by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ് സ്വാഗതം ആശംസിച്ചു.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് ആർ എസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പിടിഎ പ്രവർത്തന റിപ്പോർട്ടും
സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന ആശംസ അർപ്പിച്ചു.
തുടർന്ന് നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ 21 അംഗ പുതിയ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു, ആദ്യ യോഗം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് എസിനെ പി ടി എ പ്രസിഡന്റ് ആയും ബാബു രാജീവിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.
9 അംഗ മദർ പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഡോ.സൗമ്യ എൽ നെ മദർ പി ടി എ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.


by Midhun HP News | Jan 31, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ.
റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഇന്ന് 6320 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.


by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
ബാംഗ്ലൂർ: ഇന്ന് ഇന്‍കംടാക്‌സ് റെയ്ഡിനിടെയാണ് ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ് സംഭവം.
റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്.
റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും സജീവമായിരുന്നു കോൺഫിഡൻ്റ് ഗ്രൂപ്പ്.
by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ ജീവനക്കാരന് 43 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും അടയ്ക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്നും കോടതി ഉത്തരവിട്ടു.
2021 സെപ്തംബർ 30നും ഒക്ടോബർ 15നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ഒപ്പം ആരുമില്ലാതിരുന്ന സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ സ്റ്റേഷനിലെ വി വി ദിപിൻ, വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കി.
by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം ഇന്നാണ് തീയേറ്ററുകളിലേക്ക് എത്തിയത്. പ്രകമ്പനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരം മരണപ്പെടുന്നത്. പ്രകമ്പനം റിലീസിന് നവാസിന്റെ കുടുംബവും എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി സ്‌ക്രീനില്‍ കാണാന്‍ അവരുമെത്തുകയായിരുന്നു. വിതുമ്പിക്കരഞ്ഞു കൊണ്ടാണ് നവാസിന്റെ ഭാര്യയും മകനും തിയേറ്ററില്‍ നിന്നിറങ്ങിയതും.
തിയേറ്ററിന് പുറത്തിറങ്ങിയതും രഹ്നയെ യൂട്യൂബര്‍മാരും പാപ്പരാസികളും വളഞ്ഞു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും സാധിക്കാതെ വിതുമ്പിക്കരയുകയായിരുന്നു രഹ്ന. ഉമ്മയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മകന്‍ സോഷ്യല്‍ മീഡിയയുടെ നോവായി മാറുകയാണ്. ഇതിനിടെ രഹ്നയുടെ വേദന മനസിലാക്കാതെ ചോദ്യങ്ങളുമായി ഓടിക്കൂടിയ യൂട്യൂബര്‍മാര്‍ക്ക് ശക്തമായ വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
തിയേറ്ററില്‍ നിന്നും വികാരഭരിതയായി പുറത്തേക്ക് വന്ന രഹ്നയെ മൊബൈല്‍ ക്യാമറകളുമായി യൂട്യൂബര്‍മാര്‍ സമീപിക്കുകയായിരുന്നു. നവാസിക്ക അവസാനമായി അഭിനയിച്ച സിനിമയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു യൂട്യൂബേഴ്‌സിന്റെ ചോദ്യം. തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് രഹ്ന ഒഴിഞ്ഞുമാറി. എന്നാല്‍ യൂട്യൂബേഴ്‌സിന് താരത്തെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ക്യാമറക്കണ്ണുകള്‍ താരത്തെ വളഞ്ഞു. ഇതിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ രഹ്നയെ മകന്‍ ചേര്‍ത്തു പിടിക്കുകയായിരുന്നു.
ശക്തമായ വിമര്‍ശനങ്ങളാണ് യൂട്യൂബേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ‘ഈ സമയത്തു ഒക്കെ എന്ത് അഭിപ്രായം ചോദിക്കാന്‍. അവരുടെ ഭര്‍ത്താവിനെ ജീവനോടെ സ്‌ക്രീനില്‍ കാണാന്‍ വന്നതാവും. ആ സങ്കടത്തില്‍ ഒക്കെ എന്ത് മറുപടി പറയാനാ’ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
”ഇവന്മാരെ കൊണ്ട് ഒരുപാടു ഉപദ്രവം ഉണ്ടാവുണ്ട് ഫോണും കൊണ്ട് ഇങ്ങനെ ഇറങ്ങിക്കോളും അവസാനം ആയി അഭിനയിച്ചത് എന്ന് അവര്‍ക്ക് അറിയാം എടുത്ത് ചോദിച്ചു ആ സ്ത്രീയെ കരയിപ്പിച്ചു അതുകൊണ്ട് റീച് ഉണ്ടാക്കി എന്ത് കിട്ടുന്നു ഡോ. ..ഇതിനു എതിരെ നിയമം ഇല്ലേ അനുവാദം ഇല്ലാതെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിനു എതിരെ എന്തെങ്കിലും നിയമം കൊണ്ട് വരണം മരണ വീട്ടില്‍ പോലും രക്ഷ ഇല്ല, എന്തു മനുഷ്യരാണ് ഇത്.. കഷ്ടം.. വെറുതെ വിട്ടു കൂടെ.. സ്വന്തം ഇമോഷന്‍സ് മാത്രം ഇന്നത്തെ കാലത്ത് നോക്കിയ മതി എന്നാണോ” എന്നും ചിലര്‍ പറയുന്നു.
”എന്തൊരു കഷ്ടമാ..എങ്ങനെ ചോദിക്കാന്‍ തോന്നുന്നു. എത്രമാത്രം വിഷമിക്കുന്നെന്ന് രഹ്നയുടെ മുഖം കണ്ടിട്ട് എങ്കിലും ഇവര്‍ക്കൊക്കെ മനസിലാവില്ലേ, എവിടെ, എപ്പോള്‍. എങ്ങനെ സംസാരിക്കണം എന്ന് ബോധമില്ലാത്ത മനുഷ്യര്‍, അവര്‍ക്കു സംസാരിക്കാന്‍ പോലും വയ്യ. ആ മുഖവും നില്‍പ്പും കണ്ടാല്‍ അറിയാം ഉള്ളിലെ വേദന എത്ര ആണെന്ന്. കുറച്ചു മനുഷ്യത്വം കാണിക്കു. അവരുടെ ഒരു അഭിപ്രായം കിട്ടിയിട്ട് വേണോ നിങ്ങള്ക്ക് വീട്ടില്‍ അരി മേടിക്കാന്‍? കഷ്ടമാണ്. നിങ്ങളുടെ വീട്ടിലും കാണില്ലേ അമ്മയും പെങ്ങളും ഭാര്യയും ഒക്കെ ആയി സ്ത്രീകള്‍, അവസാനം ആയിട്ടു അഭിനയിച്ച എന്നൊക്കെ പറയുമ്പോള്‍ എത്ര ഇമോഷണല്‍ ആവും എന്ന് നിനക്ക് അറിയില്ല എന്തൊരു ഉളുപ്പ് കെട്ട ജന്മം ആണ്” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.


by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.
രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും, പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിൽ വിവിധ തൊഴിൽ മേഖലകളായ പരമ്പരാഗത-കശുവണ്ടി-കയർ-കൈത്തറി-മത്സ്യബന്ധനവും-വിപണനവും-സംസ്ഥാനത്തെ വാണിജ്യ-വ്യാപാര-സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളിൽ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ,സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികൾ 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.
തൊഴിലുടമകൾക്കെല്ലാം ട്രേഡ് യൂണിയനുകൾ പണിമുടക്കിന് 14 ദിവസം മുൻപേ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. പത്ര – മാധ്യമ രംഗത്തെ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും എന്ന് അവരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖലാ പ്രചാരണ ജാഥകൾ ഫെബ്രുവരി 12 ലെ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി ജനുവരി 31നകം ജില്ലാ കൺവൻഷനുകൾ പൂർത്തീകരിക്കും. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി 5നകം പൂർത്തീകരിക്കും. ഏരിയ/മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 നു മുൻപ് വാഹന പ്രചാരണ ജാഥകളും, വിളംബര ജാഥകളും സംഘടിപ്പിക്കും. സോഷ്യൽ മീഡിയ, പ്രിന്റ് മീഡിയ പ്രചാരണം വ്യാപകമാക്കും. ഫെബ്രുവരി 12 നു പണിമുടക്കിന് ശേഷം തൊഴിലാളികൾ എല്ലാ ജില്ലകളിലും ഏരിയ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും.


Recent Comments