ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, ക്യാപ്റ്റനായി മലയാളിയും

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, ക്യാപ്റ്റനായി മലയാളിയും

തിരുവന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പല്‍ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാല്‍ ബര്‍ത്തിലടുക്കുന്നത് ആറാം തീയതിയാണ്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായാണ് ഐറീന എത്തുന്നത്.

സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മലയാളിയായ തൃശ്ശൂര്‍ സ്വദേശി വില്ലി ആന്റണിയാണ് പടുകൂറ്റന്‍ കപ്പലിന്റെ ക്യാപ്റ്റന്‍. കണ്ണൂര്‍ സ്വദേശി അഭിനന്ദ് ഉള്‍പ്പെടെ 35 ജീവനക്കാരുണ്ട്. മെഡിറ്റേറിയന്‍ ഷിപ്പിങ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.

എംഎസ്സി ഐറീനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെര്‍ത്തില്‍ പ്രവേശിക്കുന്നത്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുണ്ട്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍. ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറീന 2023 ല്‍ നിര്‍മ്മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മ്മിതിയാണ്. ആറ് സഹോദരി കപ്പലുകളില്‍ എംഎസ്‌സി തുര്‍ക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

ആറ്റിങ്ങൽ ഗവൺമെൻ്റ് പോളിടെക്‌നിക് തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ വിവിധ കോഴ്സിലേയ്ക് അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവൺമെൻ്റ് പോളിടെക്‌നിക് തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ വിവിധ കോഴ്സിലേയ്ക് അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊളളുന്നു.

വിദ്യാഭ്യാസ യോഗ്യത

എസ് എസ് എൽ സി

1. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫ്രഞ്ച് ലാംഗ്വേജ് (4 മാസം)

2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം)

3. മൊബൈൽ ഫോൺ ടെക്നോളജി (3 മാസം)

4. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രിക്കൽ വയറിംഗ് (10 മാസം)

അപേക്ഷ ഫോറവും വിശദ വിവരങ്ങളും പോളിടെക്‌നിക് കോളേജിൻ്റെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ഫോൺ നമ്പർ : 6235557495, 9567271987

കൂന്തള്ളൂർ ഗവ. എൽ.പി.എസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൂന്തള്ളൂർ ഗവ. എൽ.പി.എസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗവൺമെന്റ് എൽ.പി.എസ് കൂന്തള്ളൂരിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് 1982 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, സ്കൂൾ ഭാരവാഹികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സരസ്വതി അമ്മ (77) അന്തരിച്ചു

സരസ്വതി അമ്മ (77) അന്തരിച്ചു

കുമ്മിൾ കുശവൂർക്കോണം ചരുവിള വീട്ടിൽ സരസ്വതി അമ്മ (77) അന്തരിച്ചു.

ഭർത്താവ്: ജെ. മാധവൻ പിള്ള
മക്കൾ: ഷീജ എസ്, അനിൽകുമാർ എം
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗായത്രി

പൊലീസ് മേധാവി നിയമനം: അജിത് കുമാര്‍ ഒഴികെ പട്ടികയിലുള്ളവര്‍ക്കെതിരെ പരാതി പ്രളയം

പൊലീസ് മേധാവി നിയമനം: അജിത് കുമാര്‍ ഒഴികെ പട്ടികയിലുള്ളവര്‍ക്കെതിരെ പരാതി പ്രളയം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ( ) സ്ഥാനത്തേക്ക് മത്സരം മുറുകുന്നു. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ യുപിഎസ് സിയിലേക്ക് പരാതി പ്രളയമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അടുത്ത ഡിജിപി ( DGP ) സംബന്ധിച്ച് യുപിഎസ് സി അന്തിമ പട്ടിക തയ്യാറാക്കി കേരളത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് പരാതികളുടെ കുത്തൊഴുക്ക്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ നിന്നും മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.

യുപിഎസ് സി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കുന്നതിനിടെയാണ്, ഉദ്യോഗസ്ഥര്‍ക്കെതിരെ തുരുതുരാ പരാതികള്‍ ലഭിക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികളാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് നാലാമന്‍. സുരേഷ് രാജ് പുരോഹിതന്‍ ആണ് അഞ്ചാമന്‍. പട്ടികയില്‍ ആറാമനാണ് എം ആര്‍ അജിത് കുമാര്‍.

പട്ടികയില്‍ ഇടംപിടിച്ച എം ആര്‍ അജിത് കുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരെയെല്ലാം യുപിഎസ്സിക്ക് പരാതികള്‍ ലഭിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അജ്ഞാത പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഗുഡ് ലിസ്റ്റിലുള്ള മനോജ് എബ്രഹാമിനെ ഡിജിപിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എംആര്‍ അജിത് കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍, അദ്ദേഹത്തെ അനുകൂലിച്ചവരാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 20 ന് പുതിയ ഡിജിപിയുടെ അന്തിമ പട്ടിക തയ്യാറാക്കാനായി യുപിഎസ് സിയുടെ യോഗം ചേരുമെന്നാണ് സൂചന. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ഡിജിപിയെ നിയമിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.

ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.