by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊച്ചി: വിശാലമായ സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലാണ് ഇത്തരമൊരു പരിപാലന സ്ഥലമുള്ളത്. രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും ഇത്തരമൊരു പക്ഷി സങ്കേതം. 2013ലാണ് ക്യാംപസിൽ ഇത്തരമൊരു സംവിധാനം സ്ഥാപിച്ചത്. വിവിധതര പ്രാണികളും സസ്യങ്ങളും ഒപ്പം 120ഓളം വ്യത്യസ്ത പക്ഷികളുടേയും ആവാസ കേന്ദ്രമാണ് ഇന്ന് പൂർണ എന്നു പേരുള്ള പക്ഷി സങ്കേതം. 67 ഏക്കറായി കിടക്കുന്ന സർവകലാശാലയുടെ വിശാല ഭൂമിയിൽ ഏതാണ്ട് 5 ഏക്കറിനടുത്താണ് ഈ ആവാസ കേന്ദ്രം.
‘2013ൽ സുകൃതി ഫോറസ്റ്റ് ക്ലബാണ് പക്ഷികൾക്കായി ഒരു ആവാസ സങ്കേതമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സോഷ്യോളജി വിഭാഗം മുൻ മേധാവിയായ ഡോ. ദിലീപ് കെജിയാണ് ഇതിന്റെ പദ്ധതി തയ്യാറാക്കിയത്. ഈ പ്രദേശങ്ങളിൽ മാത്രം കാണു്ന കറുത്ത കിരീടമുള്ള നൈറ്റ് ഹെറോണുകളുടെ ആവസ വ്യവസ്ഥ സംരക്ഷിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. അതിനായി മരങ്ങളും ഒരു കുളവും ഉൾപ്പെടുന്ന 5 ഏക്കർ സ്ഥലമാണ് അതിനായി നീക്കി വച്ചത്. പത്ത് വർഷം മുൻപ് ബ്ലാക്ക് ക്രൗൺഡ് നൈറ്റ് ഹെറോണുകൾ ഈ പ്രദേശത്ത് കൂടുകൂട്ടാൻ തുടങ്ങിയതായി ഒരു പഠനത്തിൽ വ്യക്തമാകുകയും ചെയ്തു. കുറച്ചു പക്ഷികളിൽ നിന്നു ഇന്ന് അവയുടെ എണ്ണം 200നും മുകളിലായിട്ടുണ്ട്’- ലൈബ്രറി അസിസ്റ്റന്റായ മനോജ് പൈനുങ്കൽ പറയുന്നു.
സർവകലാശാലയുടെ പ്രവേശന കവാടത്തിൽ നിന്നു ബാസ്കറ്റ്ബോൾ കോർട്ടിലേക്കുള്ള റോഡിന്റെ ഇടതു വശത്താണ് ഈ പക്ഷി സങ്കേതമുള്ളത്. നീർമരുത്, മണിമരുത്, വെങ്ങ തുടങ്ങിയ നദീതീര വൃക്ഷങ്ങൾ ഇവിടെയുണ്ട്. പോണ്ട് ഹെറോൺ, പർപ്പിൾ ഹെറോൺ, ചെസ്റ്റ്നട്ട് ബിറ്റേൺ, വൈറ്റ്-ബ്രെസ്റ്റഡ് വാട്ടർഹെൻ, പർപ്പിൾ മൂർഹെൻ, ലെസ്സർ വിസിലിങ് ടീൽ, കോട്ടൺ ടീൽ, ലിറ്റിൽ കോർമറാന്റ്, ഓപ്പൺ-ബിൽഡ് സ്റ്റോർക്ക്, വൂളി- നെക്ക്ഡ് സ്റ്റോർക്ക് തുടങ്ങിയ പക്ഷികൾ നിലവിൽ സങ്കേതത്തിലുണ്ട്. കൂടാതെ പൈഡ് ക്രെസ്റ്റഡ് കുക്കൂ, സ്പോട്ടഡ് സാൻഡ്പൈപ്പർ, കോമൺ സാൻഡ്പൈപ്പർ, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റ് തുടങ്ങിയ ദേശാടന ഇനങ്ങളെയും സങ്കേതത്തിൽ കാണാൻ കഴിയും.
‘വനം വകുപ്പിന്റെ സഹായത്തോടെയാണ് ആദ്യ ഘട്ടത്തിൽ മരങ്ങൾ നട്ടത്. അനുയോജ്യമായ മരങ്ങൾ കണ്ടെത്തി. ചതുപ്പു നിലങ്ങൾ ഉള്ളതിനാൽ തീരപ്രദേശങ്ങളിലെ മരങ്ങൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ വളരുന്നതു വരെ വനം വകുപ്പാണ് അവയെ പരിപാലിച്ചത്. പിന്നീട് പ്രദേശം സുകൃതി ഫോറസ്റ്റ് ക്ലബിനു കൈമാറുകയായിരുന്നു.’
‘അതിനു ശേഷം അതിന്റെ സംരക്ഷണം വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. നിലവിൽ കൺവീനർമാരായ ആദർശ്, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ് പ്രവർത്തിക്കുന്നത്. ഇ ബേർഡ് മൊബൈൽ ആപ്പിലൂടെ സങ്കേതത്തിൽ വസിക്കുന്ന പക്ഷികളുടെ പട്ടിക സൂക്ഷിക്കുന്നുണ്ട്. കാമ്പസിലുള്ള ആർക്കും പക്ഷികളുടെ ഫോട്ടോയെടുത്ത് ആപ്പിൽ അപ്‍ലോഡ് ചെയ്യാം.’
‘വിദ്യാർഥികൾ, സർവകലാശാലയിലെ മറ്റു ജീവനക്കാർ പക്ഷി നിരീക്ഷകരടക്കമുള്ളവർ കാമ്പസിലെ ഈ ജൈവ വൈവിധ്യത്തെ അറിയാനും നിരീക്ഷിക്കാനും ഉത്സാഹം കാണിക്കാറുണ്ട്. പക്ഷികൾ സങ്കേതത്തെ അവരുടെ സുരക്ഷിത കേന്ദ്രമായാണ് കാണുന്നതെന്നു അവയുടെ ഇവിടുത്തെ സ്വൈര വിഹാരങ്ങളിൽ നിന്നു വ്യക്തമാണ്’- മനോജ് കൂട്ടിച്ചേർത്തു.
by Midhun HP News | Mar 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നിറങ്ങളുടെ ഉത്സവത്തിൽ ആറാടി ഉത്തരേന്ത്യ. ചായങ്ങൾ പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യൻ ജനത. ശൈത്യകാലത്തിൽ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേൽക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങൾ ഒത്തു കൂടുമ്പോൾ ഇവിടെ നിറങ്ങൾക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.
പൊതുവിടങ്ങളിൽ നിറമെറിഞ്ഞുള്ള ആഘോഷം അതിരുവിടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തവണ ഹോളിയും റംസാൻ മാസത്തിലെ വെള്ളിയാഴ്ച നമസ്കാരവും ഒരുമിച്ചുവരുന്നത് സംഘർഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിർദേശവുമുണ്ട്.
ഡൽഹിയിൽ പ്രശ്ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. അതേസമയം മഥുരയിലെ ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹോളി ആശംസകള്‍ നേര്‍ന്നു.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ലഹരിക്ക് പിന്നില്‍ ആരെല്ലാം ഉണ്ട് എന്ന കാര്യം അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 10.30 ഓടേയാണ് പരിശോധന ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടുദിവസം മുന്‍പ് പ്രദേശത്ത് നിന്ന് ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഹോളി ലക്ഷ്യമിട്ട് വന്‍തോതില്‍ കഞ്ചാവ് ഹോസ്റ്റലില്‍ എത്തുമെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കൃത്യമായ ക്രമീകരണത്തോടെ പൊലീസ് പരിശോധന ആരംഭിച്ചത്.
രണ്ടു മുറികളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസ് അടക്കമുള്ള സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതിന് പിന്നാലെ മറ്റു വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോസ്റ്റലിലെ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമേ മദ്യക്കുപ്പികള്‍, കോണ്ടം എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ചികിത്സയ്ക്കിടെ കാൻസർ രോഗിയായ ഒൻപതു വയസുള്ള കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018 ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛനാണ് നഷ്ടപരിഹാരം തേടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം വഴി ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.
ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന സംവിധാനം എന്താണെന്നും വിശദാംശം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചത്. തുടർന്ന് ആർസിസിയിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്. കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിച്ച് വന്‍തോതില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ട്രെയിനില്‍ കയറി പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. അമ്മ വഴക്കുപറഞ്ഞതാണ് കുട്ടി വീടു വിട്ടുപോകാന്‍ കാരണമെന്നാണ് വിവരം.
by Midhun HP News | Mar 14, 2025 | Latest News, കേരളം
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Recent Comments