സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

‘റിസര്‍വേഷന്‍ ഉറപ്പാക്കാതെ യാത്ര വേണ്ട’; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെര്‍ത്തുകളുടെ 25 ശതമാനം മാത്രം

‘റിസര്‍വേഷന്‍ ഉറപ്പാക്കാതെ യാത്ര വേണ്ട’; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെര്‍ത്തുകളുടെ 25 ശതമാനം മാത്രം

ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച് റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി. ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. നടപടി ഈ ആഴ്ച മുതല്‍ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല.

നേരത്തെ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍ മുന്നൂറ് വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും തര്‍ക്കങ്ങള്‍ക്കും പലപ്പോഴും കാരണമാവുകയും ചെയ്തിരുന്നു. പുതിയ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍.

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

ഡല്‍ഹി: സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന, മാനവികതയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പതിപ്പിന് ഈ യോഗ ദിനം അടയാളപ്പെടുത്തട്ടെ. ഇന്ന് ആഗോള സമാധാനത്തിന്റെ തുടക്കമാകട്ടെ. അതിരുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പ്രായത്തിനും കഴിവിനും അതീതമായി യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ലോകത്തെ ഇത് ഒന്നിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി യോഗ മാറിയിരിക്കുന്നു. സിഡ്നി ഓപ്പറ ഹൗസായാലും എവറസ്റ്റ് പര്‍വതമായാലും സമുദ്രത്തിന്റെ വിസ്തൃതിയായാലും യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്നതാണ് സന്ദേശം.’- നരേന്ദ്ര മോദി പറഞ്ഞു.

ജൂണ്‍ 21 ന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ആഘോഷിക്കുന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ‘Yoga for One Earth, One Health’ ആണ്. കോടിക്കണക്കിന് ആളുകള്‍ ഇന്ന് യോഗയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതായും മോദി പറഞ്ഞു. ‘നമുക്ക് യോഗയെ ഒരു വിപ്ലവമാക്കി മാറ്റാം. സന്തുലിതാവസ്ഥയും ഐക്യവും കൈവരിക്കുന്നതിന് യോഗയിലൂടെ ഓരോ ദിവസവും ആരംഭിക്കുക,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ സംസാരിച്ചു. പ്രധാനമന്ത്രി മോദി യോഗയെ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ജനപ്രിയമാക്കിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. എയര്‍ ഇന്ത്യയുടെ സുപ്രധാന ചുമതലകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കി. വിമാന കമ്പനിയുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം – ബോയിങ് 787-8 ഡ്രീംലൈനര്‍ – വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. വിമാനയാത്രികര്‍ക്ക് പുറമെ പ്രദേശ വാസികളായ 28 പേരും മരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡിഡിസിഎ നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപണി ഉള്‍പ്പെടെ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതിനുള്ള മാനദണ്ഡങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാത്ത എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ദേശം നിലനില്‍ക്കെ തന്നെ സര്‍വീസ് നടത്തിയെന്നും ആക്ഷേപങ്ങളുണ്ട്.

സദാചാര വിചാരണയില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

സദാചാര വിചാരണയില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തനിക്കെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായെന്ന് കണ്ണൂര്‍ കായലോട് സദാചാര വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ മൊഴി. മര്‍ദ്ദിച്ചതിനും ഫോണ്‍ തട്ടിയെടുത്തതിനും യുവതിയുടെ സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുബബിര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരാണ് പ്രതികള്‍. തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പിണറായി പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഫോണ്‍ തട്ടിയെടുക്കല്‍, മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കെ പിടിച്ചിറക്കി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും മൂന്ന് മൊബൈല്‍ ഫോണുകള്‍ ബലം പ്രയോഗിച്ച് കൈക്കലാക്കിയതായും റഹീസിന്റെ മൊഴിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നതാണ് കേസ്. തന്നെ മര്‍ദ്ദിച്ചത് യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണെന്നും യുവാവ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണം റഹീസ് നിഷേധിച്ചു. മൂന്നര വര്‍ഷം മുന്‍പ് യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ കുടുംബം ആരോപിച്ചത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. യുവതിയുടെ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയില്‍ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം.

നേരത്തെ യുവതിയുടെ സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരുകൂട്ടം ആളുകള്‍ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ യുവാവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ യുവതിയുടെ സുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് പൊലീസ് പറഞ്ഞിരുന്നു.

യുവതി ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്നാണ് കഴിഞ്ഞദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് പറഞ്ഞത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

യുവതിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയ്യില്‍ നിന്നാണെന്നും കമ്മീഷണര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂര്‍ യുവാവിനെ ചോദ്യം ചെയ്തതായും കമ്മീഷണര്‍ പറഞ്ഞു. യുവതിയുടെ മരണത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

ജഗതിയെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ പങ്കുവച്ചത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചില സിനിമകളിലും അദ്ദേഹം അടുത്തിടെ വീണ്ടും വേഷമിട്ടിരുന്നു. എങ്കിലും പൂര്‍ണ പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.