by Midhun HP News | Jun 16, 2025 | Latest News, കേരളം
ആറ്റിങ്ങൽ: അവനവഞ്ചേരി പോസ്റ്റ് ഓഫീസിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം വർഷങ്ങളായി കാട് കയറിയ നിലയിലാണ്. കാട്ടുപന്നികളുടെ ആവാസകേന്ദ്രമാറിയ ഈ ഭൂമി ഉടൻ വൃത്തിയാക്കണമെന്ന് കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എസ് ലെനിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻ്റ് ടി.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ്, സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സി.ദേവരാജൻ, എസ്.സിന്ധു, സി.ചന്ദ്രബോസ്, കെ.രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളന പ്രതിനിധികൾക്ക് ഏത്തവാഴ തൈകൾ വിതരണം ചെയ്തു. ഭാരവാഹികളായി ടി ദിലീപ് കുമാർ (പ്രസിഡൻറ്) രാധാകൃഷ്ണൻ നായർ, കോമളകുമാരി, ഭാസി (വൈസ് പ്രസിഡൻ്റ്) കെ രാധാകൃഷ്ണൻ കുറുപ്പ്(സെക്രട്ടറി) എസ്. കൃഷ്ണദാസ്, ശ്യാമള അമ്മ ( ജോ: സെക്രട്ടറി) എം. താഹിർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
by Midhun HP News | Jun 16, 2025 | Latest News, കേരളം
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ (welfare pension) ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2016-21 ലെ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തത്. അതായത്, ഒന്‍പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയാണെന്നും കെ എന്‍ ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jun 16, 2025 | Latest News, കായികം
മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് പോരാട്ടം കൊളംബോയില്‍ അരങ്ങേറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയില്‍ വരില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്.
ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.
സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയില്‍ നടത്താനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് അരങ്ങേറിയത്. സമാനമായാണ് കൊളംബോ വനിതാ പോരാട്ടത്തിനു വേദിയാകുന്നത്.
ഒക്ടോബര്‍ രണ്ടിന് ബംഗ്ലാദേശുമായും ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയുമായും പാകിസ്ഥാന്‍ കൊളംബോയില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ട് (ഒക്ടോബര്‍ 15), ന്യൂസിലന്‍ഡ് (ഒക്ടോബര്‍ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 21), ശ്രീലങ്ക (ഒക്ടോബര്‍ 24) എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് മത്സരങ്ങള്‍. എല്ലാ പോരാട്ടങ്ങളും കൊളംബോയില്‍ അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒക്ടോബര്‍ ഒന്നിന് അവരുടെ ആദ്യ പോരില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്‍ഡോറിലാണ് മത്സരം.
എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടമായിരിക്കും. ലീഗ് ഘട്ടത്തില്‍ 28 മത്സരങ്ങളും നോക്കൗട്ടില്‍ മൂന്ന് മത്സരങ്ങളുമായിരിക്കും. ബംഗളൂരു, ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് വേദികള്‍. ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29നാണ്. ഗുവാഹത്തിയാണ് വേദി. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് ബംഗളൂരുവിലോ കൊളംബോയിലോ അരങ്ങേറും.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സര ക്രമം
ഇന്ത്യ- ശ്രീലങ്ക: സെപ്റ്റംബര്‍ 30, ബംഗളൂരു
ഇന്ത്യ- പാകിസ്ഥാന്‍: ഒക്ടോബര്‍ 5, കൊളംബോ
ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 9, വിശാഖപട്ടണം
ഇന്ത്യ- ഓസ്‌ട്രേലിയ: ഒക്ടോബര്‍ 12, വിശാഖപട്ടണം
ഇന്ത്യ- ഇംഗ്ലണ്ട്: ഒക്ടോബര്‍ 19, ഇന്‍ഡോര്‍
ഇന്ത്യ- ന്യൂസിലന്‍ഡ്: ഒക്ടോബര്‍ 23, ഗുവാഹത്തി
ഇന്ത്യ- ബംഗ്ലാദേശ്: ഒക്ടോബര്‍ 26, ബംഗളൂരു
by Midhun HP News | Jun 16, 2025 | Latest News, കേരളം
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. മറ്റന്നാള്‍ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എവിടെയും റെഡ് അലര്‍ട്ടില്ല. അതേസമയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വനയാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ചെവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൡ യെല്ലോ അലര്‍ട്ടും, ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. നിലവിലുള്ളവര്‍ക്കും പുതിയ വായ്പക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാന്‍ ഇത് സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.
ജൂണ്‍ 6ന് ആര്‍ബിഐ മുഖ്യപലിശനിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായാണ് ആര്‍ബിഐ നടപടി. കൂടാതെ കരുതല്‍ ധനാനുപാതവും ആര്‍ബിഐ കുറച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് എസ്ബിഐ നടപടി.
അതിനിടെ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ജൂണ്‍ 15 മുതല്‍ തന്നെ പുതിയ ടേം ഡെപ്പോസിറ്റ് നിരക്കുകളും പ്രാബല്യത്തില്‍ വരും. പുതുക്കിയതോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിക് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമായി. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായി പലിശ കുറച്ചു.
3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനവും 5 മുതല്‍ 10 വര്‍ഷത്തേയ്ക്കുള്ള പലിശനിരക്ക് 6.05 ശതമാനമായും കുറഞ്ഞു. ‘444 ദിവസത്തെ’ (അമൃത് വൃഷ്ടി) പ്രത്യേക നിക്ഷേപ കാലയളവ് പദ്ധതിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. 6.85 ശതമാനത്തില്‍ നിന്ന് 6.60 ആയാണ് പരിഷ്‌കരിച്ചത്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ സേവനം (reliance jio) തകരാറിലായി. നിരവധി ഉപയോക്താക്കളാണ് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല എന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തുവന്നത്. മണിക്കൂറുകള്‍ നീണ്ട തകരാറിന് ശേഷം മൂന്ന് മണിയോടെ സേവനം പുനഃസ്ഥാപിച്ചു.
രാവിലെ മുതല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ സിഗ്‌നലുകള്‍, ജിയോ ഫൈബര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ആളുകളാണ് പരാതിപ്പെട്ടത്. മിക്ക പരാതികളും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. ഏകദേശം 56 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. അതേസമയം, 29 ശതമാനം പേര്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടു. ഏകദേശം 15 ശതമാനം പേരാണ് ജിയോ ഫൈബറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിരാശരായ ഉപയോക്താക്കള്‍ അവരുടെ ഫോണുകളില്‍ കാണിക്കുന്ന ‘നോ സര്‍വീസ്’ സന്ദേശങ്ങളും ശൂന്യമായ സിഗ്‌നല്‍ ബാറുകളും അടങ്ങുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു. പലരും കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ടാഗ് ചെയ്ത് കാരണമെന്താണ് എന്ന് ചോദിച്ചു.
Recent Comments