സംസ്ഥാനത്ത് ആദ്യം; തെങ്ങില്‍ കയറാനും തേങ്ങയിടാനും എഐ

സംസ്ഥാനത്ത് ആദ്യം; തെങ്ങില്‍ കയറാനും തേങ്ങയിടാനും എഐ

കൊച്ചി: പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരുടെ ക്ഷാമം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. നാളികേര വികസന ബോര്‍ഡിന്റെ ഡാറ്റാബേസ് അനുസരിച്ച്, 12 വര്‍ഷത്തിനിടെ ഏകദേശം 32,925 പേര്‍ക്കാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. ഇതില്‍ 673 പേര്‍ മാത്രമാണ് നിലവില്‍ ഫീല്‍ഡില്‍ ഉള്ളൂ. ഇത്തരം ആശങ്കകള്‍ വൈകാതെ തന്നെ പഴയ കാര്യമായി മാറാം. കോഴിക്കോട് നിന്നുള്ള യുവാക്കള്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നാല് യുവാക്കള്‍ വികസിപ്പിച്ചെടുത്ത കൊക്കോ-ബോട്ട് എന്ന തേങ്ങയിടല്‍ യന്ത്രം സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രമാണ്. പുതിയ എഐ തേങ്ങയിടല്‍ യന്ത്രം, ഇതിനോടകം ജനപ്രിയ പാരച്യൂട്ട് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മാരിക്കോ ലിമിറ്റഡ് പോലുള്ള ചില പ്രധാന കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊക്കോ-ബോട്ട് വിപണിയിലെ മറ്റ് തെങ്ങുകയറ്റ റോബോട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്.

‘എന്റെ കുളിമുറിയില്‍ വച്ചാണ് ആശയം ജനിച്ചത്’- ആള്‍ട്ടര്‍സേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ആഷിന്‍ പി കൃഷ്ണ പറയുന്നു. ‘2020 ല്‍ ഞാന്‍ കുളിക്കുന്നതിനിടെയാണ് ആ ആശയം ഉയര്‍ന്നുവന്നത്. അന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിയാത്തതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നതിനിടയിലായിരുന്നു അത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഒരു എയര്‍ കണ്ടീഷണറാണ് വികസിപ്പിച്ചത്, അത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചു.

എന്നാല്‍ ആ വര്‍ഷത്തെ വിഷയം കാര്‍ഷിക മേഖലയിലെ നവീകരണമായിരുന്നു. അതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ അതേ എയര്‍ കണ്ടീഷണര്‍ ചൈനയില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ സെമി ഫൈനലില്‍ എത്തി. പ്രോത്സാഹന സമ്മാനമായി ഞങ്ങള്‍ക്ക് ഒരു റോബോട്ടിക് ടാങ്കിന്റെ ചേസിസും ലഭിച്ചു. ഞാന്‍ ബാത്ത്‌റൂമില്‍ വെന്റിലേഷനില്‍ നിന്ന് പുറത്തേക്ക് നോക്കി അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കാര്‍ഷിക മേഖലയ്ക്കായി ഒരു നൂതന പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് എന്റെ കുളിമുറിക്ക് പുറത്തുള്ള തെങ്ങ് ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു പുതിയ ആശയം ഉദിച്ചു. തെങ്ങില്‍ കയറി തേങ്ങയിടാന്‍ കഴിയുന്ന ഒരു ഭാവി റോബോട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- 23 വയസ് മാത്രമുള്ള ആഷിന്‍ പറയുന്നു.

ആഷിന്‍ തന്റെ ടീമിനെ വിളിച്ചുകൂട്ടി ഒരു വര്‍ഷത്തോളം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ‘2021 ല്‍ ഒരു പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2023 ല്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ ആശയം അവതരിപ്പിച്ചതിന് പിന്നാലെ ഫണ്ട് ലഭിച്ചു. അതേ വര്‍ഷം, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ ഹാക്കത്തണ്‍ വൈഗയില്‍ ഈ ആശയം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നാം സമ്മാനം നേടി,’- ആഷിന്‍ പറയുന്നു.

വയനാട് തുരങ്ക പാത: സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

വയനാട് തുരങ്ക പാത: സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.

ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നിവ ഉള്‍പ്പെടുന്നതാണ് കള്ളാടിയോട് ചേര്‍ന്നുള്ള പരിസര പ്രദേശങ്ങള്‍. വയനാട്ടില്‍ തുരങ്കപാത എത്തുന്നത് ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരല്‍മലയുടെ ഭാഗങ്ങള്‍. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്.

പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നല്‍കിയത്. കൊങ്കണ്‍ റെയില്‍വേയാണ് ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി പ്രവര്‍ത്തിക്കുന്നത്. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാണ് കടന്നുപോകുക. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.

ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്പളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിൽ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതൽ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തിൽ 89.98 ശതമാനം പേർ‌ക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കേരളത്തിൽ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജ്യോതി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണോ വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റില്‍

കോഴിക്കോട്: എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ ഭാഗത്ത് അരുൺ സഞ്ചരിച്ചു വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.