തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വീണ്ടെടുത്തത് തോട്ടില്‍ നിന്ന്

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വീണ്ടെടുത്തത് തോട്ടില്‍ നിന്ന്

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍, വീടിന് പിന്നിലുള്ള തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു

കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

വന്‍ ഡിമാന്‍ഡ്, വിഷു ബമ്പറിന് വില്‍പന 23 ലക്ഷം; മുന്നില്‍ പാലക്കാട്

വന്‍ ഡിമാന്‍ഡ്, വിഷു ബമ്പറിന് വില്‍പന 23 ലക്ഷം; മുന്നില്‍ പാലക്കാട്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന വിഷു ബമ്പറിന്റെ വില്‍പന ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു.

ഏപ്രില്‍ രണ്ടിനാണ് വിഷു ബമ്പര്‍ വില്‍പനക്കെത്തിയത്. വിപണിയില്‍ എത്തിയ 24 ലക്ഷം ടിക്കറ്റുകളില്‍ 22,70,700 ടിക്കറ്റുകള്‍ ഏപ്രില്‍ -23 വൈകീട്ട് നാലു മണിക്കുള്ളില്‍ വിറ്റു പോയി. 4,87,060 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. തിരുവനന്തപുരം (2,63,350), തൃശൂര്‍ (2,46,290) എന്നീ ജില്ലകള്‍ പിന്നിലായുണ്ട്.

12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്. കൂടാതെ 5000 ല്‍ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പര്‍ (ആഞ 103) മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ടിആര്‍എഫ് തലവനെ വളഞ്ഞ് സുരക്ഷാ സേന

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ടിആര്‍എഫ് തലവനെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യവും, സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ടിആര്‍എഫ് തലവനെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന മേഖല വളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. പഹല്‍ഗാം ആക്രമണം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാക് സൈനിക മേധാവിയുടെ പ്രകോപന പ്രസംഗം കാരണമായോ?; ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പാക് സൈനിക മേധാവിയുടെ പ്രകോപന പ്രസംഗം കാരണമായോ?; ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്

ഡല്‍ഹി: കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നുള്ള പാക് ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ യുടെ പ്രകോപന പരാമര്‍ശം പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രേരണയായോ എന്ന് സംശയം പ്രകടിപ്പിച്ച് ഇന്റലിജന്‍സ് വൃത്തങ്ങള്‍. കശ്മീര്‍ ‘പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴല്‍’ എന്നായിരുന്നു ജനറലിന്റെ പ്രകോപന പരാമര്‍ശം. മുനീറിന്റെ പ്രകോപന പ്രസംഗം കശ്മീരില്‍ 29 പേരുടെ കൂട്ടക്കൊലയ്ക്ക് പ്രേരണയായിട്ടുണ്ടാവാമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലായിരുന്നു അസിം മൂനീറിന്റെ വിവാദ പരാമര്‍ശം.

അസിം മുനീര്‍ അഹമ്മദ് ഷായുടെ പ്രസംഗത്തില്‍ കശ്മീരിനെതിരെ മാത്രമല്ല, വര്‍ഗീയ പരാമര്‍ശവും അടങ്ങിയിരുന്നു. ഇത് തീവ്രവാദഗ്രൂപ്പുകള്‍ക്ക് ഉത്തേജകമായിട്ടുണ്ടാവമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് തികച്ചും വ്യക്തമാണ്. അത് ‘പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴല്‍’ ആണെന്ന് അസിം മുനീര്‍ പറഞ്ഞു. ഒരുശക്തിക്കും പാകിസ്ഥാനെ കശ്മീരില്‍ നിന്നും വേര്‍പ്പെടുത്താനാവില്ലെന്നും മേഖലയിലെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി നമ്മുടെ പൂര്‍വികര്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്, അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് നമുക്കറിയാം,’ അദ്ദേഹം പറഞ്ഞു. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയുമായി യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറഞ്ഞ മൂനീറിന്റെ പ്രസംഗം ഹിന്ദുക്കളായ വിനോദസഞ്ചാരികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താന്‍ ഭീകരരെ പ്രേരിപ്പിച്ചിരിക്കാമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിനോദ സഞ്ചാരികളോട് ഇസ്ലാമിക വിശ്വാസമായ കല്‍മ ചൊല്ലാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യാത്തവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്. പാക് സൈന്യത്തിന്റെ പ്രിയപ്പെട്ടവന്‍ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്‌കര്‍ ഇ ത്വയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെയാണ് പ്രവര്‍ത്തനം. സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നാണ് കസൂരിയെ വിളിക്കുന്നത് തന്നെ.

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. രണ്ടു മാസം മുമ്പ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷണം അനുസരിച്ച് പാക് പഞ്ചാബിലെ കങ്കണ്‍പുരില്‍ കസൂരി സൈനികര്‍ക്കായി പ്രസംഗിച്ചിരുന്നു. പാക് സൈന്യത്തിലെ കേണല്‍ സാഹിദ് സരീന്‍ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കള്‍ വര്‍ഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ കൊന്നാല്‍ ദൈവത്തില്‍നിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു. 2019ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സ്വീകരിച്ച നയത്തില്‍ കസൂരി പരസ്യമായി നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നല്‍കിയിരുന്നു. 2026 ഫെബ്രുവരിക്കു മുന്‍പ് കശ്മീര്‍ പിടിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു കസൂരിയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ മുജാഹിദീന്‍ ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അബട്ടാബാദിലെ വനാന്തരങ്ങളില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭീകരക്യാംപില്‍ നൂറുകണക്കിന് പാക് യുവാക്കള്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ രാഷ്ട്രീയശാഖയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് (പിഎംഎംഎല്‍), എസ്എംഎല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപില്‍ നിന്നാണ് യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതില്‍ പരിശീലനം നല്‍കിയതും.

ലഷ്‌കറെ ത്വയ്ബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി. പാക് സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ ലഷ്‌കറെ ത്വയ്ബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോര്‍ഡിനേഷന്‍ കമ്മിറ്റിയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. ജെയുഡിയെ 2016ല്‍ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ല്‍ യുഎന്‍ ഉപരോധപ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാറ്റുകളുടെ തത്സമയ തര്‍ജ്ജമ; വരുന്നു പുതിയ ട്രാന്‍സ്ലേറ്റ് ഫീച്ചര്‍

ചാറ്റുകളുടെ തത്സമയ തര്‍ജ്ജമ; വരുന്നു പുതിയ ട്രാന്‍സ്ലേറ്റ് ഫീച്ചര്‍

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അതിന്റെ ഏറ്റവും പുതിയ ബീറ്റയില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍കമിങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഭാഷാ പായ്ക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക.സംഭാഷണങ്ങള്‍ പൂര്‍ണമായി എന്‍ക്രിപ്റ്റ് ചെയ്യുന്നത് കൊണ്ട് സുരക്ഷ ഉറപ്പാക്കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ചാറ്റ് സെറ്റിങ്‌സ് സെക്ഷനില്‍ ഇതിനായി പുതിയ ക്രമീകരണം വരുത്തിയാണ് ഫീച്ചര്‍ അവതരിപ്പിക്കുക. ‘ട്രാന്‍സ്ലേറ്റ് മെസേജസ്’ ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.

ഒരു ഭാഷ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഫോണില്‍ ഭാഷാ പായ്ക്കും ഡൗണ്‍ലോഡ് ആവും. ഉപയോക്താക്കള്‍ക്ക് ചാറ്റിലെ ത്രീ-ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്ത് ‘View Translation ഓപ്ഷന്‍ ആക്സസ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് വിവര്‍ത്തനം ചെയ്ത വാചകം വശങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നവിധമാണ് ക്രമീകരണം. ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനോ ചാറ്റ് വ്യൂവില്‍ നിന്ന് വിവര്‍ത്തനം നീക്കം ചെയ്യാനോ ഉള്ള ഒരു ഓപ്ഷനുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വാട്്‌സആപ്പ് വോയ്സ് നോട്ട് ട്രാന്‍സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചത്. ഇത് ഉപയോക്താക്കളെ ഓഡിയോ സന്ദേശങ്ങളെ ടെക്സ്റ്റാക്കി മാറ്റാന്‍ അനുവദിക്കുന്നു.

പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടത്താനിരുന്ന യുപി സന്ദര്‍ശനം റദ്ദാക്കി. 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി നാളെ ( വ്യാഴാഴ്ച) കാന്‍പൂരിലേക്കാണ് പ്രധാനമന്ത്രി പോകേണ്ടിയിരുന്നത്.കാന്‍പൂര്‍ സ്വദേശിയായ ശുഭം ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനം റദ്ദാക്കിയത്.

അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26പേരാണ് കൊല്ലപ്പെട്ടത്. വളരെക്കാലത്തിനു ശേഷം കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിത്. സിമന്റ് വ്യാപാര കമ്പനി നടത്തിയിരുന്ന ശുഭം, ഏപ്രില്‍ 16 ന് ഭാര്യയ്ക്കും മറ്റ് ഒമ്പത് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരാഴ്ച നീണ്ടുനിന്ന അവധിക്കാല യാത്രയ്ക്ക് ആണ് കശ്മീരിലേക്ക് പോയത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താവളത്തില്‍ വെച്ച് അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയിലെത്തിയ നരേന്ദ്രമോദി, ഡല്‍ഹി വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലെ ലോഞ്ചില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു വൈകീട്ട് ആറിന് യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച (ഇന്നലെ) ആണ് മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ ഫോണില്‍ വിളിച്ച് എല്ലാ പിന്തുണയും അമേരിക്ക അറിയിച്ചിട്ടുണ്ട്. വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങി.