by Midhun HP News | Apr 24, 2025 | Latest News, കേരളം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്‌ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ഗംഭീർ ആവശ്യപ്പെട്ടു.
ഏപ്രിൽ 22ന് ഇമെയിൽ വഴിയാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (“IKillU.”) എന്നാണ് സന്ദേശം ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
അതിനിടെ ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഗംഭീർ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ‘മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ഇന്ത്യ തിരിച്ചടി നൽകും.’ ഗംഭീർ ഇപ്രകാരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം. തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്കെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ പേരില്‍ എത്തി. എക്‌സാലോജിക് കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസം എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. എക്സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം.
എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് തെളിവില്ല. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. വീണയും ശശിധരന്‍ കര്‍ത്തയും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഈ തുക തട്ടിയത്. കേസില്‍ വീണ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി 575 പേര്‍ മലയാളികള്‍ കശ്മീരിലുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. കശ്മീരിലുള്ള സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ നിന്ന് വിവരങ്ങള്‍ നല്‍കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാരിന് ലഭിച്ച 49 രജിസ്ട്രേഷനിലൂടെയാണ് 575 പേര്‍ കാശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
പഹല്‍ഗാം ആക്രമണം മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവര്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ജംഗ്ഷനിൽ മെഴുകുതിരികൾ തെളിയിച്ചാണ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് നിയാസ് കല്ലമ്പലം സ്വാഗതം ആശംസിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിക്കു സഞ്ജു, കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നസീർ ആലംകോട്, കെഎസ് യു തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് സഹിൽ, കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി സാദിക്ക്, കെഎസ് യു നേതാക്കളായ നസീബ് ഷാ, ബിലാൽ,ബാദുഷ, സച്ചു, സിനാൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ഫ്ലാറ്റ്, അപ്പാർട്മെന്റ് ഉടമസ്ഥർക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവർക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം. ഇതിനു വ്യക്തിപരമായി ഭൂനികുതിയും അടയ്ക്കാം. ഇതിനായി വ്യവസ്ഥകളോടെ റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ 2 ലക്ഷത്തോളം വരുന്ന ഫ്ലാറ്റ് ഉടമസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ ഫ്ലാറ്റ് ഉടമയുടെയോ അസോസിയേഷന്റെയോ ഒറ്റതണ്ടപ്പേരിൽ ഭൂനികുതി അടയ്ക്കുന്ന സ്ഥിതിയാണ്. ഫ്ലാറ്റുകൾ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്ലാറ്റുകൾ വിൽക്കാനും മറ്റുമുള്ള തടസ്സങ്ങൾ ഇതോടെ ഒഴിവാകും. ബാങ്ക് ആവശ്യങ്ങൾക്ക് ഫ്ലാറ്റ് ഉടമസ്ഥന് പ്രത്യേക ഭൂനികുതി രസീത് ഹാജരാക്കാനും സാധിക്കും.
ഫ്ലാറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറിയാലാണ് പോക്കുവരവ് അനുവദിക്കുക. ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ആധാരം പരിശോധിച്ച് റവന്യു അധികൃതർ ഉറപ്പാക്കും. ഫ്ലാറ്റ് ഉടമയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള തണ്ടപ്പേർ സബ് നമ്പർ നൽകിയാകും പോക്കുവരവ്.
ഉദാഹരണത്തിന് 100 എന്ന തണ്ടപ്പേർ ഭൂമിയിൽ നിൽക്കുന്ന അപ്പാർട്മെന്റിലെ ഒരു ഫ്ലാറ്റ് രാജൻ എന്ന വ്യക്തിയും മറ്റൊന്ന് വിജയനും വാങ്ങിയാൽ രാജന് 100/1 എന്ന തണ്ടപ്പേരും വിജയന് 100/2 എന്ന തണ്ടപ്പേരും നൽകണം. മാതൃ തണ്ടപ്പേരിലെ എല്ലാ സർവേ നമ്പറുകളും ഉപ തണ്ടപ്പേരുകളിലും അതേപടി ചേർക്കും. ഓരോ പുതിയ തണ്ടപ്പേരും രൂപീകരിക്കുമ്പോൾ മാതൃ തണ്ടപ്പേരിൽനിന്നു ഭൂമിയുടെ ആനുപാതിക വിസ്തീർണം കുറവു ചെയ്യും. അങ്ങനെ മുഴുവൻ ഭൂമിയും കൈമാറിക്കഴിയുമ്പോൾ ഭൂമി വിസ്തീർണം ശൂന്യമായി മാതൃ തണ്ടപ്പേർ പ്രവർത്തനരഹിതമാകും.
ഭൂമി അവകാശം കൈമാറാത്ത കേസുകളിൽ ഭൂഉടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും. നിലവിലുള്ള ഫ്ലാറ്റ് ഉടമകൾക്ക് ബാക്ക് ലോഗ് എൻട്രി സംവിധാനത്തിലൂടെ അവരുടെ അവിഭക്ത വിഹിതത്തിന് ഭൂനികുതി അടയ്ക്കാൻ സൗകര്യം നൽകും. മറ്റുള്ളവർ ഭാഗികമായോ മുഴുവനായോ അടച്ചിട്ടുണ്ടോ എന്നു പരിഗണിക്കാതെ തന്നെ എല്ലാ താമസക്കാർക്കും അവരുടെ നികുതി അടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കും. സൂനാമി ബാധിത പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാരെയും ഇപ്രകാരമാകും ഭൂനികുതി അടയ്ക്കാൻ അനുവദിക്കുക.
by Midhun HP News | Apr 24, 2025 | Latest News, കേരളം
കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ.
ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡി സി കിഴക്കേമുറി ഡി സി ബുക്‌സ് ആരംഭിച്ച കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു പൊന്നമ്മ ഡി സി.
തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങിയ വിഖ്യാത എഴുത്തുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പൊന്നമ്മ. ഡി സി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു.
മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്). സംസ്‌കാരം കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും.
Recent Comments