by Midhun HP News | May 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ മുന്നറിയിപ്പ്
ചൊവ്വാഴ്ച തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയും ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെയും, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി, 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | May 5, 2025 | Latest News, കേരളം
തൊടുപുഴ: വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഇന്ന് പാടും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ പരിപാടി. കേസില്‍ ഉള്‍പ്പെട്ട ശേഷം വേടന്‍ നടത്തുന്ന ആദ്യ സ്റ്റേജ് ഷോയാണിത്.
വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് രാത്രി 7.30 നാണ് വേടന്റെ റാപ്പ് സംഗീത പരിപാടി നടക്കുക. വേടന്റെ പരിപാടിയില്‍ 8000 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് പൊലീസ് അറിയിച്ചു. സ്ഥലപരിമിതി മൂലമാണ് തീരുമാനം. സുരക്ഷയ്ക്കായി 200 പൊലീസുകാരെ നിയോഗിച്ചു.
കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ വേദിയിലേക്കുള്ള റോഡുകള്‍ അടയ്ക്കും. തിരക്ക് അനിയന്ത്രിതമായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടിയിലേക്ക് വലിയ തോതില്‍ ആളുകളെത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഉദ്ഘാടന ദിവസമായ 29ന് വേടന്റെ റാപ്പ് അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 28ന് കഞ്ചാവ് കേസില്‍ വേടന്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നാലെ പുലിപ്പല്ല് കേസിലും വേടന്‍ പിടിയിലായി. വേടനെ വേട്ടയാടുകയാണെന്ന വിമര്‍ശനം ശക്തമായിരുന്നു.
by Midhun HP News | May 5, 2025 | Latest News, കേരളം
കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത്. കേരളത്തില്‍ എത്തിയ യുവതിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ചൂഷണത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പെണ്‍വാണിഭ സംഘം അഞ്ചോളം പെണ്‍കുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.
കേരളത്തില്‍ എത്തിയതിന് പിന്നാലെ സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഇവിടെക്ക് ഇടപാടുകാരെ എത്തിക്കുന്നതാണ് പതിവ്. സ്ഥിരമായി മുറി പൂട്ടിയിടുകയാണ് പതിവ്. മുറി തുറന്ന് യുവാവ് യുവാവ് ടെറസിലേക്ക് നടന്നുപോയസമയത്താണ് യുവതി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയില്‍ ആണ് പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ശ്രദ്ധിച്ചത്. മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്‍പാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
by Midhun HP News | May 5, 2025 | Latest News, ജില്ലാ വാർത്ത
തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് യുവ ഡോക്ടറിന് ദാരുണാന്ത്യം.
കല്ലമ്പലം ചാത്തൻമ്പറ പൂന്തോട്ടത്തിൽ അനീസ ബീവി സൈനുൽ ആബിദീൻ ദമ്പതികളുടെ മകൻ ഡോക്ടർ അജ്സൽ (26) മരണപെട്ടത്. ആനമല കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മലിന്റെ മരണത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.
by Midhun HP News | May 5, 2025 | Latest News, കേരളം
കോഴിക്കോട്: പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് മേപ്പയൂരില്‍ ആളുമാറി പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് പരിക്ക്. ചെറുവണ്ണൂര്‍ കണ്ടിത്താഴ പാറക്കാത്ത് മൊയ്തിയുടെ മകന്‍ ആദിലിന് (18) ആണ് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേപ്പയൂര്‍ ടൗണിലെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്നതിനിടെയാണ് മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിച്ചത്.
മര്‍ദനത്തില്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്കേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദനത്തിന് ശേഷം ചെവി വേദനയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ആദില്‍ ചികിത്സ തേടി. കര്‍ണപുടത്തിന് പരിക്കേറ്റതാണ് വേദനയ്ക്ക് കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
മേപ്പയൂര്‍ സ്വദേശിയായ സൗരവിനെ കളമശ്ശേരിയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് സംഘമാണ് ആദിലിനെ മര്‍ദിച്ചത് എന്നാണ് വിവരം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതി മുഹമ്മദ് ഹാഷിറിനെ (21) അന്വേഷിച്ചാണ് പൊലീസ് മേപ്പയൂരിലെത്തിയത്. കേസിലെ മറ്റൊരു പ്രതിയെന്ന് കരുതുന്ന മേപ്പയൂര്‍ സ്വദേശിയും ഹാഷിറും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയ സമയത്ത് ആദില്‍ അവിടെ ഉണ്ടായതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്.
സംഭവത്തെ കുറിച്ച് ആദില്‍ പറയുന്നത് – ‘എസ്ബിഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയത്. അപ്പോൾ ഹാഷിര്‍ അവിടെ എത്തി. പെട്ടെന്ന്, മഫ്തിയിലുള്ള ഒരു സംഘം പൊലീസ് അവിടെയെത്തി എന്നെയും ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നിന്നിരുന്ന മറ്റൊരാളെയും ഹാഷിറിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിനെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ആളുകളെക്കുറിച്ചും അറിയില്ലെന്ന് പറഞ്ഞു. ഇതിനിടെ ആയിരുന്നു മര്‍ദനം. പിന്നീടാണ് പൊലീസിന് അബദ്ധം മനസിലായത്. തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് ഉച്ചകഴിഞ്ഞ് 3.30 ഓടെ അവര്‍ വിട്ടയച്ചു. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെയാണ്, കടുത്ത ചെവി വേദന അനുഭവപ്പെട്ടതും ചികിത്സ തേടിയതും. തുടര്‍ന്നുള്ള സ്‌കാനിംഗിലും പരിശോധനയിലും എനിക്ക് കര്‍ണപടലത്തിന് പരിക്കേറ്റതായി കണ്ടെത്തി, ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ,’ ആദില്‍ പറഞ്ഞു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മേപ്പയ്യൂര്‍ പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആദിലും കുടുംബവും.
അതേസമയം, ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നാണ് മേപ്പയൂര്‍ പൊലീസിന്റെ വിശദീകരണം. കളമശ്ശേരി പോലീസിനെ സഹായിക്കാന്‍ മേപ്പയൂര്‍ പൊലീസ് ഇടപെട്ടിരുന്നു. യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് വ്യക്തമായതോടെ തന്നെ വിട്ടയച്ചിരുന്നു. ആദിലിനെ മര്‍ദിച്ചിട്ടില്ലെന്നും മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇ കെ ഷിജു പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍ കേസിലെ പ്രതിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവാവിനെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഓപ്പറേഷന് നേതൃത്വം നല്‍കിയ കളമശ്ശേരി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറും പറയുന്നു.
by Midhun HP News | May 5, 2025 | Latest News, കേരളം
പത്തനംത്തിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഒരു ജീവനക്കാരിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തായും സൂചനയുണ്ട്. പൊലീസ് സംശയിക്കുന്ന ജീവനക്കാരി ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ സത്യദാസ് പറഞ്ഞത്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്.
തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്നാണ് ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.
Recent Comments