ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടുന്നതാണ്.

പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി: 2025 ആഗസ്ത് 24
പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാണ് ചെയ്യാൻ സാധിക്കുന്നത് .

‘നിലമ്പൂരില്‍ വേണ്ടത് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി’; യുഡിഎഫുമായി പരസ്യമായി ഇടഞ്ഞ് പി വി അന്‍വര്‍, അതൃപ്തി അറിയിച്ച് ജോയി പക്ഷവും

‘നിലമ്പൂരില്‍ വേണ്ടത് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി’; യുഡിഎഫുമായി പരസ്യമായി ഇടഞ്ഞ് പി വി അന്‍വര്‍, അതൃപ്തി അറിയിച്ച് ജോയി പക്ഷവും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയാകുന്നു. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിട്ടുള്ള ധാരണ. അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് പ്രഖ്യാപിക്കേണ്ടത്. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അന്‍വറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അന്‍വര്‍ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതില്‍ വി എസ് ജോയി പക്ഷം കോണ്‍ഗ്രസ് നേതാക്കളെ കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ട്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെ അപ്പോള്‍ തീരുമാനം പറയാമെന്ന് പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫും പി വി അന്‍വറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഞാന്‍ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനര്‍ത്ഥം. പ്രതീക്ഷകള്‍ ഒന്നും വെച്ചു പുലര്‍ത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാല്‍ മതിയല്ലോ. സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി തീരുമാനം നീണ്ടുപോകുന്നതില്‍ തനിക്ക് ഒരു അതൃപ്തിയുമില്ല. അനുയായികള്‍ക്ക് ഇതില്‍ അതൃപ്തിയും വിഷമവും ഉണ്ടാകുന്നത് ഉറപ്പാണ്. യുഡിഎഫില്‍ താനിപ്പോള്‍ അസോസിയേറ്റഡ് മെമ്പര്‍ പോലുമല്ല. അസോസിയേറ്റഡ് മെമ്പര്‍ എന്നു പറഞ്ഞാല്‍ ബസിന്റെ സ്റ്റെപ്പില്‍ നില്‍ക്കുകയെന്നാണ്. ആ വാതില്‍ പോലും ഇപ്പോഴും തുറന്നിട്ടില്ലയെന്ന് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ നേതാക്കളുണ്ടല്ലോ, അവരെല്ലാം കൂടി തീരുമാനിച്ചോട്ടെയെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാല്‍ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണ് ദൗത്യം. പിണറായി ഇനിയും അധികാരത്തില്‍ വരുമെന്ന കള്ള പ്രചാരണം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അതല്ല വസ്തുത എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതു കൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവെച്ചത്. ആ ലക്ഷ്യത്തിലേക്കല്ലേ നീങ്ങേണ്ടത് ?. അതിനപ്പുറമുള്ള താല്‍പ്പര്യങ്ങളിലേക്കാണോ നീങ്ങേണ്ടത് ?. എന്തെങ്കിലും ഇക്വേഷന്‍സ് ബാലന്‍സ് ചെയ്യാനാണോ ശ്രമിക്കേണ്ടതെന്നും പി വി അന്‍വര്‍ ചോദിച്ചു.

നിലമ്പൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല. പല തവണ അവര്‍ ഈ വിഷയം യുഡിഎഫില്‍ ഉന്നയിച്ചിട്ടുള്ളതാണ്. ആ നിലയ്ക്ക് അവര്‍ക്ക് പരിഗണന നല്‍കേണ്ടതുണ്ട്. ഡിസിസി പ്രസിഡന്റായ വി എസ് ജോയി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി വി എസ് ജോയ് ആണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തിന് നല്ലത്. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാമിത്. പിണറായിയുടെ മുമ്പില്‍ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കാന്‍ തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ആലോചന നടക്കണം. തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാല്‍ പി വി അന്‍വറും മത്സരിക്കാന്‍ ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘വെള്ളം തൊട്ടാല്‍ തീപിടിക്കും, കാല്‍സ്യം കാര്‍ബൈഡ് അപകടകാരി’; കണ്ടെയ്നറുകളുടെ അടുത്തു പോവരുതെന്ന മുന്നറിയിപ്പിന് പിന്നില്‍

‘വെള്ളം തൊട്ടാല്‍ തീപിടിക്കും, കാല്‍സ്യം കാര്‍ബൈഡ് അപകടകാരി’; കണ്ടെയ്നറുകളുടെ അടുത്തു പോവരുതെന്ന മുന്നറിയിപ്പിന് പിന്നില്‍

കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ 3 ലെ കണ്ടെയ്‌നറുകള്‍ തീരത്തടിയുമ്പോള്‍ ഒരു തരത്തിലും സമ്പര്‍ക്കം പാടില്ലെന്ന് ആവര്‍ത്തിക്കുകയാണ് അധികൃതര്‍. തീരത്തടിയുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നതിനാല്‍ ഇത്തരം വസ്തുക്കളില്‍ നിന്ന് 200 മീറ്ററെങ്കിലും അകലം പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും ആവശ്യപ്പെടുന്നു, കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശങ്ങളിലെ ആളുകളെ ഉള്‍പ്പെടെ മാറ്റിയാണ് അധികൃതര്‍ സുരക്ഷ ഒരുക്കുന്നത്.

മുങ്ങിയ കപ്പലിലെ പതിമൂന്നോളം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മറ്റുള്ള 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയുയര്‍ത്തുന്ന ഏത് തരം വസ്തുക്കളുണ്ടാകാനും സാധ്യതയുണ്ട്.

എംഎസ്സി എല്‍സ 3 കപ്പലില്‍ 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് (Calcium Carbide) എന്ന രാസവസ്തു ഉണ്ടെന്ന് ഇതിനോടകം വ്യക്തമാണ്. വെള്ളവുമായി കാല്‍സ്യം കാര്‍ബൈഡ് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അസറ്റിലീന്‍ വാതകം രൂപം കൊള്ളും. വളരെ എളുപ്പത്തില്‍ തീപിടിക്കുന്നതും സ്‌ഫോടന സാധ്യതയുള്ളതുമായ ഒരു വാതകമാണ് അസറ്റിലീന്‍.

കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം എംഎസ്സി എല്‍സ 3 ലെ അപകടകരമായ രാസവസ്തുക്കള്‍ക്ക് പുറമെ ധാരാളം ഇന്ധനവും (ഡീസലും ഫര്‍ണസ് ഓയിലും) ഉണ്ട്. കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടെന്നാണ് കണക്കുകള്‍. കപ്പല്‍ പൂര്‍ണ്ണമായി മുങ്ങിയതോടെ ഈ വസ്തുക്കള്‍ കടലില്‍ കലരുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

അപകടകരമായ വസ്തുക്കളുടെ നീക്കം കടല്‍ മാര്‍ഗം നടത്തുന്നത് പതിവാണ്. ഇത്തരം അപകടകരമായ ചരക്ക് നീക്കത്തില്‍ മുന്‍കരുതലും പലവിധത്തിലാണ്. ചരക്ക് നീക്കത്തില്‍ അപകടകരമായ വസ്തുക്കളെ പ്രധാനമായും ഒമ്പത് ക്ലാസുകളായാണ് തരം തിരിച്ചിരിക്കുന്നത്.

സ്‌ഫോടക വസ്തുക്കള്‍ (Explosives):

വാതകങ്ങള്‍ (Gases): പ്രൊപ്പെയ്ന്‍, അസറ്റിലീന്‍, ക്ലോറിന്‍.

തീപിടിക്കുന്ന സ്വഭാവമുള്ള ദ്രാവകങ്ങള്‍ (Flammable Liquids): പെട്രോള്‍, പെയിന്റ്, ആല്‍ക്കഹോള്‍.

തീപിടിക്കുന്ന സ്വഭാവമുള്ള ഖരവസ്തുക്കള്‍ (Flammable Solids): തീപ്പെട്ടികള്‍, സള്‍ഫര്‍, ചില ലോഹ പൊടികള്‍.

ഓക്‌സിഡൈസിങ് ഏജന്റുകള്‍ (Oxidizing Agents) & ഓര്‍ഗാനിക് പെറോക്‌സൈഡുകള്‍ (Organic Peroxides): ഹൈഡ്രജന്‍ പെറോക്‌സൈഡ്, വളങ്ങള്‍.

വിഷവസ്തുക്കള്‍ (Toxic Substances) & പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കള്‍ (Infectious Substances): കീടനാശിനികള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍.

റേഡിയോ ആക്ടീവ് വസ്തുക്കള്‍ (Radioactive Materials): മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍.

കാര്‍ബണിക വസ്തുക്കള്‍ (Corrosive Substances): ആസിഡുകള്‍, ക്ഷാരങ്ങള്‍.

അപകടകരമായ വസ്തുക്കള്‍ (Miscellaneous Dangerous Goods): ലിഥിയം ബാറ്ററികള്‍, ഡ്രൈ ഐസ്.

12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

12 ശതമാനം പലിശ വാഗ്ദാനം; സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍. മാസം തോറും പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം നിക്ഷേപമായി സ്വീകരിച്ചത്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. 2008 ല്‍ തുടങ്ങിയ സ്ഥാപനത്തിന് കേരളത്തിലും ചെന്നൈയിലുമായി 16 ഓളം ശാഖകളുണ്ട്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ദേശീയപാത 66ന് ഭൂമി വിട്ടുനല്‍കി പണം കിട്ടിയവരില്‍ നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.

അമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി, പ്രതി പിടിയില്‍

അമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി, പ്രതി പിടിയില്‍

തിരുനെല്ലി: വയനാട് മാനന്തവാടിയില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലപ്പെട്ട ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കേസിലെ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്ന വനമേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രവീണയെ പങ്കാളിയായ ദിലീഷ് കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. കുട്ടിക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ്‍ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാക്കി.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ദിലീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.