കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാര്യങ്ങള്‍, കരാറുകാര്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതില്‍ ഭരണപരമായി എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്. പ്രശ്‌നമേഖലകളില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, എത്ര വേഗത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരോട് ആരാഞ്ഞതായാണ് സൂചന. വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ, നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.

പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ (OTR) മൊഡ്യൂളിന് പകരമായി കൊണ്ടുവന്ന പുതിയ സംവിധാനം upsconline.nic.in-ല്‍ ലഭ്യമാണ്.

ഐഡന്റിന്റിയുടെയും മറ്റ് വിശദാംശങ്ങളുടെയും എളുപ്പത്തിലുള്ളതും സുഗമമായതുമായ സ്ഥിരീകരണത്തിനും ആധികാരികത ഉറപ്പാക്കലിനും യൂണിവേഴ്‌സല്‍ അപേക്ഷയില്‍ ഐഡി രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ഇതിന് ശേഷം എല്ലാ പരീക്ഷകള്‍ക്കുമുള്ള രേഖയായി ഇത് മാറും. ഇത്തരത്തില്‍ പരീക്ഷയ്ക്ക് മുന്‍പുള്ള അഡ്വാന്‍സ് ഫില്‍ മോഡല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ നേരത്തെ തയ്യാറാക്കാന്‍ സാധിക്കും. പരീക്ഷ രജിസ്‌ട്രേഷന്റെ അവസാന നിമിഷത്തെ വെബ് സൈറ്റിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. ആദ്യ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ മാത്രം നല്‍കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇത് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സമയം ലാഭിക്കാന്‍ സഹായിക്കും. കൂടാതെ അപേക്ഷ സബ്മിഷനുമായി ബന്ധപ്പെട്ട് പിശകുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നും യുപിഎസ്എസിയുടെ നോട്ടീസില്‍ പറയുന്നു.

അപ്ഗ്രേഡ് ചെയ്ത പോര്‍ട്ടല്‍ നാല് ഭാഗങ്ങളുള്ള ഒരു ഘടനയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മിക്ക വിവരങ്ങളും മുന്‍കൂട്ടി നല്‍കാനും പരീക്ഷാ അറിയിപ്പുകള്‍ പുറത്തിറങ്ങുമ്പോള്‍ വേഗത്തില്‍ അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു. നാല് മൊഡ്യൂളുകള്‍ താഴെ:

അക്കൗണ്ട് ക്രിയേഷന്‍

യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍

പൊതു അപേക്ഷാ ഫോം

പരീക്ഷാ വിഭാഗം

ആദ്യത്തെ മൂന്ന് വിഭാഗങ്ങളില്‍ എല്ലാ പരീക്ഷകളുമായി ബന്ധപ്പെട്ട പൊതുവായി നല്‍കേണ്ട വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഏത് സമയത്തും പൂര്‍ത്തിയാക്കാനും കഴിയും. നിര്‍ദിഷ്ട പരീക്ഷയുമായി ബന്ധപ്പെട്ട് വിജ്ഞാപനം വരുമ്പോള്‍ മാത്രമേ പരീക്ഷയുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ അവരുടെ ആധാര്‍ കാര്‍ഡ് പ്രാഥമിക ഐഡിയായി ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ആധാറുമായി ലിങ്ക് ചെയ്ത രജിസ്‌ട്രേഷന്‍ സുഗമമായ സ്ഥിരീകരണവും പ്രാമാണീകരണവും ഉറപ്പാക്കുന്നു. ഒരിക്കല്‍ പൂര്‍ത്തിയായാല്‍, ഭാവിയിലെ എല്ലാ അപേക്ഷകള്‍ക്കും ഇത് ഒരു സ്ഥിരമായ തിരിച്ചറിയല്‍ രേഖയായി മാറുന്നുവെന്നും യുപിഎസ് സി അറിയിച്ചു.

പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്

മുന്‍ രജിസ്‌ട്രേഷന്‍ പരിഗണിക്കാതെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇപ്പോള്‍ പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ സിസ്റ്റം ഇനി സാധുവായിരിക്കില്ല. അപ്‌ഡേറ്റ് ചെയ്ത പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും പുതുതായി അപ്ലോഡ് ചെയ്യണം.

ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്

https://upsconline.nic.in സന്ദര്‍ശിക്കുക

ഏതെങ്കിലും പരീക്ഷാ അറിയിപ്പിന് വളരെ മുമ്പുതന്നെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുക

സുഗമമായ പ്രാമാണീകരണത്തിനായി ആധാര്‍ ഉപയോഗിക്കുക

ഫോം സമര്‍പ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കുക

ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ) അന്തരിച്ചു

ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ) അന്തരിച്ചു

കുടവൂർ, മുറിഞ്ഞപാലം, നന്ദനത്തിൽ ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ, ആറ്റിങ്ങൽ ബോയ്സ് ജി എച്ച് എസ് എസ്) അന്തരിച്ചു.

ഭാര്യ: കുമാരി ഗിരിജ കെ. ജി
മകൾ: റീന റാണി (അധ്യാപിക, ജി വി ആർ എം യു പി സ്കൂൾ, കിഴുവിലം)
മരുമകൻ: ചന്ദ്രശേഖരൻ നായർ കെ (റിട്ട. ഡി ജി എം, കേരള ബാങ്ക്)

വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന സ്‌കൂള്‍ മുതല്‍ വീടുവരെ ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന സ്‌കൂള്‍ മുതല്‍ വീടുവരെ ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൊഴുതന ടൗണില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.

ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ആന ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമിക്കാനെത്തിയ ആനയെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലധികം ആനകള്‍ പൊഴുതനയില്‍ ഇറങ്ങിയിരുന്നു. വീടിന് സമീപത്തുകൂടി ആനകള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു പ്രശ്നവുമില്ല! ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

ഒരു പ്രശ്നവുമില്ല! ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദനെതിരെ പിആർഒ വിപിൻ കുമാർ പരാതിയുമായി രം​ഗത്തെത്തിയത്. ടൊവിനോ നായകനായെത്തിയ നരിവേട്ട സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതാണ് ഉണ്ണി മുകുന്ദനെ
ചൊടിപ്പിച്ചത് എന്നായിരുന്നു വിപിന്റെ ആരോപണം. ഇതിന് വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രം​ഗത്തെത്തുകയും ചെയ്തു. ടൊവിനോയുമായി തന്നെ തെറ്റിക്കാനാണ് വിപിന്റെ ശ്രമമെന്നും ഉണ്ണി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾ നിലനിൽക്കെ ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഉണ്ണി ചാറ്റ് പങ്കുവച്ചത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്.

സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്.സിനിമയിൽ പരസ്പരം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ടൊവിനോയും ഉണ്ണിയും. ‘മാർക്കോ’ സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷത്തിൽ ടൊവിനോയും ഉണ്ണിക്കൊപ്പം സന്തോഷം പങ്കുവയ്ക്കാൻ എത്തിയിരുന്നു. അതേസമയം വിപിൻ കുമാറിന്റെ പരാതിക്ക് പിന്നാലെ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും

ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും

തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐബിയും ചേർന്ന് പിടികൂടിയത്.

13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു സ്ക്രൂ എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഇത് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു.അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ വിസ്തൃതിയുള്ള വലിയൊരു അറയായിരുന്നു. ഏകദേശം ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. നേരത്തെയും കഞ്ചാവും മയക്കുമരുന്നുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.