ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മെയ് 13 മുതല്‍ 17 വരെ മോദി ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലേയ്ക്കായിരുന്നു സന്ദര്‍ശനം.

നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നോര്‍വേയിലേയ്ക്ക് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം അതത് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഇന്ത്യ ദൗത്യത്തിന് പേര് നല്‍കിയത്.

പോപ്പ് തെരഞ്ഞെടുപ്പ്: ലോകം കാത്തിരിക്കുന്ന പുകയുടെ ചരിത്രം

പോപ്പ് തെരഞ്ഞെടുപ്പ്: ലോകം കാത്തിരിക്കുന്ന പുകയുടെ ചരിത്രം

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് തുടങ്ങുമ്പോള്‍ വെള്ളപ്പുക ഉയരാന്‍ കാത്തിരിക്കുകയാണ് ലോകം. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും തുടരുന്നത്. അതീവ രഹസ്യമായി നടക്കുന്ന പോപ്പ് തിരഞ്ഞെടുപ്പ് രീതിയിലെ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നതിനും അതിന്റേതായ മാര്‍ഗമുണ്ട്.

പോപ്പ് തെരഞ്ഞെടുപ്പ് നടപടികളുടെ വേദിയായ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുയരുന്ന പുകയുടെ നിറമാണ് തീരുമാനങ്ങളുടെ പുരോഗതി അറിയിക്കുന്നത്. ചാപ്പലില്‍ നിന്നും കറുത്ത പുക ഉയര്‍ന്നാല്‍ പോപ്പ് ആരെന്ന് തീരുമാനം ആയില്ലെന്ന് സാരം. അതിനാലാണ് സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുള്ള വെള്ള പുകയ്ക്കായി ലോകം കാത്തിരിക്കുന്നത്.

പോപ്പ് തെരഞ്ഞെടുപ്പ് വീണ്ടും ആരംഭിക്കുമ്പോള്‍ പുകയുടെ ചരിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. എങ്ങനെയാണ് പുകയുടെ നിറം നിശ്ചയിക്കുന്നത്? എങ്ങനെയാണ് പുകയിലൂടെ സന്ദേശം കൈമാറുന്ന രീതി ആരംഭിച്ചത്?

പുകയുടെ നിറങ്ങളിലുടെ സന്ദേശം കൈമാറുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അപകട മുന്നറിയിപ്പ്, യോഗം വിളിച്ചു ചേര്‍ക്കല്‍, ശത്രു സാന്നിധ്യം അറിയിക്കല്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള സന്ദേശ കൈമാറ്റം സാധ്യമാക്കാറുണ്ട്. വടക്കേ അമേരിക്ക, തെക്കന്‍ അമേരിക്ക, ചൈന, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശത്തെ ഗോത്ര ജനതകള്‍ ഇത്തരത്തില്‍ പുക ഉപയോഗിച്ചുള്ള ആശയ വിനിമയ രീതികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. മലമുകളിലെ തീയുടെ സ്ഥാനം, പുകയുടെ നിറം, ഇടവേളകള്‍ തുടങ്ങിയവും സന്ദേശങ്ങളില്‍ പ്രധാനമാണ്.

കുന്തിരിക്കം ഉള്‍പ്പെടെയുള്ള സുഗന്ധ ദ്രവ്യങ്ങള്‍ കത്തോലിക്ക വിഭാഗങ്ങളുടെ ചടങ്ങുകളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. ബൈബിളില്‍ ഉള്‍പ്പെടെ ഇവയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യഹൂദ ആചാരങ്ങളില്‍ നിന്നും ഗ്രീക്ക് രീതികളില്‍ നിന്നുമാണ് കത്തോലിക്കരിലേക്ക് പാരമ്പര്യം കൈമാറ്റം ചെയ്യപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ എല്ലാ മതപരമായ ചടങ്ങുകളിലും സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പുകയുടെ ഉപയോഗം പതിവാണ്.

പോപ്പിനെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും പുറം ലോകവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഏക മാര്‍ഗ്ഗം സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ പുറത്തുവരുന്ന പുകയിലൂടെ ആയിരിക്കും. രഹസ്യ ബാലറ്റുകള്‍ കത്തിച്ചു പുറ ഉയര്‍ത്തുന്ന രീതി 1417 മുതല്‍ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 18-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇപ്പോഴുള്ള ചിമ്മിനി സ്ഥാപിക്കപ്പെട്ടത്.

കോണ്‍ക്ലേവില്‍ നിശ്ചിത സമയങ്ങളില്‍ പുക പ്രത്യക്ഷപ്പെടുന്നത് പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പുകയുടെ അഭാവം പുതിയ പോപ്പ് ചര്‍ച്ചകളുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. 1914 മുതല്‍, വെളുത്ത പുക പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു.

1904-ല്‍, പയസ് പത്താമനെ പോപ്പായി തെരഞ്ഞെടുത്ത കോണ്‍ക്ലേവ് മുതലാണ് കര്‍ദ്ദിനാള്‍മാരുടെ കുറിപ്പുകള്‍ ബാലറ്റുകള്‍ക്കൊപ്പം കത്തിച്ചുകളയുന്ന രീതി നിലവില്‍ വന്നത്. കുറിപ്പുകള്‍ കത്തിക്കുന്നത് പുകയുടെ അളവ് വര്‍ദ്ധിപ്പിച്ചു. 1914-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുക പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും വിധം വ്യക്തമായിരുന്നു. എന്നാല്‍ വെളുത്ത പുക ഉയരുന്നതിന് മുന്‍പ് കറുത്ത പുക ഉയരുന്ന സാഹചര്യം പലഘട്ടത്തിലും ആശയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.

ഈ സാഹചര്യം ഒഴിവാക്കാന്‍ ചില രാസ വസ്തുക്കള്‍ പിന്നീട് ഉപയോഗിപ്പെട്ടു. 2013-ല്‍, കറുപ്പും വെളുപ്പും പുക സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന രാസ മിശ്രിതങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. കറുത്ത പുക ഉത്പാദിപ്പിക്കാന്‍, സള്‍ഫര്‍ ഇന്ധനമാക്കിയ പൊട്ടാസ്യം പെര്‍ക്ലോറേറ്റും ആന്ത്രാസീനുമാണ് ഉപയോഗിക്കുന്നത്. വെളുത്ത പുക ഉത്പാദിപ്പിക്കാന്‍, പൊട്ടാസ്യം ക്ലോറേറ്റ്, പാല്‍ പഞ്ചസാര, പൈന്‍ റോസിന്‍ എന്നിവ കത്തിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ 70 മരണമെന്ന് റിപ്പോര്‍ട്ട്; ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് കനത്ത തിരിച്ചടി

ഓപ്പറേഷന്‍ സിന്ദൂറില്‍ 70 മരണമെന്ന് റിപ്പോര്‍ട്ട്; ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മൗലാന മസൂദ് അസറിന്റെ ബഹവല്‍പൂരിലെ വീടാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ജെയ്‌ഷെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബഹവല്‍പൂരിലെ സബ്ഹാന്‍ അള്ള മസ്ജിദും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആക്രമണത്തില്‍ 55 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 35 മരണമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.

ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ ഭീകര കേന്ദ്രങ്ങളെയാണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്.

പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. കൊളാറ്ററൽ ഡാമേജ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്ന് സൈനിക ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരാണ് കേണല്‍ സോഫിയ ഖുറേഷി? ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ച വനിത?

ആരാണ് കേണല്‍ സോഫിയ ഖുറേഷി? ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ച വനിത?

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരാണ് സോഫിയ ഖുറേഷി എന്നാണ് എല്ലാവരും ആരായുന്നത്. സോഫിയ ഖുറേഷിയുടെ പേര് ഇതാദ്യമായല്ല രാജ്യം കേള്‍ക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.

ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് സോഫിയ വിവാഹം കഴിച്ചത്.

ആറു വര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

‘നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്’; ഇന്ത്യൻ ആർമിക്കു നന്ദി പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

‘നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്’; ഇന്ത്യൻ ആർമിക്കു നന്ദി പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇരുവരും പ്രതികരിച്ചത്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. രാജ്യത്തിന് അഭിമാനമെന്നും മമ്മൂട്ടി കുറിച്ചു.

“നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്”, -മമ്മൂട്ടി കുറിച്ചു.

സൈന്യത്തിന് പിന്തുണയുമായി മോഹന്‍ലാലും എത്തി. ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഒപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ചും ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ചും രംഗത്ത് എത്തുന്നുണ്ട്. അതേസമയം തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’… എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. ‘തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വിഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു.

പാക് മണ്ണിലേക്ക് ഇന്ത്യ തൊടുത്തത് സ്‌കാല്‍പും ഹാമ്മറും; അറിയാം പ്രഹരശേഷിയും പ്രത്യേകതകളും

പാക് മണ്ണിലേക്ക് ഇന്ത്യ തൊടുത്തത് സ്‌കാല്‍പും ഹാമ്മറും; അറിയാം പ്രഹരശേഷിയും പ്രത്യേകതകളും

ഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ കൃത്യതയോടെയും രഹസ്യമായും നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന തൊടുത്തത്.

രണ്ട് ഭീകര ഗ്രൂപ്പുകളായ ലഷ്‌കര്‍-ഇ-തയ്ബയുടെയും ജയ്ഷ്-ഇ-മുഹമ്മദിന്റെയും താവളങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈല്‍ ആണ് സ്‌കാല്‍പ്.1,300 കിലോഗ്രാം ഭാരമുള്ള ഇതിന് ഉറപ്പുള്ള ഭീകരരുടെ ബങ്കറുകള്‍, ഭീകരരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. ആ നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലിന് കൃത്യത കൈവരിക്കാന്‍ കഴിഞ്ഞത് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ജിപിഎസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമായ എംബിഡിഎയാണ് ഈ മിസൈല്‍ വികസിപ്പിച്ചത്.

ശക്തമായ ബങ്കറുകളും വെടിക്കോപ്പുകളും നശിപ്പിക്കുന്നതിന് സ്‌കാല്‍പ് മിസൈല്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രദേശത്തിനകത്തെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രൈന്‍ ഇതേ മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ മിസൈലിന്റെ ഓണ്‍ബോര്‍ഡ് ഇന്‍ഫ്രാറെഡ് സീക്കര്‍ ലക്ഷ്യസ്ഥാനത്തെ ചിത്രവുമായി പൊരുത്തപ്പെടുന്നു. ഇത് ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ സഹായിക്കുന്നു. മിസൈല്‍ അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് കുതിക്കുന്നത്. ഇതുമൂലം ശത്രുരാജ്യത്തിന്റെ റഡാറില്‍ മിസൈല്‍ ശ്രദ്ധയില്‍പ്പെടില്ല എന്ന നേട്ടവുമുണ്ട്.

ഹാമ്മര്‍ ബോംബ്

ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശക്തി പകരുന്നത് ഹാമര്‍ ബോംബാണ്. ഇത് പലപ്പോഴും ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും.

ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാന്‍ വികസിപ്പിച്ചെടുത്ത ഹാമ്മര്‍ ഇലക്ട്രോണിക് ജാമിംഗിനെ പ്രതിരോധിക്കും. കൂടാതെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ താഴ്ന്ന ഉയരത്തില്‍ നിന്ന് വിക്ഷേപിക്കാനും കഴിയും. തടസ്സങ്ങള്‍ ഒഴിവാക്കാനും ഉറപ്പുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമുള്ള ഇതിന്റെ കഴിവ് ഇതിനെ വളരെ ഫലപ്രദമായ ഒരു പ്രഹരശേഷിയുള്ള ആയുധമാക്കി മാറ്റുന്നു. ഇവയുടെ 70 കിലോമീറ്റര്‍ പ്രഹരപരിധി ഇന്ത്യന്‍ ജെറ്റുകള്‍ക്ക് ശത്രു റഡാറുകളില്‍ നിന്നും മിസൈല്‍ സംവിധാനങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ കഴിയും. ഈ ബോംബുകള്‍ ഭീകര വിക്ഷേപണ കേന്ദ്രങ്ങളെയും കമാന്‍ഡ് പോസ്റ്റുകളെയും നിര്‍വീര്യമാക്കുന്നതിന് അനുയോജ്യമാണ്.