വര്‍ക്കലയിലെ ഫ്ലോട്ടിങ്ങ് പാലം വീണ്ടും തകര്‍ന്നു; കോവളത്തേക്ക് മാറ്റിയേക്കും

വര്‍ക്കലയിലെ ഫ്ലോട്ടിങ്ങ് പാലം വീണ്ടും തകര്‍ന്നു; കോവളത്തേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിങ് പാലം കോവളത്തേക്ക് മാറ്റിയേക്കും. വര്‍ക്കല ബീച്ച് ഫ്‌ലോട്ടിംഗ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാധ്യമായതിനാല്‍, ടൂറിസം വകുപ്പ് അത് കോവളത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നു. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

കുട്ടികളുള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റ അപകടത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വര്‍ക്കലയിലെ വിവാദ ഫ്‌ലോട്ടിംഗ് പാലം അടച്ചത്. വെള്ളിയാഴ്ചയുണ്ടായ ശക്തമായ തിരമാലകളില്‍ പാലം വീണ്ടും തകര്‍ന്നു. വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ ശരിയാക്കിയ പാലമാണ്, ശക്തമായ തിരമാലയില്‍ തകര്‍ന്നത്.

ഇതോടെയാണ് വര്‍ക്കലയിലെ പാലത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നത്. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, വര്‍ക്കലയില്‍ മുമ്പ് അപകടം നടന്ന സ്ഥലത്തു തന്നെ വീണ്ടും ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എന്‍ഐടിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പറഞ്ഞു.

ഫ്‌ലോട്ടിംഗ് പാലം സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപകടത്തിന് ശേഷം ഫ്‌ലോട്ടിംഗ് പാലം പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. ഫ്‌ലോട്ടിംഗ് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാതെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വി ജോയ് പറഞ്ഞു.

കാലാവസ്ഥ അനുകൂലമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഏഴ് മാസത്തേക്ക് ഫ്‌ലോട്ടിംഗ് പാലങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് കോവളം. വര്‍ക്കല പാപനാശം കടപ്പുറം പാലത്തിന് യോഗ്യമല്ലെങ്കില്‍, അത് കോവളത്തേക്ക് മാറ്റും. ഇതിനായി മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2023 ല്‍ അടിമലത്തുറയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് വര്‍ക്കലയിലേക്ക് മാറ്റിയത്.

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കളളക്കടല്‍ പ്രതിഭാസം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കളളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നേരത്തെ മുന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കാഞ്ഞിരപ്പള്ളിയിൽ 16 പേർ ചികിത്സയിൽ

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കാഞ്ഞിരപ്പള്ളിയിൽ 16 പേർ ചികിത്സയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് റെസ്റ്റോറന്റിൽ നിന്നു കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

16പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.സംഭവത്തിനു പിന്നാലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം അടുത്തമാസം തുറക്കും

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം അടുത്തമാസം തുറക്കും

ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം മേയ് അവസാനവാരം തുറന്നുനൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സാമൂഹികമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചിറയിൻകീഴുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മേയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം പന്ത്രണ്ടാകും- മന്ത്രി അറിയിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപ്പം പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ ഏറക്കുറെ പൂർത്തിയായതായി വി. ശശി എംഎൽഎ പറഞ്ഞു. അപ്രോച്ച് റോഡുകളുടേയും സർവീസ് റോഡുകളുേടയും ടാറിങ് ജോലികളും പാലത്തിന്റെ പാർശ്വഭിത്തി നിർമാണവുമാണ് ഇനി നടക്കേണ്ടത്. പാലത്തിലെ ടാറിങ്ങും ഇതോടൊപ്പം നടക്കും. എല്ലാ പണികളും പൂർത്തിയാക്കി മേയ് അവസാനവാരം തുറന്നുനൽകാനാണ് തീരുമാനം.

2021-ൽ ആരംഭിച്ച മേൽപ്പാല നിർമാണം നിരവധി പ്രാവശ്യമാണ് മുടങ്ങിയത്. നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ചെന്നൈ ആസ്ഥാനമായ എസ്പാൻ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നിർമിക്കുന്ന ചിറയിൻകീഴ് മേൽപ്പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ചിറയിൻകീഴിന്റെ മുഖച്ഛായതന്നെ മാറും.

‘അമ്മയോട് പറയും’, പ്രകോപിതനായി പ്രതി, കുളത്തിലേക്ക് തള്ളിയിട്ടു; ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ …..

‘അമ്മയോട് പറയും’, പ്രകോപിതനായി പ്രതി, കുളത്തിലേക്ക് തള്ളിയിട്ടു; ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ …..

തൃശൂര്‍: മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് പ്രതി ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ടെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായുള്ള പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തു. ഇക്കാര്യം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

‘കുട്ടിയുടെ വീടിന്റെ അടുത്താണ് സംഭവം നടന്നത്. പ്രതി കസ്റ്റഡിയിലുണ്ട്. 22 വയസുള്ള ആളാണ്. ഇയാളുടെ വീടും തൊട്ടടുത്താണ്. കുട്ടികള്‍ എല്ലാം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിര്‍ത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായിട്ട് കുളത്തിലിട്ടാണ് കുട്ടിയെ പ്രതി കൊന്നത്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.

‘സംഭവം നടന്ന് അഞ്ചുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. ഇയാളും തിരച്ചിലിന് ഉണ്ടായിരുന്നു. മൃതദേഹം കിട്ടിയ ഭാഗത്തല്ല ഇയാള്‍ തിരച്ചില്‍ നടത്തിയത്. പ്രദേശം വിശാലമായ പാടമാണ്. ഇയാള്‍ മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തിയത്. പൊലീസിനെയും മറ്റുള്ളവരെയും വഴിതെറ്റിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇയാളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു സിസിടിവി ദൃശ്യം ലഭിച്ചു. കുട്ടിയും ഇയാളും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇയാള്‍ കുറ്റഃസമ്മതം നടത്തിയില്ല. കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം സമ്മതിച്ചെങ്കിലും കുട്ടി പിന്നീട് പോയി എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ട്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അയല്‍വാസി കൂടിയായ ജോജോ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.