പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇതുവരെ പരിശോധിച്ചത് 53 ലക്ഷം ആളുകളെ; 4,924 പേർക്ക് ക്ഷയരോ​ഗം

ഇതുവരെ പരിശോധിച്ചത് 53 ലക്ഷം ആളുകളെ; 4,924 പേർക്ക് ക്ഷയരോ​ഗം

തിരുവനന്തപുരം: 100 ദിവസത്തെ ക്ഷയരോ​ഗ (ടിബി) പ്രതിരോധ പരിപാടിയിൽ 53 ലക്ഷം പേരെ പരിശോധിച്ചതായും ഇതിൽ 5000 ക്ഷയ രോ​ഗികളെ തിരിച്ചറിഞ്ഞതായും ആരോ​ഗ്യ വകുപ്പ് അധികൃതർ. ഡിസംബർ ഏഴിനാണ് കാമ്പയിൻ ആരംഭിച്ചത്. രോ​ഗ സാധ്യത, ലക്ഷണങ്ങൾ ഇവയൊക്കെ തിരിച്ചറിയുക ലക്ഷ്യമിട്ടാണ് പരിശോധന.

68,180 പേർക്ക് സാധ്യത, ലക്ഷണങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞു. 4,924 പേർക്കാണ് ക്ഷയരോ​ഗം കണ്ടെത്തിയത്. 35 ശതമാനം ടിബി രോ​ഗികളും പ്രമേഹ രോ​ഗികൾ കൂടിയാണ്. ഈ മാസം 17നു കാമ്പയിൻ അവസാനിക്കും. അരോ​ഗ്യ സേവന ഡയറക്ടർ ഡ‍ോ. കെജെ റീനയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

80 ശതമാനം സ്ക്രീനിങും മോളിക്യുലാർ ടെസ്റ്റിങ് ഉപയോ​ഗിച്ചാണ് നടത്തിയതെന്നു സംസ്ഥാന ടിബി ഓഫീസർ കെകെ രാജാറാം വ്യക്തമാക്കി. പോഷകാഹാരക്കുറവ് ചികിത്സാ ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായതിനാൽ രോ​ഗികൾക്ക് ഭക്ഷണ കിറ്റുകൾ നൽകാൻ സർക്കാർ തുടക്കമിട്ടു. ഓരോ രോ​ഗിക്കും പ്രതിമാസ പോഷകാഹാര കിറ്റുകൾ നൽകുന്ന നിക്ഷയ് മിത്രയിൽ അം​ഗങ്ങളാകാൻ നിരവധി കമ്പനികൾ, ഏജൻസികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ മുന്നോട്ടു വന്നിട്ടുണ്ടെന്നു ലോകാരോ​ഗ്യ സംഘടന കൺസൾട്ടന്റ് ഡോ. അപർണ മോഹൻ പറഞ്ഞു.

2023ൽ സംസ്ഥാനം 5.44 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. 21,582 പുതിയ ടിബി രോ​ഗികളെയാണ് അന്നു കണ്ടെത്തിയത്. ഓരോ വർഷവും 2000 പേർ ടിബി അസുഖത്തെ തുടർന്നു മരിക്കുന്നു.

സ്വകാര്യ മേഖലയിൽ ടിബി നിർമാർജന സംവിധാനങ്ങൾ (STEP) സംസ്ഥാനത്ത് 355 കേന്ദ്രങ്ങളുണ്ട്. പൊതു ആരോ​ഗ്യ സംവിധാനമുപയോ​ഗിച്ച് സ്വകാര്യ ആശുപത്രികളിൽ ടിബി ചികിത്സ വേണ്ടവർക്ക് അതു ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ക്ഷയ രോ​ഗികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് പ്രതിരോധ ചികിത്സ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അണുബാധ പടരുന്നത് തടയുക എന്നതാണ് പരിശോധന, ചികിത്സ നയം ലക്ഷ്യമിടുന്നത്.

ഫ്‌ളൈ ഓവര്‍ കയറണ്ട, പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും.

നാളെ പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകീട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും.

വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലാണ് ഇന്നുമുതല്‍ ആരംഭിക്കുക.

ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദര്‍ശനം നടത്താവുന്നതാണ് പുതിയ രീതി. ഫ്‌ളൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദര്‍ശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിര്‍മാണം പൂര്‍ത്തിയായി.

സോപാനത്തിനുമുന്നില്‍ പല ഉയരത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം പൂര്‍ണമായി നീക്കി. കിഴക്കേ മണ്ഡപത്തിന്റെ വാതില്‍മുതല്‍ സോപാനംവരെ രണ്ടു വരിയായി കയറിപ്പോകാനുള്ള പ്ലാറ്റ്ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായി. തീര്‍ഥാടകര്‍ ബലിക്കല്ലില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേക മൂടിയും സ്ഥാപിച്ചു. ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ദര്‍ശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം.

രണ്ടു വരികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ പ്രത്യേക രീതിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് ശ്രീകോവിലിനുമുന്നില്‍ കാണിക്കയര്‍പ്പിക്കാം. 15 മീറ്ററുള്ള പുതിയ ക്യൂവില്‍ കുറഞ്ഞത് 30 സെക്കന്‍ഡ് തൊഴുത് സുഗമമായി നടന്നുനീങ്ങാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ തീര്‍ഥാടകര്‍ക്കും ഒരുപോലെ ദര്‍ശനം സാധ്യമാകും. ഇരുമുടിക്കെട്ടില്ലാത്ത തീര്‍ഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്കുതന്നെ കടത്തിവിട്ട് ദര്‍ശനം ഒരുക്കാനാണ് തീരുമാനം.

ഇനി ഗതാ​ഗത സൗകര്യമില്ലാത്ത ഇടങ്ങളിലേക്കും ബസുകളെത്തും; 503 റൂട്ടുകളിൽ മിനി ബസുകൾ

ഇനി ഗതാ​ഗത സൗകര്യമില്ലാത്ത ഇടങ്ങളിലേക്കും ബസുകളെത്തും; 503 റൂട്ടുകളിൽ മിനി ബസുകൾ

കൊച്ചി: സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ​ഗതാ​ഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് 503 പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. കെഎസ്ആർടിസിയും പ്രൈവറ്റ് ബസും സർവീസുകൾ നടത്തും. ലൈസന്‍സ് സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്ക് മാത്രമായിരിക്കും ഈ റൂട്ടുകളില്‍ ഓടാന്‍ അനുമതി. കളക്ഷന്‍ ഉള്ള റൂട്ടുകളില്‍ മത്സരം ഒഴിവാക്കാനാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ നൽകുന്നതിന് ഈ നീക്കം സഹായകമാകുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. ഏപ്രിൽ മുതൽ കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. 36 ആഡംബര സ്ലീപ്പർ എസി ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ വിന്യസിക്കും. മിനി ബസുകളും ഇതിൽ ഉൾപ്പെടും.

ഈ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ എസി ബസുകൾ പുറത്തിറക്കി യാത്രക്കാർക്ക് സുഖകരമായ യാത്ര നൽകുന്നതിൽ കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. ലോക്കൽ ബസുകളിൽ പോലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ ഉടൻ കൊണ്ടുവരും.

കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പാലക്കാട്-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ അടുത്തിടെ കൊണ്ടുവന്ന പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ വിജയകരമായിരുന്നു. മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ ബസും വിജയമാണ്. പത്ത് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പ്രതിദിനം ശരാശരി 10,000 രൂപ ലാഭം നേടുമ്പോൾ, മൂന്നാറിലെ ഡബിൾ ഡക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപ വരുമാനം നേടി. അതായത് ഒരു ദിവസത്തെ ലാഭം 40,000 രൂപയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

വെന്തുരുകി കേരളം; പാലക്കാടും വയനാടും റെഡ് അലര്‍ട്ട്

വെന്തുരുകി കേരളം; പാലക്കാടും വയനാടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത വേനലിലേക്ക് നീങ്ങുന്ന കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്‌സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്. യുവി ഇന്‍ഡക്‌സ് 5 രേഖപ്പെടുത്തിയ കാസര്‍കോട് അലര്‍ട്ടുകളൊന്നുമില്ല.

യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. യുവി സൂചിക 7നു മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.

‘വേനല്‍ക്കാലത്ത്, സൂര്യന്‍ വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് നീങ്ങുന്നതാണ് ചൂടിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. വികിരണ തീവ്രതയിലെ വ്യതിയാനങ്ങള്‍ കാരണം മാര്‍ച്ച് 20 മുതല്‍ രണ്ടാഴ്ചത്തേക്ക് യുവി ലെവല്‍ ഉയര്‍ന്നതായിരിക്കും. പീക്ക് സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപത്തിന് കാരണമാകും,’- കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ എസ് അഭിലാഷ് പറഞ്ഞു.

സുരക്ഷാ നടപടികള്‍

ഉയര്‍ന്ന യുവി വികിരണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ തൊപ്പികളോ കുടകളോ ഉപയോഗിക്കണം.

പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കണം.

എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ശരീരം മൂടുന്ന ലൈറ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

കുന്നിന്‍ പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍, തുറസ്സായ ഭൂപ്രകൃതികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്

കാരണം ഈ സ്ഥലങ്ങളില്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള UV വികിരണം അനുഭവപ്പെടാറുണ്ട്.

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.