ചരിത്രത്തിലേക്ക് ചുവടു വച്ച് ഒരു ആൺകുട്ടി; കലാമണ്ഡലത്തിലെ ഭരതനാട്യ വിദ്യാർത്ഥിയായി ഡാനിയേൽ എൽദോ

ചരിത്രത്തിലേക്ക് ചുവടു വച്ച് ഒരു ആൺകുട്ടി; കലാമണ്ഡലത്തിലെ ഭരതനാട്യ വിദ്യാർത്ഥിയായി ഡാനിയേൽ എൽദോ

തൃശൂര്‍: പാരമ്പര്യത്തി​ന്റെ താളം തെറ്റിച്ചുകൊണ്ട്, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ, 11 വയസ്സുള്ള ആൺകുട്ടി ഭരതനാട്യം വിദ്യാർത്ഥിയായി. കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ആൺകുട്ടിക്ക് ഭരതനാട്യം കോഴ്സിന് പ്രവേശനം ലഭിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാക്കിയ 11 വയസ്സുള്ള ഡാനിയേൽ എൽദോയാണ്, കലാമണ്ഡലത്തിൽ ഭരതനാട്യ കോഴ്‌സിന് ചേർന്നത്. ഭരതനാട്യത്തോടുള്ള അഭിനിവേശമാണ് ഡാനിയേൽ എൽദോ എന്ന കൗമാരക്കാരനെ കലാമണ്ഡലത്തിലെത്തിച്ചത്. ആറ് മാസമാണ് ഡാനിയേൽ പഠിക്കുന്ന കോഴ്സി​ന്റെ കാലാവധി.

എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഡാനിയേൽ, ഓസ്‌ട്രേലിയയിൽ ഒരു പരിപാടിക്കായി ഭരതനാട്യം കുറച്ചു നാൾ അഭ്യസിച്ചിരുന്നു. ആ പരിപാടിക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു. അടുത്തിടെ കേരള കലാമണ്ഡലത്തിൽ അധ്യാപകനായി ജോലി ലഭിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകനായ ആർ‌എൽ‌വി രാമകൃഷ്ണനാണ് ഡാനിയേലിനെ ഭരതനാട്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നത്.

“കലാമണ്ഡലത്തിൽ ഭരതനാട്യം വിഭാഗം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കലാരൂപങ്ങൾ പ്രായഭേദമന്യേ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന ഹ്രസ്വകാല കോഴ്‌സുകൾ നിലവിലുണ്ട്. അത്തരം കോഴ്‌സുകൾ പഠിക്കുമ്പോൾ, മറ്റ് കോഴ്‌സുകളിലേതുപോലെ കലാമണ്ഡലം എന്നത് അവരുടെ പേരിന് ഒപ്പം ഉൾപ്പെടുത്താൻ കഴിയില്ല,” രാമകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് (2024) കലാമണ്ഡലം അടിസ്ഥാനപരമായ മാറ്റം വരുത്തി, എല്ലാവരെയും എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം നൽകാൻ ആരംഭിച്ചത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രധാന കോഴ്‌സുകളിലെ ചേരുന്നതിന് മുമ്പുണ്ടായിരുന്ന ലിംഗപരമായ വ്യത്യാസം അവസാനിപ്പിച്ചു. കലാമണ്ഡലത്തിന്റെ തുടക്ക വർഷങ്ങളിൽ ഒഴികെ, സ്ത്രീകൾ മാത്രമേ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങൾക്ക് ഗുരുക്കന്മാരായി ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, ആർ‌എൽ‌വി രാമകൃഷ്ണനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പോലും പുതിയ ചുവടുവയ്പായിരുന്നു.

“ഡാനിയേൽ ഇപ്പോൾ ആറാം ക്ലാസ് പഠനം പൂർത്തിയാക്കി ഇവിടെ ഹൈസ്കൂൾ പഠനത്തിന് ചേരും. അവൻ കലകളിൽ പ്രത്യേകിച്ച് താൽപ്പര്യം കാണിക്കുന്നുണ്ട്, അത് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കേരളത്തിലെ പരമ്പരാഗത നൃത്ത നാടക രൂപത്തിൽ ഡാനിയേൽ ഇതിനകം നാലാം ലെവൽ പൂർത്തിയാക്കി. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളിലും സംസ്കാരത്തിലും മകന് കൂടുതൽ താൽപ്പര്യമുണ്ട്, അത് പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്.”ഡാനിയേലിന്റെ പിതാവ് എൽദോ പറഞ്ഞു.

ഭരതനാട്യം പഠിക്കാൻ ഡാനിയേൽ ആറ് മാസം ഇവിടെ താമസിക്കും. പലരും കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്‌സുകൾ ചെയ്തിരുന്നെങ്കിലും, 11 വയസ്സുള്ള ഒരു ആൺകുട്ടി ഇവിടെ ചേരുന്നത് ഇതാദ്യമായാണ്.

“കലാമണ്ഡലത്തിലെ എല്ലാ കോഴ്സുകളും എല്ലാവർക്കും പഠിക്കാൻ അവസരം നൽകുന്നതിലൂടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്ഥാപനത്തിലെ സാധ്യതകൾ ഉപയോഗിച്ച് കല പഠിക്കാനാവുന്ന സാഹചര്യമാണ് ലക്ഷ്യമിടുന്നത്. വിദേശത്തുള്ള ആളുകൾക്ക്, ഇവിടെ പത്ത് വർഷമായി താമസിച്ച് ഈ കലാരൂപം പഠിക്കുന്നത് പ്രായോഗികമായിരിക്കില്ല. ഹ്രസ്വകാല കോഴ്സുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് സ്ഥാപനത്തിനും ഗുണകരമാണെന്നും കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യുജി, പിജി കോഴ്സുകൾ എല്ലാവർക്കും പഠിക്കാൻ അവസരം നൽകിയിട്ടുണ്ടെങ്കിലും മോഹിനിയാട്ടം പോലുള്ള കോഴ്സുകൾക്ക് ആൺകുട്ടികൾ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. നേരത്തെ ആൺകുട്ടികൾക്ക് മാത്രമായിരുന്ന കഥകളി ഇപ്പോള്‍ പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കോടി രൂപ ചെലവിട്ട് നവീകരിച്ചത് കഴിഞ്ഞ വര്‍ഷം; കനത്ത മഴയില്‍ മാളയിലെ സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു

ഒരു കോടി രൂപ ചെലവിട്ട് നവീകരിച്ചത് കഴിഞ്ഞ വര്‍ഷം; കനത്ത മഴയില്‍ മാളയിലെ സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മാളയില്‍ യഹൂദ സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നവീകരിച്ചിരുന്നു.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് മാളയിലെ ജൂത സിനഗോഗ്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ആക്രമണം നേരിട്ടു. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു.

1954ലാണ് കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായത്. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. മുസരീസ് പൈതൃക പട്ടികയല്‍ ഉള്‍പ്പെടുത്തി കൈമാറിയ കെട്ടിടത്തിന്റെ ചുമതല ടൂറിസം വകുപ്പിനാണ്.

അര മണിക്കൂര്‍ കൂടുതല്‍ ക്ലാസ്സെടുത്താല്‍ എന്താണ് കുഴപ്പം?; കുട്ടികള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണോ?: മന്ത്രി വി ശിവൻകുട്ടി

അര മണിക്കൂര്‍ കൂടുതല്‍ ക്ലാസ്സെടുത്താല്‍ എന്താണ് കുഴപ്പം?; കുട്ടികള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണോ?: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് വിദ്യാഭ്യാസ വകുപ്പ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പഠനത്തിന് കൂടുതല്‍ സമയം വേണ്ട കാലഘട്ടമാണിത്.

ക്ലാസുകളിലെ സമയത്തില്‍ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് കൂട്ടിയത്. ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോയെന്ന് മന്ത്രി ചോദിച്ചു. ക്ലാസ് സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതിനെതിരെ സമസ്ത അടക്കം പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

ഇപ്പോള്‍തന്നെ പല സ്‌കൂളുകളിലും അധിക സമയം പഠിപ്പിക്കുന്നുണ്ട്. ഇവിടെയൊന്നും കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ പറ്റില്ലല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ സമയം പോരാത്ത നിലയുണ്ട്. കായിക-കലാ-കൃഷി-സാമൂഹിക പ്രതിബദ്ധത തുടങ്ങിയ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിക്കായിട്ടെല്ലാം സ്‌കൂളുകളില്‍ സമയം മാറ്റിവെക്കേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ നയവും കേരള വിദ്യാഭ്യാസ ആക്റ്റിലും പറയുന്നതു പ്രകാരമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതില്‍ വ്യത്യാസം വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിയമസഭയോ, പാര്‍ലമെന്റോ നിയമം പാസ്സാക്കുകയോ ചെയ്യണം. എല്ലാ വിഭാഗങ്ങള്‍ക്കും ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ക്ലാസ് സമയമാറ്റത്തെ ചിലര്‍ ആവശ്യമില്ലാതെ വഷളാക്കുകയാണ് ചെയ്തത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം വിദഗ്ധരുള്‍പ്പെട്ട പ്രത്യേക കമ്മീഷനെ നിയോഗിച്ച്, അവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സ്‌കൂള്‍ സമയത്തില്‍ വര്‍ധന വരുത്തിയിട്ടുള്ളത്. രാവിലെയും വൈകീട്ടും 15 മിനിറ്റ് വീതം അധികമായി ക്ലാസ് നടത്തും. അങ്ങനെ ദിവസം അര മണിക്കൂര്‍ അധിക ക്ലാസ് നടത്താനാണ് തീരുമാനം. മതത്തിന്റെയോ, ജാതിയുടേയോ ഏതു കാര്യത്തിലായാലും, ഏതെങ്കിലും വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തട്ടിപ്പറിക്കുക എന്ന സമീപനം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ചിലര്‍ക്ക് സ്‌കൂള്‍ സമയമാറ്റത്തില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നത് കേട്ടു. വിദ്യാഭ്യാസം എന്നത് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമല്ലേ. നമ്മുടെ കുട്ടികള്‍ അര മണിക്കൂര്‍ കുറച്ച് പഠിച്ചാല്‍ മതിയെന്ന് നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് പ്രശ്‌നമൊന്നുമില്ല. കമ്മീഷന്‍ തീരുമാനിച്ചകാര്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. കുട്ടികളുടെ ഗുണമേന്മ വിദ്യാഭ്യാസം നടത്തുന്നതിന് വേണ്ട സമയം ലഭിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എങ്കിലും അധ്യാപക സംഘടനകളുമായും പരാതി ഉന്നയിക്കുന്നവരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ്. അധ്യാപകരാണല്ലോ കുട്ടികളെ പഠിപ്പിക്കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അധ്യാപക സംഘടനകളെല്ലാം കൂടി സഹകരിച്ച് സഹായകമായ തരത്തില്‍ സമയക്രമം ഉണ്ടാക്കി സര്‍ക്കാരിന് നല്‍കിയാല്‍ അതും ഈ വിഷയത്തില്‍ സഹായകരമാകുമെന്ന് മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

‘ഉടനടി ട്രേസിങ്’; ശബരിമല തീർത്ഥാടന കാലത്ത് നഷ്ടപ്പെട്ടത് 230 ഫോണുകൾ, വീണ്ടെടുത്ത് പൊലീസ്

‘ഉടനടി ട്രേസിങ്’; ശബരിമല തീർത്ഥാടന കാലത്ത് നഷ്ടപ്പെട്ടത് 230 ഫോണുകൾ, വീണ്ടെടുത്ത് പൊലീസ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തില്‍ ഭക്തജനങ്ങള്‍ക്ക് നഷ്ടമായ ഫോണുകള്‍ കണ്ടെത്തി നല്‍കി പമ്പ പൊലീസ്. പമ്പ പൊലീസ് സ്റ്റേഷനില്‍ പുതിയതായി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ ഹെല്‍പ്പ് ഡെസ്‌കിലൂടെയാണ് ഭക്തജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുത്ത് നല്‍കുന്നത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പ ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളില്‍ 230 പേര്‍ക്ക് ഫോണ്‍ നഷ്ടമായി. അതില്‍ 102 ഫോണുകള്‍ പൊലീസ് കണ്ടെത്തി തിരികെ ഉടമസ്ഥര്‍ക്ക് നല്‍കി.

സൈബര്‍ ഹെല്‍പ്ലൈന്‍ രൂപികരിക്കുന്നത്തിന്റെ ഭാഗമായി 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെ തെരഞ്ഞെടുത്ത് അവര്‍ക്ക് സെന്‍ട്രല്‍ ഇക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കി. ഭക്തജനങ്ങളുടെ പരാതി ലഭിക്കുമ്പോള്‍ അവരില്‍ നിന്ന് നഷ്ടമായ ഫോണിന്റെ വിവരങ്ങള്‍ ശേഖരിച്ച് സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. ഇതോടെ ഈ ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെടും.

തുടര്‍ന്ന് ആ ഫോണ്‍ ഏതെങ്കിലും നെറ്റവര്‍ക്കിലൂടെ പുനര്‍പ്രവര്‍ത്തനം ആരംഭിച്ചാല്‍ സര്‍വീസ് പ്രോവൈഡര്‍ പോര്‍ട്ടല്‍ വഴി പരാതിക്കാരനും, പരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും വിവരം ലഭിക്കും. തുടര്‍ന്ന് ഈ ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്ന നമ്പറിലേക്ക് സൈബര്‍ ഹെല്‍പ്ലൈന്‍ ഡെസ്‌കിലെ ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം ധരിപ്പിക്കുകയും ഫോണ്‍ കൈവശം വച്ചിരിക്കുന്നയാള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും.

ഫോണുകളില്‍ കൂടുതലും കേരളത്തിന് പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്തിയ ഫോണുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു നല്‍കിയിരുന്നു. ഇതുവരെ തിരികെ ലഭിച്ച 102 ഫോണുകളില്‍ 25 ഫോണുകള്‍ മെയ് മാസത്തിലാണ് കണ്ടെത്തിയത്.

ഫോണ്‍ നഷ്ടമായി ഉടനെ പരാതിപ്പെട്ടവരില്‍ ചിലര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ കണ്ടെത്തി നല്‍കാനും കഴിഞ്ഞതായി കേരള പൊലീസ് അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ പരാതി ലഭിച്ച് 3 മണിക്കൂറിനുള്ളില്‍ 2 ഫോണുകള്‍ കണ്ടെത്തി.

പമ്പയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസ്സില്‍ ഫോണുകള്‍ ഉണ്ടെന്ന് അവയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്ത് കണ്ടെത്തിയതില്‍ നിന്നും എരുമേലിയില്‍ വെച്ച് മോഷ്ടാവിനെ പിടികൂടി ഫോണുകള്‍ വീണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട ഫോണുകളില്‍ പലതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പലപ്പോഴും ചെന്നെത്തുന്നത് സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വില്‍ക്കുന്ന മൊബൈല്‍ കടകളിലാകും. അവ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തില്‍ റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. എസ്‌സിപിഒമാരായ സാംസണ്‍ പീറ്റര്‍, സൂരജ് ആര്‍ കുറുപ്പ്, എസ് ദിനേശ്, സിപിഒമാരായ അരുണ്‍ മധു, സുധീഷ് എസ്, രാജേഷ് കെ വി, എസ് അരുണ്‍, അനുരാഗ് കൃഷ്ണന്‍, സജീഷ് ജെ ആര്‍, രാഹുല്‍ പി എച്ച്, നവാസ് എ, അനു എസ് രവി എന്നിവരാണ് സൈബര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ പ്രവത്തിച്ചത്.

ബി. വാസന്തി (80) അന്തരിച്ചു

ബി. വാസന്തി (80) അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം ചിറയിൽ വീട്ടിൽ ബി വാസന്തി (80) അന്തരിച്ചു.

ഭർത്താവ്: ജി രവീന്ദ്രൻ
മക്കൾ: ആർ ജയൻ, വി ജയശ്രീ, വി ജയലക്ഷ്മി
മരുമക്കൾ: ബി ബീന, രാധാകൃഷ്ണൻ, കെ.എസ് ബിജു
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

‘ആറ് ആണുങ്ങൾ’; ആണുങ്ങളുടെ പ്രശ്നങ്ങളുമായി ഒരു ചിത്രം

‘ആറ് ആണുങ്ങൾ’; ആണുങ്ങളുടെ പ്രശ്നങ്ങളുമായി ഒരു ചിത്രം

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും, എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.

നിരവധി പുരസ്കാരങ്ങൾ നേടിയ ചാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇരുപത്തി മൂന്നുകാരനായ സംബ്രാജ് തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറ് ആണുങ്ങൾ”. ചാമയുടെ രചയിതാവായ യെസ് കുമാർ തന്നെയാണ് പുതിയ ചിത്രത്തിന്റേയും രചയിതാവ്.

ആണിനേയും, പെണ്ണിനേയും, ഇന്ന് സമൂഹത്തിൽ വേർതിരിച്ച് കാണേണ്ട ഒന്നല്ല. എഴുത്തിലും, വാക്കുകളിലും ആണും, പെണ്ണും സമമാണെന്ന് പറയുകയും, പ്രവൃത്തികളിൽ രണ്ടായി കാണുകയും ചെയ്യുന്നു. ഇതിനെതിരെ, സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പ്രതികരിക്കുകയാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.

പ്രത്യേക സംരക്ഷണം, പ്രത്യേക ആനുകൂല്യം, പ്രത്യേക നിയമം, ഇങ്ങനെ വേർതിരിവിൽ, സ്ത്രീ പുരുഷനേക്കാൾ ഒരുപിടി മുന്നിലെത്തുന്നു. അപ്പോഴും പറച്ചിലിൽ,ധൈര്യവാനും കൊമ്പൻ മീശക്കാരനുമൊക്കെയായ ആണ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദുരിതങ്ങൾ, പലതാണ്. ഒരു സ്ത്രീ ഒന്ന് വിളിച്ചു പറഞ്ഞാൽ ആണിന് മേൽ നിയമ കുരിക്കിടാൻ ഇന്ന് കഴിയും.

ബാല്യം മുതൽ വാർദ്ധ്യകം വരെ ആണുങ്ങൾ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകളോടുള്ള പൂർണ ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ, സ്ത്രീജനങ്ങളുടെ തന്നെ മകൻ, ഭർത്താവ്, അച്ഛൻ എന്നിവർ കടന്നുപോയ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.

വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന “ആറ് ആണുങ്ങൾ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ജൂൺ മാസം തിരുവനന്തപുരത്ത് നടക്കും. തുടർന്ന് ചിത്രം തീയേറ്ററിലെത്തും.

മഞ്ജുസല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന “ആറ് ആണുങ്ങൾ”, സം ബ്രാജ് എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. രചന – യെസ് കുമാർ, ക്യാമറ – ഗോഗുൽ കാർത്തിക്, ഗാന രചന – വഞ്ചിയൂർ ശശി, ധന്യ സുനീഷ്, സംഗീതം – അടൂർ ഉണ്ണികൃഷ്ണൻ, ജിനോ എസ്.എൽ, ആലാപനം – സുധീപ് കുമാർ, ആദി ശ്രീകുമാർ, പശ്ചാത്തല സംഗീതം – ജിനോ എസ്.എൽ, അസോസിയേറ്റ് ഡയറക്ടർ – സുനീഷ് സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ – സിംസാർ പ്രേമ്, കല സംവിധാനം – പി.ജി.എസ്.നായർ, ചമയം – വിഷ്ണു എസ്, വസ്ത്രാലങ്കാരം – നിരഞ്ജന, പ്രൊഡഷൻ മാനേജർ – ഫെബിൻ സി. സാമുവൽ, സ്റ്റിൽ – അശ്വിൻ കമ്മത്ത്, പബ്ലിസിറ്റി ഡിസൈൻ – ക്വിൻ പെൻ ഡിസൈൻസ്, പി.ആർ. ഒ – അയ്മനം സാജൻ, സ്റ്റുഡിയോ – റെഡ് ആർക് സ്റ്റുഡിയോ, ട്രാവൻ കോർപിക്ച്ചേഴ്സ്, ബെൻസൺ ക്രീയേഷൻസ്, എസ്.എസ്. ഡിജിറ്റൽ, ഐറീസ് ഡിജിറ്റൽ, തരംഗ് മീഡിയ, ദിൽരുപ സ്റ്റുഡിയോ.

ശിവ മുരളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, സജിത് ലാൽ നന്ദനം, രാധാകൃഷ്ണൻ നായർ രാഗം, നസീഫ് ഒതായി, ആദിൽ മുഹമ്മദ്, ബാലുകൈലാസ്, മുരളി കാലോളി, ആദിത്യ ഹരി, ദീപ, ജിനി ഇളക്കാട്, ഗീത, സനൂജ എന്നിവർ അഭിനയിക്കുന്നു.