by Midhun HP News | Apr 22, 2025 | Latest News, കേരളം
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന ‘സഹിര്‍’ സ്വകാര്യ ബസില്‍ ആണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതായും മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടതായുമാണ് യാത്രക്കാരന്റെ പരാതി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു നിലത്തിട്ടു.
തുടര്‍ന്നു തലയിലും മുഖത്തും മര്‍ദിച്ചു. അവശനായിട്ടും വിട്ടില്ല. ബസില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ ബസ് കിണാശ്ശേരിയില്‍ നിര്‍ത്തിയപ്പോള്‍ അക്രമി നിഷാദിന്റെ മൊബൈല്‍ ഫോണും പോക്കറ്റില്‍ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടു. പരിക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : 2025- 26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെയും 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ. എന്‍ജിനിയറിങ് കോഴ്സിന് 97,759 വിദ്യാര്‍ഥികളും ഫാര്‍മസി കോഴ്സിന് 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.
എന്‍ജിനിയറിങ് പരീക്ഷ 23നും 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്.
by Midhun HP News | Apr 22, 2025 | Latest News, കേരളം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഗോവ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരുങ്ങുന്നു. ഗോവയുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വാട്ടർ ടാക്സി പദ്ധതി നടപ്പിലാക്കാൻ സഹായം നൽകാനാണ് ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത്. ഇതിനായി കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘം അടുത്ത മാസം ഗോവ സന്ദർശിക്കും.
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പദ്ധതിയാണ് കൊച്ചിയിൽ നടപ്പാക്കിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഈ പദ്ധതി തുടങ്ങാനുള്ള പ്രായോഗികതാ പഠനങ്ങൾ നടത്തുന്നതിനും തുടർന്നു പദ്ധതി നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് ഗോവയിലെ വാട്ടർ ടാക്സി പദ്ധതിയും.
17 സ്ഥലങ്ങളെക്കുറിച്ചുള്ള സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ലക്ഷ്യം. ആവശ്യകത അടിസ്ഥാനമാക്കി സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി വാട്ടർ ടാക്സി ശൃംഖലയുടെ സാധ്യതാ പഠനം നടത്താൻ ഞങ്ങളുടെ ടീം അടുത്ത മാസം ഗോവ സന്ദർശിക്കും- കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ചീഫ് ഓപറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.
ഗോവ സർക്കാർ നേരത്തെ വാട്ടർ ടാക്സി പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനായി നാല് പ്രധാന റൂട്ടുകൾ അവർ കണ്ടെത്തുകയും ചെയ്തു. പനാജി- ദിവാർ- ഓൾഡ് ഗോവ, പനാജി- ചോറാവു ദ്വീപ്, വാസ്കോ- മാർഗോ- കോർട്ടാലിം, കലാൻഗുട്ട്- ബാഗ- കാൻഡോലിം റൂട്ടുകളാണ് കണ്ടെത്തിയത്.
തീരദേശ നഗരത്തിലെ ഉൾനാടൻ ജലാശയങ്ങളിലുടെ സാധ്യക്കാനാകുന്ന റൂട്ടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രവർത്തന മാതൃകകൾ എന്നിവ കെഎംആർഎൽ സംഘം വിലയിരുത്തും. റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് അധികൃർ വ്യക്തമാക്കി.
നേരത്തെ, ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) രാജ്യത്തുടനീളമുള്ള 17 സ്ഥലങ്ങളിൽ നിർദ്ദിഷ്ട നഗര ജലഗതാഗത സംവിധാനത്തെക്കുറിച്ചുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ കെഎംആർഎല്ലിനെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ പട്ടികയിൽ ഏഴ് നഗരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് വിവരം.
സാധ്യതാ പഠനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, വാരാണസി, അയോധ്യ എന്നിവിടങ്ങളിൽ കെഎംആർഎല്ലിന്റെ വിദഗ്ധ സംഘം ഇതിനകം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി കെഎംആർഎൽ സാധ്യതാ പഠനങ്ങൾ നടത്തും.
ആദ്യ ഘട്ടത്തിൽ പ്രയാഗ്‌രാജ്, അയോധ്യ, വാരാണസി, ഗാന്ധിനഗർ (ഗുജറാത്ത്), പട്‌ന (ബീഹാർ), ശ്രീനഗർ (ജമ്മു കശ്മീർ) എന്നിവ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ ഗോവ, കൊല്ലം, ഗുവാഹത്തി, ധുബ്രി (രണ്ടും അസം), കൊൽക്കത്ത (പശ്ചിമ ബംഗാൾ), മംഗളൂരു (കർണാടക) എന്നിവ ഉൾപ്പെടും. അവസാന ഘട്ടത്തിൽ മുംബൈ, വസായ് (രണ്ടും മഹാരാഷ്ട്ര), ആലപ്പുഴ, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.
വിദഗ്ദ്ധ ഏജൻസികൾക്ക് പ്രവൃത്തി നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. റൂട്ടുകളുടെ മുൻഗണന, വരുമാന സാധ്യതകൾ, ബദൽ റൂട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഇടക്കാല റിപ്പോർട്ടുകൾ പ്രാഥമികമായി തയ്യാറാക്കും. നദികളുടെയും ജലാശയങ്ങളുടെയും ശേഷി, ജനസംഖ്യ, സാധ്യമായ റൂട്ടുകൾ എന്നിവയായിരിക്കും പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കുക. ഗതാഗത-സാധ്യതാ പഠനങ്ങൾ നടത്തുകയും, പ്രത്യേക സ്ഥലത്തിന് അനുയോജ്യമായ ബോട്ടുകളുടെ തരം സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്നു കെഎംആർഎല്ലിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
by Midhun HP News | Apr 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/04/2025) രാത്രി 11.30 വരെ 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Apr 22, 2025 | Latest News, കേരളം
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ലഭിക്കാന്‍ ബാങ്ക് അധികൃതരെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍വിളി വിവരങ്ങളും അന്വേഷക സംഘം പരിശോധിച്ചു വരികയാണ്. ലഹരി കച്ചവടക്കാരുമായി ഷൈന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളെന്ന് കരുതുന്ന സജീറുമായും അടുത്തിടെ ഹൈബ്രിഡ് കഞ്ചാവു കേസില്‍ പിടിയിലായ തസ്ലിമയുമായും ഷൈനിനുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുകാരന്‍ സജീറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ചു വരികയാണ്.
ലഹരിപരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ ഇറങ്ങി ഓടിയത്, തന്നെ ആക്രമിക്കാനെത്തിയ ഗുണ്ടകളാണെന്ന് കരുതിയാണെന്ന ഷൈന്‍ ടോം ചാക്കോയുടെ വാദം പൊലീസ് തള്ളിക്കളഞ്ഞു. ഗുണ്ടകളാണെന്ന് കരുതിയെങ്കില്‍ എന്തുകൊണ്ട് പൊലീസിനെ വിവരം അറിയിച്ചില്ല എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്. ആവശ്യമെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി, മേക്കപ്പ്മാന്‍ മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദിനെ പൊലീസ് ചോദ്യംചെയ്യും. പാലക്കാട് നിന്നും മദ്യക്കുപ്പികളുമായാണ് മുര്‍ഷാദ് ഷൈനിനെ കാണാനെത്തിയത്. മറ്റെന്തെങ്കിലും ലഹരിവസ്തുക്കള്‍ മുര്‍ഷാദ് ഷൈനിനു കൈമാറിയിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം.
ഇത് ഒളിപ്പിക്കാനോ നശിപ്പിച്ചുകളയാനോ ആവാം ഷൈന്‍ ടോം ചാക്കോ സാഹസികമായി ജനല്‍ വഴി ചാടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. വിദേശ മലയാളിയായ വനിതയെ ഷൈന്‍ ഈ ഹോട്ടലില്‍ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും ഇവിടെ അന്നു മുറിയെടുത്തിരുന്നു. ഇവരുമായി ഫോണ്‍ മുഖേന ദീര്‍ഘകാലത്തെ പരിചയമുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
by Midhun HP News | Apr 22, 2025 | Latest News, കേരളം
കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസം സ്വദേശി അമിത് കസ്റ്റഡിയില്‍. വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണോ ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഫോണ്‍ മോഷണക്കേസില്‍ അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത കാലത്താണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വീടിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല. അതിനാല്‍ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കൂടാതെ വിജയകുമാറിന്റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളും അവശനിലയിലാണ്. ഇവയെ മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.
വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
അമ്മിക്കല്ല് കൊണ്ട് പിന്‍വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേര്‍ന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം
മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതം ഏഴുവര്‍ഷം മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കാറിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.
2017 ജൂണ്‍ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുമുന്‍പത്തെ ദിവസം സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാര്‍ എടുത്ത് പുറത്തു പോയി. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കംമുതല്‍ തന്നെ മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.
തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഗൗതം ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഗൗതം ആത്മഹത്യ ചെയ്താണ് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് ഗൗതമിന്റെ മാതാപിതാക്കളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗതം എന്‍ജിനിയറിങ് ബിരുദധാരിയായിരുന്നു. തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തിയിരുന്ന ആളാണ് ഗൗതം.
Recent Comments