by Midhun HP News | May 7, 2025 | Latest News, കേരളം
തൊടുപുഴ: പൂര്‍ണ ഗര്‍ഭിണിയ്ക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി. ഇടുക്കി സേനാപതി സ്വദേശിയായ യുവതിയ്ക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ നല്‍കിയത്. കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ ആണ് നല്‍കിയതെന്നാണ് യുവതിയുടെ പരാതി.
ഗുളിക ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ മുഖേന അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ എത്തിച്ചു നല്‍കിയത്. രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത്
by Midhun HP News | May 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ ങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍
പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോര്‍പ്പറേഷന്‍-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602
14 ജില്ലാ പഞ്ചായത്തുകളില്‍ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റാകും. ആറ് കോര്‍പറേഷനുകളില്‍ 3 ഇടത്തു വനിതാ മേയര്‍മാരാകും. പട്ടികജാതി-വര്‍ഗത്തിലെ ഉള്‍പ്പെടെ വനിതകള്‍ക്ക് ആകെ സംവരണം ചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തില്‍ പട്ടികജാതി പ്രസിഡന്റ്. ഇതില്‍ 46 ഇടത്ത് വനിതകള്‍. പട്ടികവര്‍ഗത്തിന് 16 പഞ്ചായത്തുകള്‍. ഇതില്‍ എട്ടില്‍ വനിതാ പ്രസിഡന്റ് എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.
by Midhun HP News | May 7, 2025 | Latest News, കേരളം
തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്. ഇത് അല്‍പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കിടെ കലുഷിതമായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി. നിയന്ത്രണ രേഖയിലും ജമ്മു – കശ്മീര്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടിവെപ്പും ഷെല്ലാക്രമണമണവും നടന്നതായി റിപ്പോര്‍ട്ട്. പാക് പ്രദേശത്ത് നിന്നുണ്ടായ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പാക് പ്രകോപനത്തോട് ഇന്ത്യന്‍ സേന ശക്തമായി പ്രതികരിച്ചായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ലക്ഷ്യമിട്ട് ഷെല്ലാക്രമണം ഉണ്ടായതെന്ന് സൈന്യം അറിയിച്ചു. വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും നിരപരാധികളായ മൂന്ന് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുന്ന നിലയുണ്ടായിരുന്നു.
അതിനിടെ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ഇന്ത്യ ലക്ഷ്യം വച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.44-നായിരുന്നു. 1.24-ന് സൈന്യം സോഷ്യല്‍മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഒമ്പതിടങ്ങളിലെ ആക്രമണം.
മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്‌കെ, സര്‍ജല്‍ / തെഹ്റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്‌ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.
”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.”
ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് എന്നും ആരതി പ്രതികരിച്ചു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്തു വിമാനത്താവളങ്ങളാണ് അടച്ചിട്ടുള്ളത്.
ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും മനസ്സിലാക്കി അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
Recent Comments