by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ആയി പാടശേഖരസമിതി യന്ത്രവൽകൃത ഞാറു നടീലിന്റെ സാധ്യതകളിലേക്ക് കടക്കുകയാണ്. പരീക്ഷണാർത്ഥം ഇത്തവണ 10 ഏക്കർ പ്രദേശത്താണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത്.
അതിനായി പ്രത്യേകം തയ്യാറാക്കിയ പൊതു ഞാറ്റടിയിൽ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ മണ്ണ് നിരത്തി അതിൽ വിത്ത് വിതച്ചാണ് യന്ത്രത്തിൽ വയ്ക്കുന്നതിന് ആവശ്യമായ ഞാറ് തയ്യാറാക്കിയത്. കൃഷിഭവനിൽ നിന്നും ലഭിച്ച 400 കിലോ വിത്താണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. വരും വർഷങ്ങളിൽ, വീണ്ടെടുത്ത പാടശേഖരപ്രദേശത്ത് മുഴുവനും യന്ത്രത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ തെരഞ്ഞെടുത്ത പ്രദേശത്ത് മാത്രം മെഷീൻ നടിൽ നടപ്പിലാക്കിയത്.
അതോടൊപ്പം ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് കൈത്താങ്ങായി പാടശേഖര നടുവിലൂടെയുള്ള റോഡിന്റെ സൗന്ദര്യവൽക്കരണത്തിനായി അലങ്കാര മുളകൾ വച്ചു പിടിപ്പിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതി ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ വി.ശശി നിർവഹിച്ചു. ഉയരത്തിൽ വളരാത്തതും ഈ പ്രദേശത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം ഉണ്ടാക്കാത്തതും റോഡിന്റെ പാർശ്വഭിത്തികൾക്ക് കേടുവരുത്താത്തതും നെൽ കൃഷിക്ക് തടസ്സം ഉണ്ടാക്കാത്തതും ആയ പ്രത്യേക ഇനം ചെടിമുള തൈകൾ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും എത്തിച്ചാണ് എത്തിച്ചാണ് ഇവിടെ വച്ച് പിടിപ്പിക്കുന്നത്. ബംഗാൾ മുള, ലാത്തി മുള എന്നീ ഇനങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞവർഷം വയലിമ്പം പദ്ധതി പ്രകാരം റോഡിന്റെ വശങ്ങളിൽ വച്ച് പിടിപ്പിച്ച അരളി ചെടികൾ പൂത്തു നിൽക്കുന്ന മനോഹരമായ കാഴ്ച, പാടശേഖരത്തിന്റെ പുതിയ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
മുദാക്കൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഹരിത കേരള മിഷൻ, പാടശേഖരസമിതി, സൗഹൃദ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോക പരിസ്ഥിതി ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഷാജഹാന് പാടശേഖര സമിതി ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വാർഡ് മെമ്പർ വി ഷൈനി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് എസ് ചന്ദ്രബാബു നന്ദിയും പറഞ്ഞു .
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുoമൂട് മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ പി നന്ദുരാജ് മറ്റ് പഞ്ചായത്ത് മെമ്പർമാർ ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ
തുടർച്ചാനുമതി
റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.
തസ്തിക
റവന്യൂ വകുപ്പിൽ 2 സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇക്കു വേണ്ടിയാണ് 2 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. 12 കിഫ്ബി എൽ.എ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 2024 നവംബർ പത്ത് മുതൽ ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. സേവന വേതന ചിലവുകൾ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.
വേതനം പരിഷ്‌കരിച്ചു
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്‌കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയാക്കി ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്‍സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനമാണ് പരിഷ്‌കരിച്ചത്.
തോന്നയ്ക്കൽ സയൻസ് പാർക്ക്
തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക്- രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR – NIIST) ഇന്നൊവേഷൻ, ടെക്‌നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതി നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR – NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
സമുദായ നാമം മാറ്റി
സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ (Ganika/Ganiga) എന്ന് മാറ്റം വരുത്തും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് I ഷെഡ്യൂൾഡ് ലിസ്റ്റ് III ൽ ഉൾപ്പെട്ട സമുദായമാണിത്.
പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിക്ക് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു. വാർഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപാ നിരക്കിൽ 2014 മെയ് അഞ്ചു മുതൽ 30 വർഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.
ഭരണാനുമതി
‘കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കൽ’ എന്ന പദ്ധതിക്കായി നിർവ്വഹണ ഏജൻസി സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ പുതുക്കിയ ഭരണാനുമതി നൽകി. ജിഎസ്ടി ഉൾപ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി.
പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയുടെ ബാലൻസ് മെക്കാനിക്കൽ പ്രവൃത്തികൾക്ക് DSR 2018+25 ശതമാനം പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകി.
കരാർ അനുമതി
കാസർഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡർ അംഗീകരിച്ചു. 12,68,65,399.62/ രൂപയുടെ ടെൻഡറിനാണ് അനുമതി നൽകിയത്.
ജല വിഭവ വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 18,07,67,446.56/ രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ്ഡാണ് അനുവദിച്ചത്.
കൊച്ചി കോർപ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡറിന് അനുമതി നൽകി. 1,62,57,067 രൂപയ്ക്കാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്ക് ടെൻഡർ അനുമതി നൽകിയത്.
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നൽകിയത്.
എറണാകുളം കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ കുട്ടിയുടെ വിവിധ പ്രവർത്തികൾക്ക് ഉള്ള ടെൻഡറിന് അംഗീകാരം നൽകി.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിക്ക് 11,95,85,482 കോടി രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്‍സി എല്‍സ- 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. ‘കാഷ്’ എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള പഞ്ഞിയാണ്. 71 കണ്ടെയ്‌നറുകളില്‍ സാധനങ്ങളുണ്ടായിരുന്നില്ല. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത് 640 എണ്ണമാണ്.
കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്.
മെയ് 25നാണ് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെ, അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് അപകടം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തക്ഷശില ലൈബ്രറിയുടെ “എൻ്റെ കേരളം ഹരിത കേരളം” പദ്ധതിയുടെ തുടക്കം ജി വി ആർ എം യു പി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് തക്ഷശിലയുടെ പ്രസിഡന്റ് ജയകുമാറും സെക്രട്ടറി രഞ്ജിത്ത് കുമാറും ചേർന്ന് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, ശ്യം കൃഷ്ണ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി പി ജി ഉഷ എന്നിവർ ആശംസകൾ നേർന്നു.
by Midhun HP News | Jun 5, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്. 1971 ലെ ഇന്ത്യ പാക് യുദ്ധകാലത്ത് ‘അസാമാന്യ പോരാട്ടവീര്യം കാഴ്ചവച്ച’ കച്ചിലെ സ്ത്രീകള്‍ മോദിക്ക് സമ്മാനിച്ച വൃക്ഷത്തൈ ആണ് ഔദ്യോഗിക വസതിയില്‍ നട്ടത്. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഈ സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗോള കാലാവസ്ഥയുടെ സംരക്ഷണത്തിനായി ഓരോ രാജ്യവും സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് അതീതമായി ഉയരണമെന്നും മോദി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മോദി പരിസ്ഥിതി ദിന സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തെ കുടിയാണ് സിന്ദൂര വൃക്ഷം നട്ടതിലൂടെ പ്രധാനമന്ത്രി അടയാളപ്പെടുത്തുന്നത്. വൃക്ഷത്തൈ നട്ട ശേഷം പങ്കുവച്ച കുറിപ്പിലും പ്രധാനമന്ത്രി സിന്ദുര വൃക്ഷത്തൈ സമ്മാനിച്ച കച്ചിലെ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചു. കച്ചിലെ ധീരകളായ അമ്മമാരും സഹോദരിമാരും അടുത്തിടെ എനിക്ക് സമ്മാനിച്ചതാണ് ഈ സിന്ദുര വൃക്ഷത്തിന്റെ തൈ. ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ ഈ വൃക്ഷത്തൈ നടനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമാണ് ഈ സിന്ദൂര വൃക്ഷം എന്നും പോസ്റ്റില്‍ വ്യക്തമാക്കി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ഓട്ടോ ഓടിക്കാതെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ച് ഓട്ടോ ഡ്രൈവർ. മുംബയിലെ യുഎസ് കോൺസുലേറ്റിന് പുറത്താണ് ഈ ഓട്ടോ ഡ്രൈവറെ കാണാനാവുക. വ്യത്യസ്‌തമായ ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം ലെൻസ്‌കാർട്ടിന്റെ പ്രോഡക്‌ട് ലീഡർ രാഹുൽ രൂപാണിയാണ് ലിങ്ക്‌ഡ് ഇന്നിൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിസയുടെ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് യുഎസ് കോൺസുലേറ്റിലെത്തുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്. ഇവരുടെ കൈവശം വലിയ ബാഗുകളുണ്ടാകും. കോൺസുലേറ്റിലെ നിയമങ്ങൾ കർശനമായതിനാൽ, ഈ ബാഗുകൾ അകത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് കോൺസുലേറ്റിന് പുറത്ത് ലോക്കർ സംവിധാനങ്ങളും ലഭ്യമല്ല. അതിനാൽ, ഇലക്‌ട്രോണിക് വസ്‌തുക്കളും രേഖകളും ഉൾപ്പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വളരെയേറെ വെല്ലുവിളികൾ ആളുകൾക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നു.
ഈ സാഹചര്യത്തെയാണ് ഓട്ടോ ഡ്രൈവർ ബുദ്ധിപൂർവം ഉപയോഗിച്ചത്. ബാഗും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിക്കുന്ന സംവിധാനം ഈ ഓട്ടോ ഡ്രൈവർ ആരംഭിച്ചു. 1,000 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങുന്നത്. യുഎസ് കോൺസുലേറ്റിൽ എത്തുന്ന ഒരാൾക്ക് ഈ തുക ഒരു പ്രശ്‌നമായിരിക്കില്ല എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ദിവസേന കുറഞ്ഞത് 20 മുതൽ 30 ഉപഭോക്താക്കൾ വരെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രതിദിനം 20,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കാം. കോർപ്പറേറ്റ് ജോലി ചെയ്യുന്ന മുതിർന്ന പ്രൊഫഷണലുകളെക്കാൾ വളരെ ഉയർന്ന വരുമാനമാണിത്. ഈ ഓട്ടോ ഡ്രൈവറുടെ പേരും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Recent Comments