വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ജീവനെടുത്തു; തിരുവനന്തപുരത്ത് ബൈക് യാത്രികൻ മരിച്ചു

വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ജീവനെടുത്തു; തിരുവനന്തപുരത്ത് ബൈക് യാത്രികൻ മരിച്ചു

പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺവേ തെറ്റിച്ചാണ് ബസ് വന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

2025-26 അധ്യയന വർഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തീയതി പ്രഖ്യാപിച്ചു

2025-26 അധ്യയന വർഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025-06 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയൽ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂൺ 2നാണ്.

രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂൺ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംശയ രോ​ഗം; റാന്നിയിൽ നവവധുവിനെ അതിക്രൂരമായി മർദ്ദിച്ചു

സംശയ രോ​ഗം; റാന്നിയിൽ നവവധുവിനെ അതിക്രൂരമായി മർദ്ദിച്ചു

റാന്നി: സംശയത്തി​ന്റെ പേരിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ചു. ഭർത്താവ് പിടിയിൽ. പത്തനംതിട്ടയിലെ പെരുനാട് വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ 39 കാരനായ എസ് ഷാൻ ആണ് പിടിയിലായത്. മലപ്പുറം സ്വദേശി 34 കാരിയായ കെ ഫാത്തിമയ്ക്കാണ് ഭർത്താവിന്‍റെ ക്രൂര മർദ്ദനമേറ്റത്. റബ്ബർ കമ്പുകൊണ്ട് മുഖത്ത് അടിയേറ്റതിനെത്തുടർന്ന് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. ഭാര്യ ഫോണിൽ സംസാരിക്കുന്നതിനടക്കം പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പരാതി.

ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്ക ദിവസവും ഷാൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ ഭർത്താവ് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കിയതായും യുവതി ആരോപിച്ചു. ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. നാലാം തീയതി വൈകുന്നേരം ആറ് മണിയോടെയാണ് ഷാൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.

വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് പറമ്പിൽ നിന്നും ഒരു റബ്ബർ കമ്പെടുത്ത് യുവതിയുടെ ഇടത് കവിളിൽ അടിച്ചു. അടിയേറ്റ് ഫാത്തിമയുടെ അണപ്പല്ല് ഇളകി വീണു. വീട്ടിലെ ഹാളിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വേദന കാരണം നിലവിളിച്ചപ്പോൾ ഭർത്താവ് കൈ വീശി വീണ്ടും മുഖത്തടിച്ചെന്ന് യുവതി പറഞ്ഞു.

ഭാര്യയെ അടിച്ചു താഴെയിട്ടശേഷം പ്രതി ഇവരെ കാലുകളിൽ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേൽപ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഷാനിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഒടുവിൽ ഇവരിടപെട്ടാണ് മകനെ പിന്തിരിപ്പിച്ചത്. കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, വീട്ടുകാരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

മർദ്ദനമേറ്റ് യുവതിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ചതവേറ്റിട്ടുണ്ട്. ഭർത്താവിന്‍റെ ശാരീരിക മാനസിക ഉപദ്രവം കാരണം അതിയായ മാനസിക സംഘർഷത്തിലുമായ യുവതി. പിറ്റേന്ന് രാവിലെ പെരുനാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് ഐ എ ആർ രവീന്ദ്രൻ അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ വൈകുന്നേരത്തോടെ മണിയാറിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്താണ് പിടികൂടിയത്

വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നാലെ പൊലീസ് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അലോഷ്യസ്, എ ആർ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിന്‍റോ, സിവിൽ പൊലീസ് ഓഫീസർമാരായ വിജീഷ്, ബിനു, സി.പി.ഓ ആര്യ എന്നിവരും ഉണ്ടായിരുന്നു.

വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാൻ സിറ്റി: കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല. നാളെ രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ്‌ സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. വോട്ടെടുപ്പിൽ കറുത്ത പുക ഉയർന്നതോടെ ആദ്യ റൌണ്ടിൽ തീരുമാനമായില്ലെന്ന് വ്യക്തമായി. നാളെയും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.

മലയാളി കർദിനാൾമാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം.

കഴിഞ്ഞ 2 കോൺക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

അർധരാത്രി പാകിസ്ഥാൻ ആക്രമണത്തിന് ലക്ഷ്യമിട്ടു? കുതിച്ചെത്തി ഇന്ത്യൻ പോർവിമാനങ്ങൾ, പാക് വിമാനങ്ങൾ മടങ്ങി

അർധരാത്രി പാകിസ്ഥാൻ ആക്രമണത്തിന് ലക്ഷ്യമിട്ടു? കുതിച്ചെത്തി ഇന്ത്യൻ പോർവിമാനങ്ങൾ, പാക് വിമാനങ്ങൾ മടങ്ങി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്.

എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധ‍ർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.ഇന്നലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ജവാന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ജവാന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. വൈറ്റ് നൈറ്റ് കോർപ്സ് ആണ് വിവരം പുറത്തുവിട്ടത്. അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരോട് കോർപ്സ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

മെയ് 6 ന് രാത്രി മുതൽ പൂഞ്ച്, താങ്ധർ, മറ്റ് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. തീവ്രമായ ഷെല്ലാക്രമണത്തിൽ വീടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധിയാളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷവും ബുധനാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ ലംഘനങ്ങൾ തുടർന്നു. കൂടുതൽ സാധാരണ പ്രദേശങ്ങൾ ആക്രമിച്ചു.

പഹൽഗാമിലെ ബൈസരനിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമത്തിന്‌ ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ 15–-ാം ദിവസം മറുപടി. പാക്‌ അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത്‌ ഭീകരകേന്ദ്രങ്ങൾ ബുധനാഴ്‌ച പുലർച്ചെ മിന്നൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തു.കൊടുംഭീകരൻ മസൂദ്‌ അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. തിരിച്ചടിക്ക് പിന്നാലെ കശ്‌മീരിലെ നിയന്ത്രണരേഖയിലും അതിർത്തിയിലുമായി പാക്‌ സൈന്യം നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ജവാൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.