by Midhun HP News | Jun 25, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഷിഹാബിനെയും ഷഹാനയെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഷിക്കിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിക്ക് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണ് ഷഹാന ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
by Midhun HP News | Jun 25, 2025 | Latest News, കേരളം
തൊടുപുഴ: അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്.
അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടര്‍ന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു മറഞ്ഞു.
by Midhun HP News | Jun 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും.
ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.
അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവി സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് ആറംഗ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഉദ്യോഗസ്ഥര്‍. ഇതില്‍ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും അടുത്ത വര്‍ഷം വിരമിക്കും. പൊലീസ് മേധാവി പദവി ലഭിച്ചാല്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടും.
സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ഒന്നാമത്തെയാളും, മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലാത്ത ഓഫീസര്‍ എന്നതും നിതിന്‍ അഗര്‍വാളിന് സാധ്യത കൂട്ടുന്നു. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് മേധാവി പദവിയില്‍ നിന്നാണ് കേരള കേഡറിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരക്കൈമാറ്റവും നടക്കും.
by Midhun HP News | Jun 25, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
by Midhun HP News | Jun 25, 2025 | Latest News, കേരളം
തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. നിലവില്‍ എറണാകുളം മേഖല യൂണിയന്‍ മാത്രമാണ് മില്‍മ ചെയര്‍മാന് ശുപാര്‍ശ നല്‍കിയത്.
പാല്‍വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് എറണാകുളം മേഖല യൂണിയന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മൂന്നു മേഖലകളുടേയും നിര്‍ദേശം പരിഗണിച്ചശേഷം 30 ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പാല്‍വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കും.
പാല്‍വില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മില്‍മ ചെയര്‍മാന്‍ കെ എസ് മണി സൂചിപ്പിച്ചിരുന്നു. വിവിധ മേഖലാ യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കും. വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും മണി പറഞ്ഞു. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
by Midhun HP News | Jun 25, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Recent Comments