പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു

പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശി പ്രിയംവദ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൂന്നു ദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നാല്‍ ദുര്‍ഗന്ധം വരുന്നതായി സംശയം തോന്നി പ്രതിയുടെ ഭാര്യാമാതാവ് കുട്ടിയോട് മുറിയില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുട്ടിയെ വിരട്ടിയോടിക്കുകയാണ് ചെയ്തത്.

മുറിയില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കട്ടിലിന് അടിയില്‍ കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പള്ളിവികാരിയോട് സംശയം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം മറവു ചെയ്തതെന്ന് പ്രതി വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

എന്നാല്‍ മൃതദേഹത്തില്‍ പ്രിയംവദയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കാണാനില്ല. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രിയംവദ അത്തരത്തില്‍ പണമിടപാട് നടത്തുന്നയാള്‍ അല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

ഇന്ന് മുതല്‍ യുപിഐ ഇടപാടുകള്‍ അതിവേഗം സാധ്യമാകും; ബാലന്‍സ് പരിശോധനയിലടക്കം കൂടുതല്‍ മാറ്റങ്ങള്‍ ഉടന്‍

ഇന്ന് മുതല്‍ യുപിഐ ഇടപാടുകള്‍ അതിവേഗം സാധ്യമാകും; ബാലന്‍സ് പരിശോധനയിലടക്കം കൂടുതല്‍ മാറ്റങ്ങള്‍ ഉടന്‍

ഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16 മുതല്‍ സാധ്യമാകും. മറ്റ് ചില മാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ യുപിഐ ഇടപാടുകളില്‍ വരും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ് യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റര്‍ഫേസ് (യുപിഐ). ഇന്ന് മുതല്‍ യുപിഐ പണമിടപാടുകള്‍ കൂടുതല്‍ വേഗത്തില്‍ സാധ്യമാകും. നേരത്തെ പണമിടപാടുകള്‍ (Request Pay, Response Pay (Debit and Credit) പൂര്‍ത്തീകരിക്കാന്‍ 30 സെക്കന്‍ഡ് സമയം എടുത്തിരുന്നെങ്കില്‍ ഇനിയത് 15 സെക്കന്‍ഡുകളായി കുറയും. ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ വേണ്ട സമയം 30 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡായി കുറയും. ട്രാന്‍സാക്ഷന്‍ റിവേഴ്‌സലിനും ഇനിമുതല്‍ 10 സെക്കന്‍ഡുകള്‍ ധാരാളം, നേരത്തെ ഈ സേവനത്തിന് 30 സെക്കന്‍ഡ് സമയം ആവശ്യമായിരുന്നു. അക്കൗണ്ട്+ഐഎഫ്‌എസ്‌സി അടിസ്ഥാനത്തിലുള്ള ഇടപാടുകളുടെ ദൈര്‍ഘ്യം 15 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡുകളായി കുറയ്ക്കുകയും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് മാസം മുതല്‍ മറ്റ് ചില മാറ്റങ്ങളും രാജ്യത്തെ യുപിഐ ഇടപാടുകള്‍ നിലവില്‍ വരും. ഒരു ദിവസം യുപിഐ ആപ്പ് വഴി 50 തവണ വരെയാകും ബാലന്‍സ് പരിശോധിക്കാന്‍ കഴിയുക. ഇതടക്കം ഏറെ പരിഷ്‌കാരങ്ങളാണ് രാജ്യത്തെ യുപിഐ ഇടപാടുകളില്‍ വരാനിരിക്കുന്നത്. രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും ലളിതവുമാക്കുന്നതിന്‍റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.

ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍ നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ചെല്ലാനം കടല്‍ഭിത്തിയിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞിട്ടുള്ളത്.

അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നേരത്തെ ചരക്കുകപ്പലിലെ ലൈഫ് ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. വാന്‍ഹായ് കപ്പലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ തീപിടിത്തമുണ്ടായ കപ്പലിലെ കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും അടിയുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കപ്പലിലെ തീ നിയന്ത്രണവിധേയമാണെങ്കിലും, ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലില്‍ 157 അപകടകാരികളായ വസ്തുക്കള്‍ ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ആസിഡ്, ലിഥിയം ബാറ്ററി, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് കപ്പിലുണ്ടായിരുന്നത്. കപ്പല്‍ചാലില്‍ ഒരു കണ്ടെയ്‌നര്‍ ഒഴുകിനടക്കുന്നതായി മറ്റൊരു കപ്പലില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ടിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കപ്പലില്‍ കാണാതായ നാലുപേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

കനത്തമഴ; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്, നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴ; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്, നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കനത്തമഴയില്‍ അപടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍- CWC)

കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- CWC)

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്‍),

തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന്‍ )

കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തം

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാണ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.

സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി; മൂന്നു വയസുകാരന്‍ മരിച്ചു

ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി; മൂന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പാല്‍ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ ആദിവാസി കുഞ്ഞ് മരിച്ചു. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുല്‍ ആണ് മരിച്ചത്. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗബാധിതനാണ് പ്രജുല്‍.

ഇന്നലെ അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്. പാല്‍ചുരത്തിലും ഒരു മണിക്കൂറോളം ആംബുലന്‍സ് കുടുങ്ങി.ഏഴുകിലോമീറ്റര്‍ ദൂരം പരമാവധി ഒന്‍പതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് കുരുക്കില്‍പ്പെട്ട് വൈകുകയായിരുന്നു.

കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സും പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി മാനന്തവാടി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് ചുരത്തിലെ ഗതാഗതക്കുരുക്കിലും പെട്ടു. വീണ്ടും ഒരുമണിക്കൂര്‍ വൈകിയതോടെയാണ് കുട്ടി മരിച്ചത്.

എസി ഇല്ലാതെ 5 മണിക്കൂര്‍ വിയര്‍ത്തൊലിച്ച് യാത്ര; എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അവശരായി യാത്രക്കാര്‍

എസി ഇല്ലാതെ 5 മണിക്കൂര്‍ വിയര്‍ത്തൊലിച്ച് യാത്ര; എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അവശരായി യാത്രക്കാര്‍

ഡല്‍ഹി: പൊള്ളുന്ന ചൂടില്‍ എ സി ഇല്ലാത്ത വിമാനത്തില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചിരുന്നത് അഞ്ച് മണിക്കൂര്‍. ദുബായില്‍നിന്നും ശനി പുലര്‍ച്ചെ 12.45ന് ജയ്പൂരിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 196) വിമാനത്തിലെ യാത്രക്കാര്‍ക്കാരാണ് ഈ ദുരനുഭവം നേരിട്ടത്.

വെള്ളിയാഴ്ച വൈകിട്ട് 7.25ന് ദുബായില്‍നിന്ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ അഞ്ചര മണിക്കൂര്‍ വൈകിയിരുന്നു. വളരെ വൈകി വിമാനം പുറപ്പെടുമ്പോള്‍ തന്നെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുള്ള വിമാനം 5 മണിക്കൂര്‍ പിന്നിട്ട് ജയ്പൂരില്‍ ഇറങ്ങിയപ്പോഴേക്കും യാത്രക്കാര്‍ അവശരായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പുറത്തുവന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എസി ഇല്ലാത്തതിനാല്‍ ഇവര്‍ അസ്വസ്ഥരാകുന്നുണ്ട്. ക്രൂ അംഗങ്ങള്‍ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും വിമാന ജീവനക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ചൂടില്‍ വലഞ്ഞ് കുടിവെള്ളത്തിനായി വിളിച്ചിട്ടും നല്‍കിയില്ലെന്നും പലരുടെയും ആരോഗ്യനില വഷളായതായും യാത്രക്കാര്‍ പറയുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ വിശദീകരണം ഒന്നും വന്നിട്ടില്ല.