by Midhun HP News | Feb 8, 2025 | Latest News, കേരളം
ആലപ്പുഴ: സ്വർണക്കടയിൽ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.
മോഷണക്കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം കടയ്ക്കലിൽ ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണം. സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം കടയ്ക്കൽ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മിൽ തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് രാജേഷിന്‍റെ മൊഴി. ബസ് ഓടിക്കുന്നതിനിടെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരും റോഡിൽ വെച്ച് തര്‍ക്കം നടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ ബിജെപിയാണ് മുന്നിൽ. ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്. എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
മാനന്തവാടി: മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷ ആണ് മരിച്ചത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ അഭിഭാഷകനായ എസ് ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതായി കുടുംബം അറിയിച്ചത്. കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കുടുംബം അറിയിച്ചു.
സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല. പ്രത്യേക അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റി.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊച്ചി: രാജസ്ഥാനിൽ നിന്ന് മൂന്നാറിൽ അവധി ആഘോഷിക്കാനെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുന്നതിനിടെയാണ് മാലിന്യക്കുഴിയിൽ വീണു മൂന്ന് വയസുകാരന്‍ റിദാന്‍ ജാജു മരിച്ചത്. ജയ്പൂരിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 നാണ് ഏഴംഗ കുടുംബം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. നാല് വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിദാന്‍ മാലിന്യക്കുഴിയിൽ വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ് ഉണ്ടായിരുന്നത്. മാലിന്യക്കുഴിക്കു മറയായി ഉണ്ടായിരുന്നതു രണ്ടടിയിൽ താഴെ ഉയരമുള്ള മതിലും. കുട്ടിയെ കാണാതായതിനു പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണു കുട്ടി വേലി കടന്നുപോയതായി തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും വായിൽ ഉൾപ്പെടെ മാലിന്യം ഉണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
Recent Comments