എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്കൂൾ രേഖകളിലോ എസ്എസ്എൽസി ബുക്കിലോ ജാതി, മതം എന്നിവയുടെ കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിഞ്ഞുകിടക്കുന്നു എന്ന കാരണത്താൽ പ്രായപൂർത്തിയായ പൗരന്മാർക്ക് ജാതി, മത അല്ലെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നിഷേധിക്കാൻ പാടില്ലെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒരേ രീതിയിലുള്ള നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ വില്ലേജ്, താലൂക്ക് ഓഫീസുകളിലേക്കും അടിയന്തിരമായി അയക്കണമെന്നും രണ്ട് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

പുരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കളുടെ മക്കൾ നേരിട്ട പ്രതിസന്ധി
കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ, പുരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കളും മിശ്രവിവാഹിതരായ ദമ്പതികളും തങ്ങളുടെ മക്കളെ സ്കൂളിൽ ചേർക്കുന്ന സമയത്ത് ജാതിയുടെയും മതത്തിന്റെയും കോളത്തിൽ ‘ഇല്ല’ എന്ന് മനഃപൂർവ്വം രേഖപ്പെടുത്താറുണ്ട്. ഇത് പിന്നീട് വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷന്റെ ഈ സുപ്രധാന വിധി. സ്കൂൾ രേഖകളിൽ ജാതിയില്ലാത്തതിനാൽ പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഭാവിയിൽ ഭരണഘടനാപരമായി തങ്ങൾക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും റവന്യൂ അധികൃതർ നിഷേധിക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മാതാപിതാക്കൾ ജാതി സംവരണ ആനുകൂല്യങ്ങൾ കൃത്യമായി കൈപ്പറ്റി സമൂഹത്തിൽ ഉയർന്ന പദവികളിൽ എത്തിയവരായിരിക്കും. എന്നാൽ കുട്ടികളുടെ സ്കൂൾ രേഖകളിൽ ഇത് ഇല്ലാത്തതിന്റെ പേരിൽ അവരുടെ അടുത്ത തലമുറയ്ക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് വലിയ നീതികേടാണെന്നും ഹർജിയിൽ ആരോപിച്ചു.

പ്രായപൂർത്തിയാകുമ്പോൾ സ്വയം തീരുമാനിക്കാം

വിഷയത്തിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ എസ്എസ്എൽസി ബുക്കിൽ ജാതിയുടെയോ മതത്തിന്റെയോ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നത്, ആ കുട്ടിക്ക് പ്രായപൂർത്തിയായ ശേഷം തന്റെ മാതാപിതാക്കളുടെ ജാതിയോ മതമോ സ്വയം തെരഞ്ഞെടുക്കുന്നതിനോ അതു സംബന്ധിച്ച തീരുമാനത്തിലെത്തുന്നതിനോ യാതൊരു തരത്തിലും തടസ്സമാകുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം ആവശ്യക്കാർക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ റവന്യൂ വകുപ്പ് വച്ചുതാമസിപ്പിക്കാതെ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണം, ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണം, ഇപ്പോഴത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇടക്കാല വിദഗ്ധ സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇ ശ്രീധരന്റെ ഫിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് സമിതി വിലയിരുത്തി. കെ റെയിലില്‍ പറ്റിയ അബദ്ധം ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൈ സ്പീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതു പരിശോധിക്കാന്‍ ധനകാര്യ വിദഗ്ധന്‍, റെയില്‍വേ വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും സമിതിയില്‍ അംഗമായിരുന്നു. ഹൈ സ്പീഡ് പദ്ധതി റിപ്പോര്‍ട്ട് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ലെന്നാണ് അവര്‍ വിലയിരുത്തിയത്.

കൃത്യമായ സാധ്യതകള്‍, യാത്രക്കാരുടെ എണ്ണം എന്നിവ തിട്ടപ്പെടുത്താതിനാലും യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില തുടര്‍നടപടികള്‍ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്ഥലം പരിശോധന, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം തുടങ്ങി യാതൊരു പ്രാരംഭ നടപടികളും ഇപ്പോള്‍ ആരംഭിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, പാരിസ്ഥിതിക പഠനം തുടങ്ങിയവ നടത്താതെ, കെ റെയിലിന് പറ്റിയ അബദ്ധം ഇതില്‍ ആവര്‍ത്തിക്കരുതെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ മൂന്നു നാലു കാര്യങ്ങളില്‍ പഠനം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗതം ഇല്ലാതെ യാത്രാസംവിധാനം മാത്രമാക്കുന്നത് വരുമാനത്തില്‍ സാമ്പത്തിക പ്രശ്‌നമാകുമെന്ന് സമിതി പറയുന്നു. ബദല്‍ മാര്‍ഗങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ പഠിക്കണം. ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിക്കുന്നതുമായ മെട്രോ, തുറമുഖ ഉള്‍നാടന്‍ ജലഗതാഗതവുമായുള്ള സംയോജനം എന്നിവയെക്കുറിച്ച് പഠിക്കണം എന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപം: രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപം: രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ. പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നീ നിയമ വിദ്യാർഥികളാണ് അറസ്റ്റിലായത്. ലഖ്നൗ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇവർ. ഡൽഹി പൊലീസാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.

കോടതി നടപടികൾ തടസ്സപ്പെടുത്തി, സർക്കാർ ഉദ്യോ​ഗസ്ഥരുടെ ജോലിയിൽ തടസ്സമുണ്ടാക്കി, സുരക്ഷാ ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് നിയമ വിദ്യാർഥികൾക്കെതിരെ ചുമത്തിയത്. ജൂലായ് 10-നാണ് സുപ്രീംകോടതിയിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വന്തം കേസിൽ ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗ എസിപിക്കെതിരേ എഫ്ഐആർ. രജിസ്റ്റർചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആക്രോശിച്ചു.

‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ ചോദിച്ചു. പിന്നാലെ പ്രഭാൽ പ്രതാപ് ചീഫ് ജസ്റ്റിസിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു. പ്രഭാൽ പ്രതാപിനൊപ്പമുണ്ടായിരുന്നയാളാണ് ചന്ദർ ഭാൻ. രണ്ടുപേരും യുപി സ്വദേശികളാണ്. ഈ സംഭവത്തിൽ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങയില്‍ നീരു പോരാ; ഹോട്ടല്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം

ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങയില്‍ നീരു പോരാ; ഹോട്ടല്‍ ഉടമയ്ക്ക് ക്രൂരമര്‍ദ്ദനം

തൃശൂര്‍: ചിക്കന്‍ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് കുറഞ്ഞുവെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയ്ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മിണാലൂര്‍ ബൈപാസ് റോഡിലുള്ള സെലക്ട് ദര്‍ബാര്‍ റസ്റ്ററന്റ് ഉടമ സുഹൈബിന് ( 40) ആണ് പരിക്കേറ്റത്. ക്രിക്കറ്റ് ബാറ്റു കൊണ്ടായിരുന്നു ആക്രമണം.

മര്‍ദ്ദനത്തില്‍ സുഹൈബിന്റെ രണ്ട് പല്ലുകള്‍ അടര്‍ന്നുപോയി. സുഹൈബിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനും (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കാലിനും കൈക്കും പരിക്കേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ 5 ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ രണ്ട് യുവാക്കളാണ് ചിക്കന്‍ചില്ലി ഓര്‍ഡര്‍ ചെയ്തത്. ഇതു കഴിക്കുന്നതിനിടയിലാണ് നാരങ്ങയില്‍ നീര് പോരെന്ന പരാതിയുമായി കൗണ്ടറില്‍ എത്തുന്നത്. തര്‍ക്കമായതോടെ അടുക്കളയില്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്ന സുഹൈബിന് അടുത്തേക്ക് യുവാക്കളെത്തി. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീണ്ടു.

കണക്കു തീര്‍ക്കാന്‍ വരുമെന്ന് പറഞ്ഞ് യുവാക്കള്‍ മടങ്ങി. ഏതാണ്ട് ഒരു മണിക്കൂറിനകം കൂടുതല്‍ പേരുമായി സംഘം വീണ്ടും കടയിലെത്തി. ഏഴോളം പേരടങ്ങുന്ന സംഘം സുഹൈബിനെ ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ നേരത്തേ എത്തിയ രണ്ടു പേര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.

കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോ​ഗം മൂർച്ഛിച്ചതോടെ, എലിസബത്തിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ വെച്ച് മരണം സംഭവിച്ചു. പനിയെത്തുടർന്നുണ്ടായ അണുബാധയായിരിക്കാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ നഗരസഭ കൗൺസിലറിന്റെ പിതാവ് രാമചന്ദ്രൻ നായർ (78) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ആർ എസ്സ് നിവാസിൽ രാമചന്ദ്രൻ നായർ (78) അന്തരിച്ചു. ബി ജെ പി നോർത്ത് ജില്ല വൈസ് പ്രസിഡന്റും ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ രാജലക്ഷ്മിയുടെ
(മഞ്ചു) പിതാവാണ്.

ഭാര്യ: രാധമ്മ
മകൻ: രാജേഷ്
ആറ്റിങ്ങൽ കരിച്ചയിൽ 2 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും