ഇന്ത്യ- പാക് സംഘര്‍ഷം കനക്കുമോ?; രൂപ കുത്തനെ ഇടിഞ്ഞു, 31 പൈസയുടെ നഷ്ടം

ഇന്ത്യ- പാക് സംഘര്‍ഷം കനക്കുമോ?; രൂപ കുത്തനെ ഇടിഞ്ഞു, 31 പൈസയുടെ നഷ്ടം

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 84.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ചൊവ്വാഴ്ച അഞ്ചുപൈസയുടെ നഷ്ടത്തോടെ 84.35 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള ഘടകങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.57 ആയി ഉയര്‍ന്നു.

അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ മാറ്റമില്ല. സെന്‍സെക്‌സ് നേരിയ നേട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ റിലയന്‍സ്, ലാര്‍സന്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

മഴയിലും വീഴാതെ പോരാട്ടവീര്യം, അവസാന പന്തില്‍ ഗുജറാത്തിന് നാടകീയ ജയം; മുംബൈയ്ക്ക് അടുത്ത രണ്ടുമത്സരം നിര്‍ണായകം

മഴയിലും വീഴാതെ പോരാട്ടവീര്യം, അവസാന പന്തില്‍ ഗുജറാത്തിന് നാടകീയ ജയം; മുംബൈയ്ക്ക് അടുത്ത രണ്ടുമത്സരം നിര്‍ണായകം

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ തിമിര്‍ത്തുപെയ്ത മഴ ഗതി തിരിച്ച ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 3 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 155 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഗുജറാത്ത് അവസാന പന്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. മഴയെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 ഓവറില്‍ 147 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയമുറപ്പിച്ചത്.

ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയ ഗുജറാത്ത് പ്ലേഓഫ് സ്ഥാനവും ഏറക്കുറെ ഉറപ്പാക്കി. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും നിര്‍ണായകമാണ്. 156 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ശുഭ്മന്‍ ഗില്ലും (46 പന്തില്‍ 43) ജോസ് ബട്‌ലറും (27 പന്തില്‍ 30) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുതലോടെ മുന്നോട്ടു നയിച്ചു. 14-ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത ഗുജറാത്ത് അനായാസ വിജയം നേടുമെന്നു കരുതിയപ്പോഴാണ് ആദ്യം മഴയെത്തുന്നത്.

അരമണിക്കൂറിനുശേഷം മഴ ശമിച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ കളിയുടെ ഗതി തിരിഞ്ഞു. മുംബൈയുടെ പേസ് ബൗളിങ് കൊടുങ്കാറ്റില്‍ ഗുജറാത്ത് ബാറ്റിങ് നിര ആടിയുലയുന്ന കാഴ്ചയാണ് കണ്ടത്. ജസ്പ്രീത് ബുമ്ര നയിച്ച പേസ് ആക്രമണം അടുത്ത 4 ഓവറിനിടെ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുതു. ശുഭ്മാന്‍ ഗില്‍ (43), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ് (28), ഷാരൂഖ് ഖാന്‍ (6), റാഷിദ് ഖാന്‍ (2) എന്നിവര്‍ അതിവേഗം കൂടാരം കയറി.

6ന് 132 എന്ന നിലയില്‍ പരുങ്ങിയ ഗുജറാത്തിന് മുന്നില്‍ അവസാന 2 ഓവറില്‍ 24 റണ്‍സെന്ന ലക്ഷ്യം ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് മഴ രണ്ടാം തവണയും കളിമുടക്കിയെത്തിയത്. തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിര്‍ണയിച്ചതോടെ ഒരോവറില്‍ 15 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം. പക്ഷേ ഒരു സിക്‌സും ഫോറും നേടിയ ഗുജറാത്തിന് നോബോള്‍ വഴങ്ങിയ ദീപക് ചാഹറിന്റെ പിഴവും അനുഗ്രഹമായി.

നേരത്തേ ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടനെയും (0) രോഹിത് ശര്‍മയെയും (7) തുടക്കത്തിലേ നഷ്ടമായ മുംബൈയെ കരകയറ്റിയത് അര്‍ധ സെഞ്ചറി നേടിയ വില്‍ ജാക്‌സിന്റെ (35 പന്തില്‍ 53) ഇന്നിങ്‌സാണ്. മൂന്നാം വിക്കറ്റില്‍ 43 പന്തില്‍ 71 റണ്‍സ് നേടിയ വില്‍ ജാക്‌സ് -സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 35) കൂട്ടുകെട്ടിന്റെ ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

അതിര്‍ത്തി സംഘര്‍ഷം: ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

അതിര്‍ത്തി സംഘര്‍ഷം: ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ഡല്‍ഹി: ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 പുലര്‍ച്ചെ വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സായുധ സേന പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

ജമ്മു, ശ്രീനഗര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ഛണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടയ്ക്കുന്നതായ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് മെയ് 10 ന് രാവിലെ 5.29 വരെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ കാലയളവില്‍ വിമാന ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും എയര്‍ലൈന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിവിധ വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്.

പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു, ദൃശ്യങ്ങളുമായി സൈന്യത്തിന്‍റെ വാര്‍ത്താ സമ്മേളനം

പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു, ദൃശ്യങ്ങളുമായി സൈന്യത്തിന്‍റെ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതു ഭീകരക്യാമ്പുകളാണ് തകര്‍ത്തത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു സിവിലിയന്‍ പോലും മരിച്ചിട്ടില്ല. വളരെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ അവകാശമാണ് വിനിയോഗിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗമാണ്. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഭീകരര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും വിക്രം മിസ്രി കുറ്റപ്പെടുത്തി.

പഹല്‍ഗാം ആക്രമണത്തിന് ശേഷവും, ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവ തടയുകയും നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന് വിക്രം മിസ്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും പങ്കെടുത്തു. സൈനിക ആക്രമണത്തിന്റെ വിശദാംശങ്ങളും, ആക്രണം നടത്തിയ ഭീകര കേന്ദ്രങ്ങളും ഇരു സൈനിക ഓഫീസര്‍മാരും വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

പാകിസ്ഥാനിലെ ഒമ്പതു ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. പാകിസ്ഥാനില്‍ 21 ഓളം ഭീകര ക്യാംപുകളാണ് ഉള്ളത്. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മര്‍കസ് സുബഹാന്‍ അള്ളായും ആക്രമിച്ചവയില്‍പ്പെടുന്നു.

‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.

ഭീകരര്‍ 26 സാധാരണക്കാരെ വെടിവച്ചുകൊല്ലുകയും ഇരകളുടെ ഭാര്യമാര്‍ ദുരന്തത്തിന്റെ മുഖമായി മാറുകയും ചെയ്തതോടെ, ഭീകരര്‍ക്ക് നേരെയുള്ള പ്രതികാര നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ ഏറ്റവും ഉചിതമായ പേരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയില്‍ ചാര്‍ത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യന്‍ സ്ത്രീകള്‍ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.

പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. അതില്‍ ജയ്ഷെ-ഇ-മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവല്‍പൂരും ലഷ്‌കര്‍-ഇ-തയ്ബയുടെ മുരിദ്‌കെയിലെ താവളവും ഉള്‍പ്പെടുന്നു.

സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ പാലിക്കണം

സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ പാലിക്കണം

സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാർഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫൻസ് ബ്ലാക്ക്‌ഔട്ട് നിർദ്ദേശങ്ങള്‍ എത്തിക്കുക.
3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
4. വാർഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്‌ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്‌ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാർഡന്മാരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാർഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളില്‍ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാർ ടോർച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.
10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്ബോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.
12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു “ഫാമിലി ഡ്രില്‍” നടത്തുക.
14. സൈറൻ സിഗ്നലുകള്‍ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.
16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്ബോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.