ട്രാൻസ്‌പോർട്ട് ബസിൽ സ്വാമിമാരുടെ വേഷത്തിൽ ‘ഭായി’മാരുടെ യാത്ര, പിടിച്ചപ്പോൾ കിട്ടിയത് നാല് കിലോ കഞ്ചാവ്

ട്രാൻസ്‌പോർട്ട് ബസിൽ സ്വാമിമാരുടെ വേഷത്തിൽ ‘ഭായി’മാരുടെ യാത്ര, പിടിച്ചപ്പോൾ കിട്ടിയത് നാല് കിലോ കഞ്ചാവ്

നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.

ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു.

സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ ഇന്ന് വിധി

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ ഇന്ന് വിധി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

‘സ്വരാജുകളല്ലാത്ത കള്ള നാണയങ്ങൾ ഉറക്കം കിട്ടാതെ ശയന പ്രദക്ഷിണം നടത്തും, ജയ് മോദിജി…’

‘സ്വരാജുകളല്ലാത്ത കള്ള നാണയങ്ങൾ ഉറക്കം കിട്ടാതെ ശയന പ്രദക്ഷിണം നടത്തും, ജയ് മോദിജി…’

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇടതുപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചും നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

നരേന്ദ്ര മോദിയുടെ ഫോട്ടോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടി നിലപാട് പറയുന്നത്. രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള മനുഷ്യന്‍ എന്ന വിശേഷണമാണ് ഹരീഷ് പേരടി പ്രധാനമന്ത്രിയെ കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. യുദ്ധം വേണ്ട എന്ന മഹാന്‍മാരുടെ മുദ്രാവാക്യങ്ങള്‍ ചേരാത്ത സ്വന്തം നെറ്റിയില്‍ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങള്‍ എന്നാണ് നടന്‍ ഉയര്‍ത്തുന്ന വിമര്‍ശനം. യുദ്ധം ഒഴിവാക്കേണ്ടതാണെന്ന സിപിഎം നേതാവ് എം സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടുകളെയാണ് പോസ്റ്റ് പരോക്ഷമായി വിമര്‍ശിക്കുന്നത് എന്നാണ് സൂചന.

ഹരീഷ് പേരടിയുടെ പോസ്റ്റ് –

ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയിൽ സുഖമായി ഉറങ്ങും.. പക്ഷെ എല്ലാ 51 വെട്ടുകളേയും, ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയൻ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന.. സ്വരാജുകളല്ലാത്ത അയൽരാജുകളായ കള്ള നാണയങ്ങൾ.. യുദ്ധം വേണ്ട എന്ന മഹാൻമാരുടെ മുദ്രാവാക്യങ്ങൾ ചേരാത്ത സ്വന്തം നെറ്റിയിൽ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങൾ.. ഇന്ന് കിടക്കപായയിൽ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ് ..

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.

കഴിഞ്ഞവർഷം എസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,
www.prd.kerala.gov.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾ നമ്പറും ജനന തീയതിയും നൽകി എസ്എസ്എൽസി ഫലം 2025 ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും ഇതേ വെബ്സൈറ്റുകളിൽ അവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചും പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻ കഴിയും.

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും, നാളെ രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നാളെ രാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ 8 ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ചു.

എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മെയ് 5 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പകര്‍പ്പ് കൈമാറുകയും ചെയ്തു. 1950 ലെ ആര്‍ പി ആക്ട് സെക്ഷന്‍ 24 (എ) പ്രകാരം, ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇപ്പോള്‍ ആര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.