യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്; ആദ്യ 50 ൽ നാല് മലയാളികൾ

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്; ആദ്യ 50 ൽ നാല് മലയാളികൾ

ഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം ശക്തി ദുബൈക്കാണ്‌. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്.ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്.

ആദ്യ പത്ത് റാങ്കുകാർ ഇവർ. 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 – മായങ്ക് ത്രിപഠി.ആദ്യ പത്തിൽ ആരും മലയാളികളല്ല. ആൽഫ്രഡ് തോമസ് -33, മാളവിക ജി നായർ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സ‍ർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 318 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും.

ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.

2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു, അന്വേഷണം

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു, അന്വേഷണം

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന ‘സഹിര്‍’ സ്വകാര്യ ബസില്‍ ആണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതായും മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടതായുമാണ് യാത്രക്കാരന്റെ പരാതി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു നിലത്തിട്ടു.

തുടര്‍ന്നു തലയിലും മുഖത്തും മര്‍ദിച്ചു. അവശനായിട്ടും വിട്ടില്ല. ബസില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ ബസ് കിണാശ്ശേരിയില്‍ നിര്‍ത്തിയപ്പോള്‍ അക്രമി നിഷാദിന്റെ മൊബൈല്‍ ഫോണും പോക്കറ്റില്‍ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടു. പരിക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നാളെ മുതല്‍, അറിയേണ്ടതെല്ലാം

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നാളെ മുതല്‍, അറിയേണ്ടതെല്ലാം

തിരുവനന്തപുരം : 2025- 26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെയും 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ. എന്‍ജിനിയറിങ് കോഴ്സിന് 97,759 വിദ്യാര്‍ഥികളും ഫാര്‍മസി കോഴ്സിന് 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് പരീക്ഷ 23നും 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്.

രാജ്യത്തെ 17 ഇടങ്ങളിൽ വാട്ടർ ടാക്സി; ‘സഹായത്തിന്’ കൊച്ചി മെട്രോ

രാജ്യത്തെ 17 ഇടങ്ങളിൽ വാട്ടർ ടാക്സി; ‘സഹായത്തിന്’ കൊച്ചി മെട്രോ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഗോവ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരുങ്ങുന്നു. ​ഗോവയുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വാട്ടർ ടാക്സി പദ്ധതി നടപ്പിലാക്കാൻ സഹായം നൽകാനാണ് ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത്. ഇതിനായി കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘം അടുത്ത മാസം ​ഗോവ സന്ദർശിക്കും.

ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പദ്ധതിയാണ് കൊച്ചിയിൽ നടപ്പാക്കിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ഈ പദ്ധതി തുടങ്ങാനുള്ള പ്രായോ​ഗികതാ പഠനങ്ങൾ നടത്തുന്നതിനും തുടർന്നു പദ്ധതി നടപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് ​ഗോവയിലെ വാട്ടർ ടാക്സി പദ്ധതിയും.

17 സ്ഥലങ്ങളെക്കുറിച്ചുള്ള സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ലക്ഷ്യം. ആവശ്യകത അടിസ്ഥാനമാക്കി സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി വാട്ടർ ടാക്സി ശൃംഖലയുടെ സാധ്യതാ പഠനം നടത്താൻ ഞങ്ങളുടെ ടീം അടുത്ത മാസം ഗോവ സന്ദർശിക്കും- കൊച്ചി വാട്ടർ മെട്രോ ലിമിറ്റ‍ഡ് ചീഫ് ഓപറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.

ഗോവ സർക്കാർ നേരത്തെ വാട്ടർ ടാക്സി പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനായി നാല് പ്രധാന റൂട്ടുകൾ അവർ കണ്ടെത്തുകയും ചെയ്തു. പനാജി- ദിവാർ- ഓൾഡ് ഗോവ, പനാജി- ചോറാവു ദ്വീപ്, വാസ്കോ- മാർഗോ- കോർട്ടാലിം, കലാൻഗുട്ട്- ബാഗ- കാൻഡോലിം റൂട്ടുകളാണ് കണ്ടെത്തിയത്.

തീരദേശ നഗരത്തിലെ ഉൾനാടൻ ജലാശയങ്ങളിലുടെ സാധ്യക്കാനാകുന്ന റൂട്ടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രവർത്തന മാതൃകകൾ എന്നിവ കെഎംആർഎൽ സംഘം വിലയിരുത്തും. റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് അധികൃർ വ്യക്തമാക്കി.

നേരത്തെ, ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) രാജ്യത്തുടനീളമുള്ള 17 സ്ഥലങ്ങളിൽ നിർദ്ദിഷ്ട നഗര ജലഗതാഗത സംവിധാനത്തെക്കുറിച്ചുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ കെഎംആർഎല്ലിനെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ പട്ടികയിൽ ഏഴ് നഗരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നുവെന്നാണ് വിവരം.

സാധ്യതാ പഠനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, വാരാണസി, അയോധ്യ എന്നിവിടങ്ങളിൽ കെഎംആർഎല്ലിന്റെ വിദ​ഗ്ധ സംഘം ഇതിനകം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി കെഎംആർഎൽ സാധ്യതാ പഠനങ്ങൾ നടത്തും.

ആദ്യ ഘട്ടത്തിൽ പ്രയാഗ്‌രാജ്, അയോധ്യ, വാരാണസി, ഗാന്ധിനഗർ (ഗുജറാത്ത്), പട്‌ന (ബീഹാർ), ശ്രീനഗർ (ജമ്മു കശ്മീർ) എന്നിവ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ ഗോവ, കൊല്ലം, ഗുവാഹത്തി, ധുബ്രി (രണ്ടും അസം), കൊൽക്കത്ത (പശ്ചിമ ബം​ഗാൾ), മംഗളൂരു (കർണാടക) എന്നിവ ഉൾപ്പെടും. അവസാന ഘട്ടത്തിൽ മുംബൈ, വസായ് (രണ്ടും മഹാരാഷ്ട്ര), ആലപ്പുഴ, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.

വിദഗ്ദ്ധ ഏജൻസികൾക്ക് പ്രവൃത്തി നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. റൂട്ടുകളുടെ മുൻ​ഗണന, വരുമാന സാധ്യതകൾ, ബദൽ റൂട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഇടക്കാല റിപ്പോർട്ടുകൾ പ്രാഥമികമായി തയ്യാറാക്കും. നദികളുടെയും ജലാശയങ്ങളുടെയും ശേഷി, ജനസംഖ്യ, സാധ്യമായ റൂട്ടുകൾ എന്നിവയായിരിക്കും പ്രാരംഭ ഘട്ടത്തിൽ പരിഗണിക്കുക. ഗതാഗത-സാധ്യതാ പഠനങ്ങൾ നടത്തുകയും, പ്രത്യേക സ്ഥലത്തിന് അനുയോജ്യമായ ബോട്ടുകളുടെ തരം സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്നു കെഎംആർഎല്ലിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്നും ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/04/2025) രാത്രി 11.30 വരെ 0.3 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.