നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 18 ദിവസം മാത്രമാണുള്ളത്.

അവധി ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡല പര്യടനങ്ങള്‍ പുരോഗമിക്കുകയാണ്. തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് സുധീര്‍ കരമന, കാസര്‍കോട് ഷാനവാസ് പാദൂരും, താനൂരില്‍ മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്തഫയും എത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നാളെ തുടങ്ങും. അല്‍പ്പം വൈകിയാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കളം നിറഞ്ഞുകഴിഞ്ഞു. 16 ദിവസമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലായി 29 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അങ്കമാലിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ( നാലെണ്ണം) സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും പത്രിക നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലും വൈപ്പിനിലും ഒരാള്‍ പോലും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാളെ പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല ഉത്സവം നാളെ കൊടിയേറും; ഇന്ന് നട തുറക്കും

ശബരിമല: പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച മുതല്‍ രാവിലെ 7 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ.

രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേക സമയം ചുരുക്കിയത്. ഉത്സവബലി നടക്കുന്നതിനാല്‍ രണ്ടാംഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനത്തിനാണ് പിന്നീട് അനുവദിക്കുക. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ 25,000 പേര്‍ക്കുമാത്രമേ ദര്‍ശനം അനുവദിക്കൂ. ആറാട്ട് ദിവസം 10,000 പേര്‍ക്കേ ദര്‍ശനത്തിന് അവസരമുള്ളൂ.

എന്നാല്‍ വൈകീട്ട് 5 ന് നടതുറന്നതിന് ശേഷമുള്ള ദര്‍ശനം പതിവുപോലെ ഉണ്ടാകു. . 31-നാണ് പള്ളിവേട്ട. ക്ഷേത്രത്തില്‍നിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഏപ്രില്‍ ഒന്നിന് ഭഗവാന് പമ്പയില്‍ ആറാട്ട്. അന്ന് രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. പമ്പാനദിയിലെ പ്രത്യേകം തയ്യാറാക്കുന്ന കടവിലാണ് 11 മണിക്ക് ആറാട്ട്. അന്ന് രാത്രി 10 ന് നട അടയ്ക്കും.

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.

റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

ന്യൂഡല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളില്‍ ഇറാനോട് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.

ഈദുല്‍ ഫിത്വര്‍, നൗറൂസ് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. പശ്ചിമേഷ്യയിലെ അസ്ഥിരതകള്‍ മാറി സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പങ്കുവച്ചു. മേഖലാ വികസനങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ സജീവമക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇറാന്‍ സ്വീകരിച്ചുവരുന്ന നടപടിയില്‍ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

ചെന്നൈ: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം. 2024 മേയില്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച റവ.എ. ധര്‍മരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവില്‍ മഹാഇടവക വൈസ് ചെയര്‍മാന്‍ ആണ് റവ.പ്രിന്‍സ്റ്റണ്‍ ബെന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്.

2024 സെപ്റ്റംബര്‍ മുതല്‍ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്‌ഐ എംഎം കത്തീഡ്രലില്‍ നടക്കും.

‘ആറ്റിങ്ങൽ അയ്യപ്പൻ’ പൊലീസ് പിടിയിൽ

‘ആറ്റിങ്ങൽ അയ്യപ്പൻ’ പൊലീസ് പിടിയിൽ

കൊലപാതകക്കേസിലും ആക്രമണക്കേസിലും പ്രതിയായ ആറ്റിങ്ങൽ അയ്യപ്പൻ പോലീസ് പിടിയിൽ. കൊലപാതകക്കേസിലും, വധശ്രമം, ആക്രമണക്കേസിലും പ്രതിയായ ചിറയിൻകീഴ്, ബി.ടി.എസ് റോഡ് സുബ്രമണ്യവിലാസം വീട്ടിൽ രാമചന്ദ്രൻ നായർ മകൻ 55 വയസ്സുള്ള ബിജു @ ആറ്റിങ്ങൽ അയ്യപ്പനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

ഇയ്യാൾക്കെതിരെ നേരത്തെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി മ്യൂസിയം പോലീസ് പോത്തൻകോട് നടത്തിയ പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത്. മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ ഗീരീഷ്, എസ്.ഐ സായ് സേനൻ, പ്രൊബേഷൻ എസ്.ഐ മാരായ ജെയ്സൺ ജോസഫ്, സുധീഷ്, അരുൺ, അനീഷ്, എ.എസ്.ഐ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.