റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി വേണമെന്ന് കെല്‍സ

റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി വേണമെന്ന് കെല്‍സ

കൊച്ചി: റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യാണ് പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് കേസുകള്‍ വര്‍ധിക്കുകയാണ്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ശക്തമായതും ഘടനാപരവുമായ നിരീക്ഷണ സംവിധാനത്തിലൂടെ നിലവിലുള്ള റാഗിങ്ങ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നാളെ വേറൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകള്‍ കേള്‍ക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കും. പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയിലെ ആക്ഷേപത്തില്‍, സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

‘എല്ലാം നല്ലതിന്’- ചരിത്രമെഴുതി അവർ തിരിച്ചെത്തി; കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേൽപ്പ്

‘എല്ലാം നല്ലതിന്’- ചരിത്രമെഴുതി അവർ തിരിച്ചെത്തി; കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേൽപ്പ്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി തലനാരിഴയ്ക്ക് കിരീടം നഷ്ടമായെങ്കിലും നാട്ടിൽ വന്നിറങ്ങിയ കേരള ടീമിനു വൻ വരവേൽപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടീമിന് ​ഗംഭീര സ്വീകരണം ഒരുക്കിയത്. കെസിഎ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് ടീം രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയുമായി തിരുവനന്തപുരത്ത് ഇറങ്ങിയത്. എയർ എംബ്രെയർ വിമാനത്തിൽ ഇന്നലെ രാത്രി 10.00 മണിക്കു ശേഷമാണ് ടീം തിരുവനന്തപുരത്ത് എത്തിയത്.

ജയ് വിളിച്ചും സെൽഫിയെടുത്തും ആരാധകർ സ്വീകരണം കളറാക്കി. ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം 37 റൺസ് ലീഡ് വഴങ്ങിയതാണ് കിരീട നഷ്ടത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്സിലെ ഈ ലീഡിന്റെ ബലത്തിലാണ് വിദർഭ മൂന്നാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.

സന്തോഷവും ചെറിയൊരു നിരാശയും നിറഞ്ഞ നിമിഷമെന്നാണ് കിരീട നഷ്ടത്തെക്കുറിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി പ്രതികരിച്ചത്. റണ്ണേഴ്സ് അപ്പ് ആയതിൽ സങ്കടമുണ്ട്. എങ്കിലും എല്ലാ നല്ലതിനായിരിക്കാം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. കപ്പുമായി ഇതിലും വലിയ അച്ചീവ്മെന്റോടെ തിരിച്ചു വരുമെന്നും ക്യാപ്റ്റൻ പ്രതികരിച്ചു.

ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിനെ നാട്ടിലേക്ക് കൊണ്ടു വരാൻ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവർ നാ​ഗ്പുരിലെത്തിയിരുന്നു.

ഇന്ന് ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 4നു അനുമോദന ചടങ്ങും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും.

ലഹരി ഉപയോഗം; തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പൊലീസിന്റെ വ്യാപക റെയ്ഡ്

ലഹരി ഉപയോഗം; തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പൊലീസിന്റെ വ്യാപക റെയ്ഡ്

ലഹരി ഉപയോഗം തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പൊലീസിന്റെ വ്യാപക റെയ്ഡ്. സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്, മാമ്പള്ളി,അരിവാളം, റാത്തിക്കൽ,വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്റർ കളും പെരുമാതുറ, താഴംപ്പള്ളി ഹാർബർകളും പരിശോധിച്ചു.

പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26)നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്കോഡിന്റെ സഹായത്തോടുകൂടിയായിരുന്നു തിരച്ചിൽ തുടങ്ങിയത്.

വെളുപ്പിന് തുടങ്ങിയ മിന്നൽ പരിശോധനയിൽ റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ്‌ കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ് കോസ്റ്റൽ , അഞ്ചുതെങ്, കഠിനംകുളം, വർക്കല, അയിരൂർ സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ, എസ്ഐ മാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഡാൻസാഫ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. തീരദേശങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ഫെബ്രുവരിയിലെ ചരക്കു നീക്കം; വിഴിഞ്ഞം., 15 തുറമുഖങ്ങളിൽ നമ്പർ വൺ

ഫെബ്രുവരിയിലെ ചരക്കു നീക്കം; വിഴിഞ്ഞം., 15 തുറമുഖങ്ങളിൽ നമ്പർ വൺ

തിരുവനന്തപുരം : ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യംചെയ്‌തത് 40 കപ്പലുകളിൽനിന്ന്‌ 78,833 ടിഇയു ചരക്ക്‌. ഇതോടെ ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു.

ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ്‌ നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പലുകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യംചെയ്‌തു. നികുതിയിനത്തിൽ ലഭിച്ചത്‌ 37 കോടിക്ക്‌ മുകളിലും. 2028 ഓടു കൂടി സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും.

വെള്ളിയാഴ്‌ച മുതൽ വിഴിഞ്ഞത്തുനിന്ന്‌ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി(എംഎസ്‌സി) ജേഡ്‌ സർവീസ്‌ ആരംഭിക്കും. എംഎസ്‌സി മിയ എന്ന 400 മീറ്റർ നീളമുള്ള കൂറ്റൻ കപ്പലാണ്‌ സർവീസ്‌ നടത്തുക. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ നേരിട്ട്‌ ചരക്കുകൾ കൊണ്ടുപോകാൻ കഴിയും. ആദ്യമാണ്‌ ജേഡ്‌ സർവീസ്‌ ഇന്ത്യൻ തുറമുഖത്തുനിന്ന്‌ തുടങ്ങുന്നത്‌. മദർഷിപ്പ്‌ ആയതിനാൽ ഇന്ത്യൻ വ്യാപാരികൾക്ക്‌ മികച്ച അവസരമാകും

ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി

ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി

കിളിമാനൂർ: ഓപ്പറേഷൻ ടേബിളിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്കൊരു വിദ്യാർത്ഥിയുടെ യാത്ര കൗതുക കാഴ്ചയായി. മടവൂർ വട്ടം വീട്ടിൽ നെജിന്റെയും സുമിനയുടെയും മകൻ അഹമ്മദ് ബിൻ (16) ആണ് ഓപ്പറേഷൻ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിൽ എത്തിയത്.

കലശലായ വയറുവേദനയെത്തുടർന്ന് കിളിമാനൂരിലെ സരളാ മെമ്മോറിയൽ ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഓപ്പറേഷൻ തീയറ്ററിൽ കിടന്ന അഹമ്മദ് ബിൻ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തി പരീക്ഷയെഴുതുകയും തിരികെ ആംബുലൻസിൽ ആശുപത്രിയിലും എത്തി. ഡോ.ഹെൻറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.

കുട്ടി സ്കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗൺസിലിങ് നൽകി. ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പോലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.