500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും; യുഎഇയില്‍ ഫ്‌ളൈയിങ് ടാക്‌സികളുടെ ട്രയല്‍ റണ്‍ ജൂലൈയില്‍

500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും; യുഎഇയില്‍ ഫ്‌ളൈയിങ് ടാക്‌സികളുടെ ട്രയല്‍ റണ്‍ ജൂലൈയില്‍

അബുദാബി: യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍.

ഭൂമിയില്‍നിന്നും 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലാകും പറക്കുക. ഇതിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത ഒരുക്കിയെന്നും അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ ആദം ഗോള്‍ഡ്സ്റ്റീന്‍ പറഞ്ഞു.

കാറില്‍ ഒന്നര മണിക്കൂര്‍ എടുക്കുന്ന യാത്രയ്ക്ക് ഫ്‌ലൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിറ്റ് മതി. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിര്‍ഹമാണ് നിരക്ക്. യുഎഇയില്‍ സര്‍വീസ് നടത്തുന്ന പറക്കും ടാക്‌സിയുടെ മാതൃക കമ്പനി പ്രദര്‍ശിപ്പിച്ചു. അഡ്നെക് സെന്ററില്‍ എത്തിയാല്‍ സന്ദര്‍ശകര്‍ക്ക് പറക്കും ടാക്‌സിയുടെ മാതൃക നേരിട്ട് കാണാന്‍ കഴിയും.

അബുദാബി മിനാ സായിദിലെ ക്രൂസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ടാക്കുന്നതിനുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ രൂപകല്‍പ്പന ജിസിഎഎ അംഗീകാരിച്ചു. ഒരേസമയം ഹെലികോപ്റ്റര്‍, ഫ്‌ലൈയിങ് ടാക്‌സി എന്നിവയ്ക്ക് സര്‍വീസ് നടത്താന്‍ അനുയോജ്യമായ വിധത്തിലാണ് നവീകരണം. പറക്കും ടാക്‌സി സേവനം സംബന്ധിച്ച് ആര്‍ച്ചര്‍ ഏവിയേഷനുമായി കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ദുബായിലെയും അബുദാബിയിലെയും നിര്‍ണായക സ്ഥലങ്ങളില്‍ എയര്‍ ടാക്‌സി സേവനത്തിനാവശ്യമായ വെര്‍ട്ടിപോര്‍ട്ടുകളും നിര്‍മിക്കും. ആദ്യഘട്ടത്തില്‍ അബുദാബിക്കുള്ളിലാണ് സേവനം.

ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് ഹരിത കർമ്മസേനാ പ്രവർത്തകർ ഉടമയ്ക്ക് തിരികെ നൽകി

ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് ഹരിത കർമ്മസേനാ പ്രവർത്തകർ ഉടമയ്ക്ക് തിരികെ നൽകി

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന കടവിള സ്ഥാപിച്ചിരുന്ന ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് ഹരിത കർമ്മസേനാ പ്രവർത്തകർ ഉടമയ്ക്ക് തിരികെ നൽകി. അടയമൺ സ്വദേശി സുബീനയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്സ്ണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 8ന് സുബീന ആറ്റിങ്ങലിൽ നിന്നും കിളിമാനൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പണം, ആധാർ കാർഡ്, എ.ടി.എം കാർഡുകൾ, പാൻകാർഡ്, ലൈസൻസ്, വീടിന്റെ താക്കോൽ, ചികിത്സാ രേഖകൾ എന്നിവയടങ്ങിയ പഴ്സ് മോഷണം പോയത്.

ഈ പഴ്സിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണമെടുത്തിട്ട് മോഷ്ടാവ് പഴ്സ് ബിന്നിൽ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ബിൻ വൃത്തിയാക്കി സാധനങ്ങളെടുത്ത് തരംതിരിക്കവെയാണ് കർമ്മസേനാ പ്രവർത്തകരായ ശോഭ,സിന്ധുമതി എന്നിവർക്ക് പഴ്സ് ലഭിച്ചത്.ഇവർ ഉടനെ കർമ്മസേനാ ആർ.പി പ്രവീണിനെ വിവരമറിയിച്ചു. പ്രവീൺ പഴ്സിലുള്ള മെഡിക്കൽ രേഖയിൽ നിന്ന് ഫോൺ നമ്പറെടുത്ത് ഉടമയെ അറിയിക്കുകയായിരുന്നു.നഗരൂർ സ്റ്റേഷനിൽ വച്ച് എസ.എച്ച്.ഒ അജയന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ

അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം: അറബിക്കടലില്‍ നാളെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മഴ ദുര്‍ബലമാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ചയും ഞായറാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ കര്‍ണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെ ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ച് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുപിഐ ഇടപാടുകളില്‍ മാറ്റം, ജൂണ്‍ 30ന് പ്രാബല്യത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുപിഐ ഇടപാടുകളില്‍ മാറ്റം, ജൂണ്‍ 30ന് പ്രാബല്യത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ ചട്ടവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ‘‘ultimate beneficiary name’ മാത്രമേ യുപിഐ ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ ചട്ടം ജൂണ്‍ 30ന് പൂര്‍ണമായി നടപ്പിലാക്കും.

ഓണ്‍ലൈനായി പണം കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു എളുപ്പ മാര്‍ഗമാണ് യുപിഐ. ചിലപ്പോള്‍, പേയ്മെന്റ് നടത്തുമ്പോള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം പോകാറുണ്ട്. ആശയക്കുഴപ്പം മൂലമോ അല്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ സേവ് ചെയ്തിരിക്കുന്ന സമാനമായ പേരുകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം അനുസരിച്ച് ഇനി ഇത്തരത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന സ്ഥിതി ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടപാട് കണ്‍ഫര്‍മേഷന്‍ സ്‌ക്രീനിലും ഇടപാട് ഹിസ്റ്ററിയിലും സ്വീകര്‍ത്താവിന്റെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത പേര് മാത്രമാണ് തെളിയുന്നതെന്ന് ഉറപ്പാക്കാന്‍ യുപിഐ സേവനം നല്‍കുന്ന ആപ്പുകളോട് എന്‍പിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജൂണ്‍ 30-ഓടെ പൂര്‍ണ്ണമായും നടപ്പിലാക്കും. ഈ നിര്‍ദ്ദേശം ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി നടത്തുന്ന ഇടപാടിനും ഒരു വ്യക്തി മറ്റൊരു വ്യാപാരിയുമായി നടത്തുന്ന ഇടപാടുകള്‍ക്ക് ബാധകമാകും.

അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യുപിഐ ഉപയോക്താക്കള്‍ക്ക് നല്‍കുകയും അവരുടെ ഫണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. GooglePay, PhonePe, Paytm, BHIM പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഈ അപ്ഡേറ്റ് അവരുടെ സിസ്റ്റങ്ങളില്‍ സംയോജിപ്പിക്കും.

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു.

അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷന്‍ നടത്തിയത്.

നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് ടീമുകള്‍ പ്രദേശത്ത് ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമുള്ള ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വനങ്ങളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് പുതിയ സംഭവം.

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റാർ കടകളുടെ ലൈസൻസ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.

സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.