കാലമാണിത്. പിരിമുറുക്കം കുറക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സൂംബാ ഡാന്‍സിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് ടി കെ അഷറഫിന്റെ വാദം.

എന്നാല്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വസ്ത്ര ധാരണം വിഷയമാക്കേണ്ടതില്ലെന്നുമാണ് വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സൂംബയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രേഖാമൂലമുള്ള പരാതികള്‍ മുന്നിലില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ

തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ

തേങ്ങയുടെ വില കുതിക്കുകയാണ്. കിലോയ്ക്ക് 72 മുതല്‍ 80 രൂപ വരെയായി വില. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 400 രൂപ കൊടുക്കണം. എന്നിട്ടും കര്‍ഷകന്റെ ദുരിതം ഒഴിയുന്നില്ല. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് കര്‍ഷകന്റെ അവസ്ഥ. തേങ്ങയ്ക്കു മാത്രമല്ല, ചിരട്ടയ്ക്കും തൊണ്ടിനും ഡിമാന്‍ഡ് കൂടി. പക്ഷെ ഉത്പ്പാദനം കുത്തനെ കുറഞ്ഞതിനാല്‍ വില്‍ക്കാന്‍ തേങ്ങയില്ലാത്ത അവസ്ഥ.

വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകാരും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാതാക്കളും കയറ്റുമതി സ്ഥാപനങ്ങളും തേങ്ങയ്ക്കായി നെട്ടോട്ടമോടുകയാണ്. കൂടിയ വിലയ്ക്ക് തേങ്ങാ വാങ്ങിയാല്‍ കയറ്റുമതിയില്‍ വന്‍ നഷ്ടം നേരിടുന്നു എന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യയ്ക്കുള്ളില്‍ വില്‍ക്കുന്ന തേങ്ങാ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാം, പക്ഷെ കയറ്റുമതി വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ കഴിയില്ല. ശ്രീലങ്കയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വില നിയന്ത്രിച്ചു നിര്‍ത്തുകയെ വഴിയുള്ളൂ.

‘ഞങ്ങള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് തേങ്ങ ശേഖരിക്കുന്നത്. ഇക്കുറി ഉത്പ്പാദനം കുറഞ്ഞതിനാല്‍ തേങ്ങയുടെ ദൗര്‍ലഭ്യം ബിസിനസിനെ ബാധിച്ചു. ഓര്‍ഡര്‍ അനുസരിച്ചു ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തില്ലെങ്കില്‍ ബിസിനസ് നഷ്ടമാവും, എന്നാല്‍ വില കൂട്ടാനും പറ്റില്ല. ഇപ്പോള്‍ തന്നെ ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ തേങ്ങയുടെ ഉത്പാദനം കൂടുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ പ്രതിസന്ധി ഒരു മാസം കൂടി തുടര്‍ന്നേക്കും. നിലവില്‍ ആവശ്യത്തിന് തേങ്ങ കിട്ടാത്തതിനാല്‍ ഫാക്ടറി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തൊഴിലാളികളുടെ വര്‍ക്ക് ഷിഫ്റ്റ് പുനഃക്രമീകരിക്കേണ്ടി വന്നു,’ കൊച്ചിയിലെ ഒരു പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

എന്നാല്‍ ഉത്പാദനത്തിലെ കുറവ് മാത്രമല്ല പ്രശ്‌നമെന്ന് തെങ്ങു ഗവേഷകര്‍ പറയുന്നു. തെങ്ങു കയറ്റക്കാരെ കിട്ടാതായതും കൂലി വര്‍ധനവും മൂലം ചെറുകിട ഇടത്തരം കര്‍ഷകര്‍ 45 ദിവസം കൂടുമ്പോളുള്ള ഒഴിവെട്ട് വേണ്ടെന്നു വച്ചു. പൊഴിഞ്ഞു വീഴുന്ന തേങ്ങ വീട്ടിലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ ഇടനിലക്കാര്‍ക്കു തേങ്ങ കിട്ടാതെയായി. കൂടാതെ തെങ്ങിന്റെ വാര്‍ഷിക തടം തുറക്കലും വളമിടലും മണ്ട വൃത്തിയാക്കലും എല്ലാം നിലച്ചു. ഇതോടെ തെങ്ങുകളുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. നാളീകേര വികസന ബോര്‍ഡ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ 33000 തെങ്ങുകയറ്റക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം രൂപീകരിച്ചപ്പോള്‍ സന്നദ്ധരായി മുന്നോട്ടു വന്നത് 675 പേര് മാത്രം. തെങ്ങുകയറ്റക്കാര്‍ തെങ്ങൊന്നിന് 70 മുതല്‍ 100 രൂപവരെ കൂലി ചോദിക്കുമ്പോള്‍ കൂലി കൊടുക്കാനുള്ള തേങ്ങ പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരിഭവപ്പെടുന്നു.

തേങ്ങയുടെ ഉത്പാദനം കുറഞ്ഞിട്ടുണ്ട് എന്ന് നാളീകേര വികസന ബോര്‍ഡും സമ്മതിക്കുന്നു. ‘കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന, മഴക്കുറവ് എന്നിവ തെങ്ങുകളുടെ ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏകദേശം 38% തെങ്ങുകളും പ്രായമേറിയവയാണ്. ഇതുമൂലം ഉത്പാദനം കുറയുന്നു. കൂടാതെ കീടബാധയും രോഗങ്ങളും മൂലം തെങ്ങുകള്‍ നശിക്കുകയാണ്. കേരളത്തിലെ തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഉത്പാദന വര്‍ധനയ്ക്കുള്ള നിരവധി പദ്ധതികള്‍ ഞങ്ങള്‍ നടപ്പാക്കി. ഇത് കൂടാതെ പ്രതിവര്‍ഷം 20 കോടി രൂപ തെങ്ങു കൃഷി പ്രോത്സാഹനത്തിനായി നാളീകേര വികസന ബോര്‍ഡ് കേരളത്തില്‍ ചെലവഴിക്കുന്നു. ഉത്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ മറ്റ് വിളകളിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്തി തെങ്ങുകൃഷി ആദായകരമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം,-‘ മുഖ്യ നാളീകേര വികസന ഓഫീസര്‍ ബി ഹനുമന്ത ഗൗഡ പറയുന്നു.

‘ചെറുകിട നാമമാത്ര കര്‍ഷകര്‍ തെങ്ങുകൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഉയര്‍ന്ന കൂലിയും വളത്തിന്റെ വിലവര്‍ധനവും ഒക്കെ കാരണങ്ങളാണ്. നൂറു രൂപ കൂലികൊടുത്തു തെങ്ങുകയറ്റക്കാരെ വിളിച്ചാല്‍ ഒരു തെങ്ങില്‍ നിന്ന് രണ്ടോ മൂന്നോ തേങ്ങയാണ് കിട്ടുക. പിന്നെ കൂലി കൊടുക്കാന്‍ കടം വാങ്ങണം. അതുകൊണ്ടു കര്‍ഷകര്‍ കൊഴിഞ്ഞു വീഴുന്ന തേങ്ങ പെറുക്കി വീട്ടാവശ്യത്തിന് ഉപയോഗിക്കുകയാണ്. ചില വന്‍കിട തോട്ടക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പണിക്കാരെ വിളിച്ചു തേങ്ങയിടീക്കുന്നുണ്ട്. അവര്‍ തോട്ടി ഉപയോഗിച്ചാണ് തേങ്ങയിടുന്നത്,’ പാലക്കാട്ടെ കര്‍ഷകനായ പാണ്ടിയോടു പ്രഭാകരന്‍ പറഞ്ഞു.

അതേസമയം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ കടന്നുകയറ്റവും വിപണിയിലെ തേങ്ങയുടെ ദൗലഭ്യത്തിന് കാരണമായിട്ടുണ്ട്. വെളിച്ചെണ്ണയെക്കൂടാതെ, നിര്‍ജ്ജലീകരിച്ച തേങ്ങ, തേങ്ങാപ്പാല്‍, തേങ്ങാപാല്‌പ്പൊടി, കരിക്കിന്‍വെള്ളം, ചിരട്ടക്കരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) തുടങ്ങി മുപ്പത്തിയഞ്ചോളം ഉത്പന്നങ്ങള്‍ തേങ്ങയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ഇത്തരം 800 കമ്പനികള്‍ കേരളത്തിലുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതി 25 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം 4349 കോടി രൂപയുടെ ഉത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇതില്‍ 1031 കോടിയുടെ ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖത്തു നിന്നാണ് കയറ്റിയയച്ചത്.

തേങ്ങയുടെ കയറ്റുമതിയില്‍ അടുത്തകാലത്തു വലിയ വര്‍ദ്ധന് വന്നിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളും കയറ്റുമതിക്കുള്ള തേങ്ങ കേരളത്തില്‍ നിന്നാണ് വാങ്ങുന്നത്. കേരളത്തിലെ തേങ്ങയുടെ പ്രത്യേക രുചിയും ഗുണനിലവാരവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുന്ന തേങ്ങയ്ക്കില്ലെന്നു അവര്‍ പറയുന്നു. തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 63 ശതമാനവും ചിരട്ടക്കരിയില്‍ നിന്ന് തയ്യാറാക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ ആണ്. ഇതിനു അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡാണ്. ഇത് മൂലം ചിരട്ടയുടെ വില കിലോയ്ക്ക് 8 രൂപയില്‍ നിന്ന് 30 രൂപയായി ഉയര്‍ന്നു. യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മൂലം ആ രാജ്യത്തേക്കുള്ള തേങ്ങയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 636 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ആണ് യു എ ഇയിലേക്ക് കയറ്റുമതി ചെയ്തത്.

കേരളത്തില്‍ 2024 – 25 ല്‍ 5200 ദശലക്ഷം തേങ്ങയാണ് ഉത്പാദിപ്പിച്ചത്. 2022 – 23 നെ അപേക്ഷിച്ചു 440 ദശലക്ഷം തേങ്ങ കുറവാണിത്. തേങ്ങയുടെ വിലയിടിവ് മൂലം കര്‍ഷകര്‍ തെങ്ങു കൃഷി മതിയാക്കി മറ്റു വിളകളിലേക്കു കുടിയേറിയതാണ് കാരണം. ഇടക്കാലത്തു തെങ്ങുകള്‍ വെട്ടി നീക്കി റബ്ബര്‍ വെച്ചവര്‍, റബ്ബറിന് വിലകുറഞ്ഞപ്പോള്‍ റംബുട്ടാന്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളില്‍ തേങ്ങ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനാല്‍, തെങ്ങു കൃഷിക്ക് ഭാവിയുണ്ടെന്നു നാളീകേര വികസന ബോര്‍ഡ് പറയുന്നു.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ; നാളെ വീണ്ടും ശക്തിപ്രാപിക്കും, ജാഗ്രത

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ; നാളെ വീണ്ടും ശക്തിപ്രാപിക്കും, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചുജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാളെ ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഞായറാഴ്ച മഴ കുറയുമെന്നാണ് പ്രവചനം. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : വീട്ടുടമയ്‌ക്കെതിരെ കേസെടുക്കണം’; എസ് സി/എസ് ടി കമ്മിഷന്‍ ഉത്തരവ്

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : വീട്ടുടമയ്‌ക്കെതിരെ കേസെടുക്കണം’; എസ് സി/എസ് ടി കമ്മിഷന്‍ ഉത്തരവ്

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കും. എസ്സി – എസ്ടി കമ്മിഷനാണ് വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.

അമ്പലമുക്കില്‍ വീട്ടു വീട്ടുജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു കവര്‍ന്നെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് അപമാനിക്കുകയായിരുന്നു.ഇതിനു പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇപ്പോള്‍ യുവതി നല്‍കിയ പരാതിയില്‍ എസ് സി എസ് ടി കമ്മീഷന്‍ ഓമനക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ദളിത് സ്ത്രീ സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെ എത്തിയവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കേളകം പൊലീസില്‍ പരാതി നല്‍കി.

താരത്തിന്റെ ഫോട്ടോയെടുക്കുന്നത് തടയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചെന്നും ആരോപണം.

വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കാര്യമായ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍

വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കാര്യമായ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം വന്നിട്ടുണ്ട്.

പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാന്‍ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ട്. ഇന്നലെ ഇസിജി ടെസ്റ്റിന് വി.എസിനെ വിധേയമാക്കിയിരുന്നു. ഇതിന്റെയടക്കമുള്ള പരിശോധനാഫലത്തിന് ശേഷമായിരിക്കും മെഡിക്കല്‍ സംഘം കൃത്യമായ നിഗമനത്തില്‍ എത്തുക.