കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം.

കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്. അടിമാലിയിലെ സുമനസ്സുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

ഷൈൻ ടോം ചാക്കോയുടെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ല’; ആശുപത്രിയിലെത്തി സുരേഷ് ​ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ല’; ആശുപത്രിയിലെത്തി സുരേഷ് ​ഗോപി

തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോ യെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഷൈനിന്റെ പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും ഷൈന്റെ ആരോ​ഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

“ഇന്ന് രാത്രിയോടെ ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരുമെത്തും. അവർക്ക് അച്ഛന്റെ കൂടെ കുറച്ചു സമയം ഇരിക്കണം. നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്കാരം തീരുമാനിക്കും. ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. മുറിയിൽ ടിവിയൊന്നും വയ്ക്കില്ല എന്ന് തോന്നുന്നു. അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല.

ഇടുപ്പിന് ചെറിയ പരിക്കേയുള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈന്റെ കാര്യത്തിലും ആശങ്കപ്പെടാനൊന്നുമില്ല. സർജറി ഇന്നുണ്ടാകില്ല, ചടങ്ങ് കഴിഞ്ഞ് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത്. മുൻസീറ്റിലിരുന്ന രണ്ട് പേർക്കും ഒരു കുഴപ്പവുമില്ല. പിറകിലിരുന്ന മൂന്ന് പേർക്കാണ് പ്രശ്നമായത്”. – സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വിദഗ്ധ ചികിത്സയ്ക്കായി ഷൈനെയും അമ്മ മരിയെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു.

തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം.

കടയ്ക്കല്‍ സ്വദേശിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

കടയ്ക്കല്‍ സ്വദേശിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. കൊല്ലം കടയ്ക്കലില്‍ 44കാരന്‍ മരിച്ചത് പേവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.

ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമായി ബൈജു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്.

പേവിഷബാധയുടെ ലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ബൈജുവിനോട് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബൈജു ചികിത്സ തേടിയിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. പിന്നാലെയാണ് ബൈജുവിന്റെ മരണം പേവിഷബാധയേറ്റാണെന്ന സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ബൈജുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും പേവിഷബാധ വാക്‌സിനെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കൈവെട്ട് കേസ്: മുഖ്യപ്രതി 14 വർഷം ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിലും കേരളത്തിലുമെന്ന് എൻഐഎ, കോടതി ജാമ്യം നിഷേധിച്ചു

കൈവെട്ട് കേസ്: മുഖ്യപ്രതി 14 വർഷം ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിലും കേരളത്തിലുമെന്ന് എൻഐഎ, കോടതി ജാമ്യം നിഷേധിച്ചു

പ്രൊഫസർ ടി ജെ ജോസഫ് കൈവെട്ട് കേസിലെ മുഖ്യപ്രതിയായ സവാദ് സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറിയിച്ചു. സവാദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്.

തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ 2010 ജൂലൈ നാലിന്, കാറിൽ നിന്ന് വലിച്ചിറക്കി ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് സവാദ് കൈ വെട്ടിമാറ്റിയതായാണ് കേസിൽ ആരോപിക്കുന്നത്. സംഭവത്തിന് ശേഷം, സവാദ് ഒളിവിൽ പോയി, 2024 ജനുവരി 10 ന് കണ്ണൂരിൽ ഷാജഹാൻ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെ അവിടെ വെച്ചാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വാറണ്ട്, ലുക്ക്ഔട്ട് നോട്ടീസ്, എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്നീ ശ്രമങ്ങൾ നടത്തിയിട്ടും സവാദിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് എൻ ഐ എ പറഞ്ഞു.

“തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുകൊണ്ട് ഏകദേശം 14 വർഷത്തോളം പ്രതി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ 2024 ജനുവരി 10 ന് മാത്രമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ കേസ് വിചാരണയ്ക്ക് തയ്യാറായിരിക്കുകയാണ്,” എൻഐഎ കോടതിയെ അറിയിച്ചു.

സവാദിന് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധമുണ്ടെന്ന റിപ്പോർട്ടിലും ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗമായതിനാൽ സവാദിന് മതമൗലികവാദ സംഘടനകളുമായി ശക്തമായ ബന്ധമുണ്ട്. ജാമ്യത്തിൽ വിട്ടയച്ചാൽ, ഒളിച്ചോടാനോ, സാക്ഷികളെ ഭീഷണിപ്പെടുത്താനോ, സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.

തന്റെ നിരപരാധിത്വം വാദിച്ച സവാദ്, താൻ ഒളിവിൽ പോയി എന്ന പ്രോസിക്യൂഷന്റെ വാദം നിഷേധിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ അറസ്റ്റിന്റെ കാരണങ്ങൾ തന്നെ അറിയിച്ചില്ല എന്നും അദ്ദേഹം വാദിച്ചു. എന്നാൽ, സവാദ് ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിഞ്ഞയാളാണെന്നും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എൻ‌ഐ‌എ വാദിച്ചു. അന്വേഷണ ഏജൻസിയുടെ നിലപാടിനോട് കോടതി യോജിക്കുകയും പ്രതി ദീർഘകാലം അറസ്റ്റ് ഒഴിവാക്കിയെന്ന കാര്യവും കോടതി പരിഗണിച്ചു.

“താൻ ഒളിവിലല്ല എന്ന സവാദിന്റെ വാദം വിശ്വസിക്കാൻ പ്രയാസമാണ്. പേരും രൂപവും മാറ്റി കേരളത്തിനകത്തും പുറത്തും താമസിച്ചിരുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, കോടതിയുടെ നടപടിക്രമങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും ഒളിവിൽ പോകാനും വിചാരണയ്ക്ക് ഹാജരാകാതിരിക്കാനും സാധ്യതയുണ്ട്,” എന്ന് കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതി വീണ്ടും രക്ഷപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, ഈ ഘട്ടത്തിൽ ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കാണിച്ച് ജാമ്യാപേക്ഷ കോടതി തള്ളി.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും നടന്നു

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും നടന്നു

ആറ്റിങ്ങൽ: സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും ആലംകോട് ജംഗ്ഷനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.മുഹ്സിൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്.അരുൺ, മനോജ് ബി.ഇടമന, വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ, പി.എസ്.ആൻ്റസ്, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

മണമ്പൂർ ജീ.ഗോപകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നും മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി മോഹൻദാസ് നേതൃത്വത്തിൽ എത്തിച്ച പതാക അഡ്വ.എം.മുഹ്സിനും ചാത്തൻപാറ കാസ്ട്രോ ബഷീറിൻ്റെ വീട്ടിൽ നിന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി.എസ്. ആൻ്റസ് നേതൃത്വത്തിൽ എത്തിച്ച ബാനർ അവനവഞ്ചേരി രാജുവും ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ പത്തിന് ദ്വിദിന പ്രതിനിധി സമ്മേളനം ഹാരിസൺ പ്ലാസ അഡിറ്റോറിയത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ ഉദ്ഘാടനം ചെയ്യും.

പത്തോളം വിവാഹങ്ങൾ, വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

പത്തോളം വിവാഹങ്ങൾ, വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തിൽ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.

വിവാഹ പരസ്യങ്ങൾ നൽകുന്ന ​ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29 നാണ് കോൾ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്മയുടെ നമ്പർ ഇദ്ദേഹത്തിന് കൈമാറുകയും തുടർന്ന് ഇവർ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.

വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.