by Midhun HP News | Jun 27, 2025 | Latest News, കേരളം
കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.
ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിന്റെ മുന്‍സീറ്റില്‍ ആഷിഖിനെ മരിച്ച നിലയില്‍ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോള്‍ ഓടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്.
അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാല്‍പാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം.
തുടര്‍ന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചത്. ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യര്‍ഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാന്‍ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിക്കുകയായിരുന്നു.
തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാന്‍ ഷഹാന ആഷിഖിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.
കേസില്‍ ഷഹാനയും ശിഹാബുമാണ് പ്രതികള്‍. ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ശിഹാബിന് അറിയാമായിരുന്നു. അതില്‍നിന്നു പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടര്‍ന്ന് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ ശിഹാബ് പീഡന പരാതി കൊടുപ്പിച്ചു.
21 ദിവസം ആഷിഖ് ജയിലില്‍ കഴിഞ്ഞു. പിന്നീടും ഇരുവരും അടുപ്പം തുടര്‍ന്നെങ്കിലും ആഷിഖ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് പ്രശ്‌നമായി. ഷഹാന ഇതിന്റെ പേരില്‍ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഷഹാനയുടെ നഗ്‌നചിത്രങ്ങളടക്കം തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ആഷിഖ് പറഞ്ഞതോടെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
by Midhun HP News | Jun 27, 2025 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ജൂണ്‍ മാസത്തില്‍ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത് എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബജറ്റില്‍ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് 900 കോടി രൂപയാണ് കോര്‍പ്പറേഷന് വകയിരുത്തിയത്. ഇതില്‍ 388 കോടി രൂപ മൂന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി കോര്‍പ്പറേഷന് ലഭിച്ചതായും ധനമന്ത്രി അറിയിച്ചു.
by Midhun HP News | Jun 27, 2025 | Latest News, കേരളം
കോട്ടയം: ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽ വീട്ടിൽ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7നു മാർക്കറ്റിൽ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ എത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറെനേരമായി കാർ നിർത്തിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ ക്രിസ്റ്റിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
by Midhun HP News | Jun 27, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ല്‍ താഴെ. പവന് 680 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 72000 രൂപയില്‍ താഴെയെത്തിയത്. 71,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 8985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 2000 രൂപയാണ് കുറഞ്ഞത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജല ഉപയോഗത്തിന് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂഗര്‍ഭജലം പാഴാക്കുന്നത് തടയുന്നതിനും ദുരുപയോഗം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കം. വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തില്‍ 22 പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മതിയായ വെള്ളം എത്തിക്കുന്ന നിലയില്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി പറയുന്നു. ‘പൈലറ്റ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്” ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതിക്കായി കേന്ദ്രം 1,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നികുതി നിരക്ക് സംസ്ഥാനങ്ങള്‍ നിശ്ചയിക്കും. ‘ വെള്ളത്തിന്റെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണെന്ന് കുടിവെള്ള, ശുചിത്വ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അശോക് കെ മീണയും വ്യക്തമാക്കുന്നു.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന
മദ്യ, രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ജീരകശാല റൈസ് ബ്രാൻഡായ ഐ മാക്സ് ഗോൾഡ് റൈസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ
പൊതുജന താൽപര്യാർത്ഥം അണിയിച്ചൊരുക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലീം “ഡെയിഞ്ചറസ് വൈബിൻ്റെ” ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.
സി.പി അബ്ദുൽ വാരിഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്, അപ്പുണി ശശി, സി.ടി.കബീർ, ഇന്ദിര, സോഷ്യൽ മീഡിയ ഇൻഫുളൻസർമാരായ അൻഷി, പാണാലി ജുനൈസ്, സലാം ലെൻസ് വ്യൂ, സുഹാസ് ലാംഡ, ലോറൻസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ “ഡെയിഞ്ചറസ് വൈബിൻ്റെ” കഥയും, എഡിറ്റിങ്ങും, സംവിധാനവും ഫൈസൽ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്. ജൂലൈ മാസത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും. പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.
Recent Comments