അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ

അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ

ചിറയിൻകീഴ്: അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയിലൂടെ 7 കോടി രൂപയുടെ വികസനപദ്ധതികളാണ് ചിറയിൻകീഴിൽ നടപ്പാക്കിയത്. സ്റ്റേഷന്റെ മുഖച്ഛായമാറ്റിയ നവീകരണപ്രവർത്തനങ്ങളാണ് നടന്നത്.

വിശാലമായ വാഹന പാർക്കിങ്ങും പ്രധാന സ്റ്റേഷൻ മന്ദിരത്തിന്റെ മാറ്റവുമാണ് എടുത്തുപറയേണ്ടത്. മൂന്ന് ഏക്കറോളംവരുന്ന ചിറയിൻകീഴിലെ റെയിൽവേ ഭൂമിയിലാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്.

വിശാലമായ പാർക്കിങ് യാർഡ്, മനോഹരമായ പ്രവേശനകവാടം എന്നിവയും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നവയാണ്. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിനു സമീപം സർവറോഡിന് അഭിമുഖമായാണ് പ്രവേശനകവാടം. ഒരേസമയം അഞ്ഞൂറോളം വാഹന പാർക്കിങ്ങിന് ഇവിടെ സൗകര്യമുണ്ട്.

സ്റ്റേഷൻ സമുച്ചയനവീകരണം, കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കൽ, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ടിക്കറ്റ് വിതരണകേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങൾ, സ്റ്റേഷൻ സമുച്ചയത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിങ്, പ്ലാറ്റ്ഫോമുകൾ ടൈൽ പാകി നവീകരിക്കൽ, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവർബ്രിഡ്ജ്, മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, ചുറ്റുമതിൽകെട്ടി സംരക്ഷണമൊരുക്കൽ, ഡ്രെയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിങ് ഗ്രൗണ്ടിലും വൈദ്യുത ദീപമൊരുക്കൽ, പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടൽ, ഫാനുകളും ശുദ്ധജല സംവിധാനവുമൊരുക്കൽ, ഭക്ഷണശാല, യാത്രക്കാരുടെ സൗകര്യാർഥമുള്ള വിപണനശാലകൾ എന്നിവയാണ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്. രണ്ടു ഘട്ടങ്ങളിലൂടെയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.

ചിറയിൻകീഴിലെ സ്റ്റേഷൻ നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് റെയിൽവേക്കു വേണ്ടിവന്നത്.രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകൾ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ഡിവിഷനിൽ കുഴിത്തുറൈ, ചിറയിൻകീഴ് അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശഭക്തി വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് പ്രാദേശിക ചടങ്ങിനുശേഷം അതത് സ്റ്റേഷനുകളിൽ രാവിലെ 10.30മുതൽ തത്സമയം കാണാവുന്നതാണ്.

പാസഞ്ചർ അസോസിയേഷനുകൾ, സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡുകൾ, റെയിൽവേ ജീവനക്കാർ, റെയിൽ ഉപയോക്താക്കൾ എന്നിവർ സ്‌റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ദേശസ്‌നേഹ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കായി മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തും. വിജയികൾക്കു സമ്മാനവും നൽകും.

7.036 കോടി ചെലവിൽ നവീകരിച്ച സ്റ്റേഷനിൽ മികച്ച യാത്രാ അന്തരീക്ഷം പ്രദാനംചെയ്യുന്നതിനായി ഒരു സൗന്ദര്യാത്മക കമാനം, മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ, ഷെൽട്ടറുകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം ഡിസ്‌പ്ലേകൾ, ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ എന്നിവയുണ്ട്.

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മംഗലപുരത്ത് 65 കാരന് കുത്തേറ്റു

തിരുവനന്തപുരം മംഗലപുരത്ത് 65 കാരന് കുത്തേറ്റു

തിരുവനന്തപുരം മംഗലപുരത്ത് 65 കാരന് കുത്തേറ്റു. മംഗലപുരം പാട്ടത്തിൽ സ്വദേശി താഹയ്ക്കാണ് (65) കുത്തേറ്റത്. താഹയെ കുത്തിയ സമീപവാസിയായ റാഷിദ് (31) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വീട്ടിനകത്ത് കയറിയായിരുന്നു ആക്രമണം.

രക്ഷപ്പെടാനായി താഹ മുകളിലത്തെ നിലയിലേയ്ക്ക് കയറിയെങ്കിലും റാഷിദ് പിന്നാലെ ചെന്ന് കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുചാടി. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ അറിയിച്ചത് തന്നെ തുടർന്ന് സ്ഥലത്തെത്തിയ മംഗലപുരം പോലീസ് റാഷിദിനെ കസ്റ്റഡിയിലെടുത്തു. റാഷിദ് മുൻപും ഇയാളെ മർദ്ദിച്ചിരുന്നു. റാഷിദിന് മാനസിക പ്രശ്നം ഉള്ളതായിട്ടാണ് പ്രാഥമിക സൂചന.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ ആർ.എസ്. പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി വിനയൻ മേലാറ്റിങ്ങൽ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ ജയകുമാർ, വിജയൻ പിള്ള സോപാനം, അഭിരാജ് വൃന്ദാവനം, ദിവാകരൻപിള്ള എസ് തുടങ്ങിയവർ പങ്കെടുത്തു.

പ്ലസ് ടു ഫലം നാളെ മൂന്നിന്; എങ്ങനെ റിസള്‍ട്ട് അറിയാം

പ്ലസ് ടു ഫലം നാളെ മൂന്നിന്; എങ്ങനെ റിസള്‍ട്ട് അറിയാം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30 മുതല്‍ ഫലമറിയാം.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.

4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതിയത്.

അറിയിപ്പ്

അറിയിപ്പ്

1999 ലെ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സ്കാറ്റേർഡ് വിഭാഗം ക്ഷേമ പദ്ധതിയിൽ അഞ്ചു വർഷത്തിൽ താഴെ വിഹിതമടവിൽ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളിൽ നിന്നും 2025 മേയ് 31 വരെ വിഹിത കുടിശ്ശിക പിഴ പലിശ സഹിതം ഈടാക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം ഉണ്ട്.

ആറ്റിങ്ങൽ ഉപകാര്യാലയത്തിൽ വച്ചു 26/05/2025 ന് സ്കാറ്റേർഡ് മേള നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾ ഒറിജിനൽ പാസ്സ് ബുക്ക്‌ ഓഫീസിൽ ഹാജരാക്കി, ഓഫീസിൽ നിന്നും രേഖപ്പെടുത്തി തരുന്ന ചെല്ലാൻ മുഖേന ബാങ്കിൽ അടവാക്കി അംഗത്വം പുന സ്ഥാപിക്കേണ്ടതാണ്.