ഹജ്ജ് കർമ്മത്തിനിടെ ഹൃദയാഘാതം, കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി മരണപ്പെട്ടു

ഹജ്ജ് കർമ്മത്തിനിടെ ഹൃദയാഘാതം, കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി മരണപ്പെട്ടു

കല്ലമ്പലം: ഞാറയിൽക്കോണം മഹല്ല് അംഗമായ പുതുശ്ശേരി മുക്ക് കോട്ടമല സ്വദേശി ബുഹാരി(71)യാണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും. ഭാര്യ: ഷംഷാദ് ബീഗം, മകൾ: ഇംതിയാസ്.

വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ

വേനലവധി: ഒരു കുടുംബത്തിന്റെ ടിക്കറ്റിന് 3,66,420 രൂപ

ദുബൈ: യുഎഇയിൽ മധ്യവേനൽ അവധി ആരംഭിച്ചതോടെ നാട്ടില്‍ കുറച്ചു മഴയും പ്രകൃതിഭംഗിയുമൊക്കെ ആസ്വദിക്കാമെന്ന് കരുതിയ മലയാളികൾക്ക് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ. വിമാന നിരക്ക് കുത്തനെ ഉയർത്തിയാണ് കമ്പനികൾ പണി തന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വ്യോമപാതകൾ പല രാജ്യങ്ങളും അടച്ചതോടെ സർവീസുകൾ പലതും മുടങ്ങിയിരുന്നു. ഇതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം ഇതേ റൂട്ടിൽ യാത്ര ചെയ്യാമെന്ന് കമ്പനികൾ ഓഫർ നൽകിയതോടെ കൂടുതൽ ആളുകൾ അവരുടെ യാത്രയും നീട്ടി വെച്ചു. ഇതൊക്കെയാണ് വിമാനനിരക്കുകൾ കുത്തനെ കൂടാൻ കാരണം.

പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് നാട്ടിലേക്കുള്ള വിമാനങ്ങളിൽ ബാക്കി ഉള്ളത്. ആ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ 4 മുതൽ 13 ഇരട്ടി വരെ തുക നൽകണം.

യുഎഇ-കേരള സെക്ടറിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ സർവീസുകൾ കുറവാണെന്നുള്ളതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുക ആണെങ്കിൽ പരമാവധി 4 മണിക്കൂർ മാത്രമാണ് യാത്ര സമയം. എന്നാൽ കണക്ഷൻ വിമാനങ്ങളുടെ യാത്ര സമയം 16 മണിക്കൂർ വരെയാണ്. ഇത്രയും നീണ്ട സമയം യാത്ര ചെയ്യേണ്ടി വരുന്നതിനാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത് എന്ന് കൂടി ഓർക്കണം.

ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് യാത്ര ചെയ്യുക ആണെകിൽ നേരിട്ടുള്ള വിമാന സർവീസുകൾ തീരെ കുറവാണ്. പകരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 43000 രൂപയാണ്. കൊച്ചിയിലേക്കും കോഴിക്കോടേക്കും 62000 രൂപയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക്. ഈ നിരക്കിൽ യാത്ര ചെയുക ആണെകിൽ യാത്ര സമയം 8 മുതൽ 23 മണിക്കൂർ വരെയാകും. അതായത് ഒരു നാലംഗ കുടുംബം ഇന്ന് ദുബൈയിൽ നിന്നും യാത്ര തിരിച്ചു തിരുവനന്തപുരത്ത് എത്തി ഓഗസ്റ്റ് 31ന് തിരിച്ചു പോകുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 3,66,420 രൂപ നൽകേണ്ടി വരും.

സമാനമായ നിരക്കുകൾ ആണ് കൊച്ചിയിലെയും കോഴിക്കോട് നിന്നുള്ള സർവീസുകൾക്കും നൽകേണ്ടി വരുക. ഇത്രയും കൂടിയ നിരക്കുകൾ നൽകി ടിക്കറ്റ് എടുക്കണോ അതോ കുട്ടികളെ ഏതെങ്കിലും സമ്മർ ക്യാമ്പുകളിൽ വിട്ട് ഗൾഫിൽ തന്നെ തുടരണോ എന്ന ആലോചനയിലാണ് പലരും.

മരുമകളെ ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി; ഭര്‍തൃപിതാവ് അറസ്റ്റില്‍

മരുമകളെ ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി; ഭര്‍തൃപിതാവ് അറസ്റ്റില്‍

ഫരീദാബാദ്: ഹരിയാന ഫരീദാബാദിലെ യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കൊന്നു കുഴിച്ചുമൂടുന്നതിന് മുന്‍പ് യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍തൃമാതാവും കൊലപാതകത്തില്‍ പങ്കാളിയാണ്. കൊലപാതക കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്.

ഭര്‍തൃപിതാവ് ഭൂപ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായ വിവരം ലഭിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഭൂപ് സിങ് കുറ്റസമ്മത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 24കാരിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ഏപ്രില്‍ 15നാണ്. ഇതില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃമാതാവും പങ്കാളിയാണ്. കൊലപാതക പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21 ന് രാത്രിയാണ് കൊലപാതകം നടന്നതെന്ന് ഭൂപ് സിങ് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവദിവസം യുവതിയുടെ ഭര്‍ത്താവ് അരുണ്‍ ഭാര്യയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതിന് പിന്നാലെ ഇരുവരും രണ്ടുമുറികളിലായി ഉറക്കത്തിലായി. പ്ലാന്‍ അനുസരിച്ച് കൊല്ലാന്‍ ഭൂപ് സിങ് യുവതിയുടെ മുറിയിലേക്ക് പോയി. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അബോധാവസ്ഥയിലായ മരുമകളെ കൊല്ലുന്നതിനുമുമ്പ്, ഭൂപ് സിങ് ബലാത്സംഗം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത കാര്യം ഭൂപ് സിങ് ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കുറച്ച് സമയത്തിന് ശേഷം, ഭൂപ് സിങ് അരുണിനെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. തെരുവില്‍ കുഴി ഉണ്ടാക്കി അതിലിട്ടാണ് മൃതദേഹം മൂടിയത്. തുടര്‍ന്ന് കുഴി മലിനജല സംവിധാനത്തിനാണ് നിര്‍മ്മിച്ചതെന്ന് പറഞ്ഞു അയല്‍വാസികളെ പ്രതികള്‍ വിശ്വസിപ്പിച്ചു. യുവതിയെ കാണാതായ രണ്ടുമാസക്കാലം ഇക്കാര്യം ഭര്‍തൃവീട്ടുകാര്‍ മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരുണുമായുള്ള യുവതിയുടെ വിവാഹം.

ജൂലൈ ഏഴ് ദേശീയ അവധി; സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ജൂലൈ ഏഴ് ദേശീയ അവധി; സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ഡൽ‌ഹി: റമദാന്‍ കഴിഞ്ഞാല്‍ ഇസ്ലാം അവരുടെ രണ്ടാമത്തെ പുണ്യ മാസമായി കണക്കാക്കുന്നത് മുഹറമാണ്. ഇസ്ലാമിക് കലണ്ടറായ ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ നാലു പുണ്യ മാസങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാണ് മുഹറം.

ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭം കുറിക്കുന്ന മുഹറം, ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ച് ഇന്ത്യയില്‍ ജൂലൈ 6 അല്ലെങ്കില്‍ 7 തീയതികളിലാണ് ആചരിക്കുക. നിലവില്‍ ഔദ്യോഗിക തീയതി ജൂലൈ 6 ആണ്. എന്നാല്‍ ചന്ദ്രക്കല കാണുന്നത് അനുസരിച്ച് അവധി ജൂലൈ 7 ലേക്ക് മാറിയെന്നും വരാം. മുഹറം ആചരിക്കുന്ന ദിവസം രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയ്ക്ക് അവധിയായിരിക്കും.

അതിനിടെ മുഹറം പ്രമാണിച്ച് ജൂലൈ 7 ( തിങ്കളാഴ്ച) ഇന്ത്യയില്‍ ദേശീയ അവധിയായി പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുകയാണ്. ഇത് വിശ്വസിച്ച് പലരും വീട്ടിലേക്ക് പോകാനും മറ്റും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രകള്‍ പ്ലാന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ജൂലൈ 7 ദേശീയ അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

താജ് മഹലില്‍ ചോര്‍ച്ച, പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി

താജ് മഹലില്‍ ചോര്‍ച്ച, പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്‌കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.

ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ആറുമാസമെങ്കിലും വേണ്ടിവരും പണി പൂര്‍ത്തിയാകാന്‍ എന്നാണ് നിഗമനം. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു.

താജ് മഹലിന്റെ പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തിനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ടെന്നുമാണ് ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനയിലെ വിലയിരുത്തല്‍.

ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുപണി ആരംഭിക്കുമെന്നും താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍ ആണ് മൃതദേഹം അടിഞ്ഞത്. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.

തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. ആലത്തൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് പ്രണവ്.

പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.