by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ പതിനാറാമത് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നു. സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള കണക്കെടുപ്പോട് കൂടിയ സെന്‍സസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ ബൃഹത്തായ നടപടികളാണ് സെന്‍സസിന്റെ ഭാഗമായുണ്ടാവുക. 34 ലക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ നടപടിക്രങ്ങളുടെ ഭാഗമാകും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടക്കുന്ന ഇത്തവണത്തെ സെന്‍സസില്‍ ഇത്തരം ക്രമീകരണങ്ങള്‍ക്കായി മാത്രം 1.3 ലക്ഷം ഉദ്യോഗസ്ഥരുണ്ടാകും. ജാതി സെന്‍സസും ഇതിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കുക. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങള്‍, സ്വത്ത് വിവരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ജനസംഖ്യാ കണക്കെടുപ്പ് എന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും വ്യക്തിയുടെയും എണ്ണം, സാമൂഹിക – സാമ്പത്തിക, സാംസ്‌കാരിക, വിശദാംശങ്ങള്‍ ശേഖരിക്കും. വിവര ശേഖരണത്തില്‍ ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിവരങ്ങളുടെ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കിക്കൊണ്ടായിരിക്കും സെന്‍സ് പുര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിക്കുന്നു.
പതിനാറാമത് സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | Jun 16, 2025 | Latest News, കേരളം
ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തന്‍ചന്ത പ്രസന്ന ഭവനത്തില്‍ ശിവന്‍കുട്ടി കെ പിള്ള(65) ആണ് മരിച്ചത്.
രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതി പിടിയിലായതായാണ് സൂചന.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: ഇസ്രയേലുമായി സംഘര്‍ഷം തുടരവേ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ നടപടി സ്വീകരിച്ച് ഇറാന്‍. ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ഇറാന്‍ അറിയിച്ചു.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.
അതിര്‍ത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വാഹന സവിശേഷതകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാന്‍ ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിയും നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ടെഹ്‌റാന്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.
ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്‌സ് അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും ഇന്ത്യന്‍ പൗരന്മാരോട് അവരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി അത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ഹജ്ജ് തീര്‍ഥാടകരുമായ വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. SV 312 വിമാനത്തില്‍ തീ കണ്ട ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്‍ലൈന്‍സ് ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ടെൽഅവീവ്: ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ 10 പേർ ഇതുവരെ കൊല്ലപ്പെട്ടു.
ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിട്ടത്. തെഹ്റാനിൽ ഇറാന്റെ സൈനിക കേന്ദ്രം തകർക്കുന്ന ദൃശ്യം ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. പാർച്ചിൻ, ഫോർദോ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇറാന്റെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയ ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വടക്കൻ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചു. ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയിലും ആക്രമണം നടന്നു. ടെൽ അവീവിൽ നിരവധി കെട്ടിടങ്ങളും തകർന്നു.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ തൃഷയുടെ മാതാപിതാക്കള്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചത്.
സിപ്‌ലൈന്‍ കേബിള്‍ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛന്‍ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തൃഷ. വീഴ്ചയില്‍ തൃഷയുടെ കാലില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോള്‍ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അപകടം നടന്ന ശേഷം തങ്ങളെ സഹായിക്കാന്‍ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
മണാലിയിലെ പ്രധാന ആകര്‍ഷണമാണ് രണ്ടുമലകള്‍ക്ക് നടുവിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെയായി വലിച്ചിട്ടുള്ള സിപ് ലൈന്‍. പ്രകൃതിഭംഗി ആസ്വദിച്ച് പുഴയ്ക്ക് കുറുകെയുള്ള ലൈനിലൂടെ ഒരു മലയില്‍നിന്ന് എതിര്‍ഭാഗത്തുള്ള മലയിലേക്ക് പറന്നിറങ്ങുന്നതുപോലെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
Recent Comments