by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർ ത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി പഞ്ചായത്തിൽ മുത്താന ചരുവിള വീട്ടിൽ സുശീല (67) യുടെ മൃതദേഹമാണ്, ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് പോലീസ് അന്വേഷണം നടക്കുന്നു.
by Midhun HP News | Apr 24, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, മറ്റൊരു നടൻ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനു വേണ്ടിയാണെന്ന്, ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച നടന്‍ നിലവിൽ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.
ആലപ്പുഴക്കാരനല്ലാത്ത നടനാണ് സംശയമുനയിൽ നിൽക്കുന്നത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സെെസ് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന് നൽകിയ മൊഴിയുടെ നിജസ്ഥിതി എക്സൈസ് സംഘം ഷൈൻ ടോം ചാക്കോയിൽ നിന്നും തേടും.
മൊഴിയില്‍ സത്യമുണ്ടെന്ന് വ്യക്തമായാല്‍ ആ നടനെയും ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ തീരുമാനം. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചിരുന്നു. നടന്മാരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നത്.
by Midhun HP News | Apr 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന യോഗം സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. രാജ്യം തലകുനിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു യോഗം പൂര്‍ത്തിയാക്കിയത്.
ഭീകരരെ പിന്തുണയ്ക്കുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായെങ്കിലും, തല്‍ക്കാലം പാകിസ്ഥാനെതിരെ നയതന്ത്രപരവും തന്ത്രപരവുമായ നിലപാട് കര്‍ശനമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടികളിലൂടെ നയതന്ത്ര തലത്തില്‍ അടക്കം പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും, വാഗ-അട്ടാരി അതിര്‍ത്തി ഉടന്‍ അടയ്ക്കാനും യോഗം തീരുമാനമെടുത്തു.
ഇസ്ലാമാബാദില്‍ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയമായ തരത്തില്‍ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെക്കുമെന്നും, ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിസഭാ സമിതി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരാണ് പങ്കെടുത്തത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ വിശദീകരണത്തോടെയാണ് യോഗത്തിന് തുടക്കമായത്. പിന്നാലെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. തുടര്‍ന്നാണ് ഭീകരാക്രമണത്തിന് ഏതു തരത്തില്‍ തിരിച്ചടി നല്‍കണമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായത്. ഇതു കൂടാതെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സ്ഥിതിയും യോഗം വിലയിരുത്തി. സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിക്കാട്ടാനും മന്ത്രിസഭാ സമിതി തീരുമാനിച്ചു.
മന്ത്രിസഭാസമിതി യോഗത്തിന് ശേഷം, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ ഒറ്റയ്ക്ക് കണ്ട് സ്വകാര്യ ചര്‍ച്ചയും നടത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട സെന്‍സിറ്റീവായ യതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായകവും അതീവ രഹസ്യസ്വഭാവമുള്ളതുമായി വിവരം കൈമാറിയതായി സൂചനയുണ്ട്. പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ള നയതന്ത്ര തലത്തിലുള്ള കടുത്ത നടപടികള്‍, രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുന്നതിനും അടുത്ത ഘട്ട നടപടികളെക്കുറിച്ച് സമവായം ഉണ്ടാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയാണ് സംസ്ഥാനത്ത് നിലവില്‍ ലഭിക്കുന്നത്. അതേസമയം പകല്‍ താപനില ഉയരാന്‍ സാധ്യതയുള്ള വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടല്‍ മുന്നറിയിപ്പ്
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രില്‍ 25 (നാളെ ) രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്ട് മിനിമവും തുടര്‍ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കു പുനഃപരീക്ഷ നടത്തും. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കും ഒന്‍പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്‌പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30 ശതമാനം മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷയെന്നും മന്ത്രി പറഞ്ഞു.
2026-27 മുതല്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടര്‍മൂല്യനിര്‍ണയത്തിന്റെ പേരില്‍ കിട്ടുന്ന 20 ശതമാനം മാര്‍ക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് ഇതോടെ അവസാനമാകും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പ് സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Recent Comments