ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പൊലീസ് പിടിയിലായി. കോഴിക്കോട് പുതിയകടവിലാണ് സംഭവം. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് പുതിയകടവില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം ഉണ്ടായത്.നിരന്തരം വാഹനങ്ങളടക്കം പോകുന്ന റോഡരികില്‍ വെച്ചാണ് സംഭവം. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കില്‍ കയറ്റാന്‍ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീയെയും പുരുഷനെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്

തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്

കൊല്ലം: എംഎസ് സി എല്‍സ 3 കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നര്‍(container fire) നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു.

കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്. ഇവിടെ നിന്ന് കണ്ടെയനറുകള്‍ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വലിയ കണ്ടെയ്‌നറുകള്‍ മുറിച്ചുമാറ്റുന്ന ജോലിക്കിടെ ആയിരുന്നു അപകടം.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീയും പുകയും ഉയരുകയായിരുന്നു. കടലില്‍ നിന്ന് ശക്തമായ കാറ്റടിച്ചതോടെ തീ വ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്.

ആശങ്ക വേണോ? ഇപ്പോള്‍ മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

ആശങ്ക വേണോ? ഇപ്പോള്‍ മത്സ്യം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?

അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മത്സ്യം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമോ എന്നാണ് പലരുടെയും ആശങ്ക. മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുളള എല്ലാവരുടെയും ഉള്ളില്‍ ഈ ചോദ്യമുണ്ട്. മീനുകള്‍ കഴിക്കുന്നത് ദഹനക്കേട് മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാമെന്ന് ആദ്യ സമയത്ത് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.കടലിലേക്ക് മുങ്ങിയ കണ്ടെയ്‌നറുകളില്‍ ഉളള വസ്തുക്കള്‍ കടലില്‍ കലര്‍ന്നിട്ടുണ്ടോ അത് മത്സ്യം കഴിക്കുന്നതിന് പ്രശ്നമാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന സംശയം. കണ്ടെയ്‌നറുകളിലുള്ള പിഎംഎച്ച് എന്ന വസ്തുവിന്റെ സാന്നിധ്യം ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

ആശങ്കവേണ്ടന്ന് ‘കുഫോസ്’

എന്നാല്‍ അറബിക്കടലില്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടന്ന് കേരള സമുദ്ര മത്സ്യപഠന സര്‍വ്വകലാശാല( കുഫോസ്) പ്രൊഫസര്‍ ഡോ. വിഎന്‍ സഞ്ജീവന്‍ പറയുന്നു. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎന്‍ സഞ്ജീവന്‍ വ്യക്തമാക്കി.

വേണ്ട നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ മീന്‍പിടുത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. നിലവില്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മുന്‍കരുതല്‍ മാത്രം മതി.

തിരുവനന്തപുരത്ത് സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ആനാവൂർ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനാണ് വിനോദിനി എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്‌മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂൾ ജീവനക്കാരും മറ്റും ചേർന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാര്യങ്ങള്‍, കരാറുകാര്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതില്‍ ഭരണപരമായി എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്. പ്രശ്‌നമേഖലകളില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, എത്ര വേഗത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരോട് ആരാഞ്ഞതായാണ് സൂചന. വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ, നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.

പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ (OTR) മൊഡ്യൂളിന് പകരമായി കൊണ്ടുവന്ന പുതിയ സംവിധാനം upsconline.nic.in-ല്‍ ലഭ്യമാണ്.

ഐഡന്റിന്റിയുടെയും മറ്റ് വിശദാംശങ്ങളുടെയും എളുപ്പത്തിലുള്ളതും സുഗമമായതുമായ സ്ഥിരീകരണത്തിനും ആധികാരികത ഉറപ്പാക്കലിനും യൂണിവേഴ്‌സല്‍ അപേക്ഷയില്‍ ഐഡി രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ഇതിന് ശേഷം എല്ലാ പരീക്ഷകള്‍ക്കുമുള്ള രേഖയായി ഇത് മാറും. ഇത്തരത്തില്‍ പരീക്ഷയ്ക്ക് മുന്‍പുള്ള അഡ്വാന്‍സ് ഫില്‍ മോഡല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ നേരത്തെ തയ്യാറാക്കാന്‍ സാധിക്കും. പരീക്ഷ രജിസ്‌ട്രേഷന്റെ അവസാന നിമിഷത്തെ വെബ് സൈറ്റിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. ആദ്യ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ മാത്രം നല്‍കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇത് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സമയം ലാഭിക്കാന്‍ സഹായിക്കും. കൂടാതെ അപേക്ഷ സബ്മിഷനുമായി ബന്ധപ്പെട്ട് പിശകുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നും യുപിഎസ്എസിയുടെ നോട്ടീസില്‍ പറയുന്നു.

അപ്ഗ്രേഡ് ചെയ്ത പോര്‍ട്ടല്‍ നാല് ഭാഗങ്ങളുള്ള ഒരു ഘടനയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മിക്ക വിവരങ്ങളും മുന്‍കൂട്ടി നല്‍കാനും പരീക്ഷാ അറിയിപ്പുകള്‍ പുറത്തിറങ്ങുമ്പോള്‍ വേഗത്തില്‍ അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു. നാല് മൊഡ്യൂളുകള്‍ താഴെ:

അക്കൗണ്ട് ക്രിയേഷന്‍

യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍

പൊതു അപേക്ഷാ ഫോം

പരീക്ഷാ വിഭാഗം

ആദ്യത്തെ മൂന്ന് വിഭാഗങ്ങളില്‍ എല്ലാ പരീക്ഷകളുമായി ബന്ധപ്പെട്ട പൊതുവായി നല്‍കേണ്ട വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഏത് സമയത്തും പൂര്‍ത്തിയാക്കാനും കഴിയും. നിര്‍ദിഷ്ട പരീക്ഷയുമായി ബന്ധപ്പെട്ട് വിജ്ഞാപനം വരുമ്പോള്‍ മാത്രമേ പരീക്ഷയുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ അവരുടെ ആധാര്‍ കാര്‍ഡ് പ്രാഥമിക ഐഡിയായി ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ആധാറുമായി ലിങ്ക് ചെയ്ത രജിസ്‌ട്രേഷന്‍ സുഗമമായ സ്ഥിരീകരണവും പ്രാമാണീകരണവും ഉറപ്പാക്കുന്നു. ഒരിക്കല്‍ പൂര്‍ത്തിയായാല്‍, ഭാവിയിലെ എല്ലാ അപേക്ഷകള്‍ക്കും ഇത് ഒരു സ്ഥിരമായ തിരിച്ചറിയല്‍ രേഖയായി മാറുന്നുവെന്നും യുപിഎസ് സി അറിയിച്ചു.

പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്

മുന്‍ രജിസ്‌ട്രേഷന്‍ പരിഗണിക്കാതെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇപ്പോള്‍ പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ സിസ്റ്റം ഇനി സാധുവായിരിക്കില്ല. അപ്‌ഡേറ്റ് ചെയ്ത പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും പുതുതായി അപ്ലോഡ് ചെയ്യണം.

ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്

https://upsconline.nic.in സന്ദര്‍ശിക്കുക

ഏതെങ്കിലും പരീക്ഷാ അറിയിപ്പിന് വളരെ മുമ്പുതന്നെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുക

സുഗമമായ പ്രാമാണീകരണത്തിനായി ആധാര്‍ ഉപയോഗിക്കുക

ഫോം സമര്‍പ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കുക