പവന്‍ വില മുന്നോട്ടു തന്നെ; ഇന്നു കൂടിയത് 120 രൂപ

പവന്‍ വില മുന്നോട്ടു തന്നെ; ഇന്നു കൂടിയത് 120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7945 രൂപ.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ഉണ്ടായ അനിശ്ചിതത്വം കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രവണത തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു.

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഹിറ്റ് തമിഴ് സിനിമകളായ മൈന, കഴുക്, കുംകി തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചിപ്പി എന്ന തമിഴ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. വിദ്യ, വിവേക് എന്നിവര്‍ മക്കളാണ്.

വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്.

സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നതായി യുവതി പറയുന്നു.വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഭാര്യയും ഭർ‌ത്താവും തമ്മിൽ‌ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും മക്കളെയും വീടിന് പുറത്താക്കി വീട് പൂട്ടി ഭർത്താവ് സ്ഥലം വിടുന്നത്.

പ്രൊട്ടക്ഷൻ ഓർഡർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഒരു കാരണവശാലും വീട് തുറന്നുകൊടുക്കില്ലെന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിരുന്നു.

ആദ്യം ഏട്ടൻ, പിന്നെ ഇക്ക! വിഷു കളറക്കാൻ ‘ബസൂക്ക’യും; റിലീസ് തീയതി പുറത്ത്

ആദ്യം ഏട്ടൻ, പിന്നെ ഇക്ക! വിഷു കളറക്കാൻ ‘ബസൂക്ക’യും; റിലീസ് തീയതി പുറത്ത്

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 10 ന് വേൾഡ് വൈൽഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സ്റ്റൈലിഷ് ലുക്കിൽ കാറിനടുത്ത് നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. മുൻപ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്.

അതേസമയം മോഹൻലാൽ ചിത്രം എംപുരാൻ മാർച്ച് 27 നാണ് തിയറ്ററുകളിലെത്തുക. കഴിഞ്ഞ വർഷം പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്ക് ശേഷം സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ റാ​ഗിങ്, ജൂനിയർ വിദ്യാർഥിക്ക് ​ഗുരുതര പരിക്ക്

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ റാ​ഗിങ്, ജൂനിയർ വിദ്യാർഥിക്ക് ​ഗുരുതര പരിക്ക്

മലപ്പുറം: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്.

വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്. ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരന് വിവിധ അസുഖങ്ങള്‍ ഉണ്ടെന്നതും കോടതി കണക്കിലെടുത്തു.

പിതാവിനെ സംരക്ഷിക്കുകയെന്നത് സ്‌നേഹം, നന്ദി, ബഹുമാനം തുടങ്ങിയവയില്‍ നിന്നുമുളവാകുന്ന ധാര്‍മിക ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. മക്കളെ കഷ്ടപ്പട്ടു വളര്‍ത്തുന്ന പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്തവുമാണിത്. മതഗ്രന്ഥങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിയമവ്യവസ്ഥയും മക്കള്‍, പ്രത്യേകിച്ച് ആണ്‍ മക്കള്‍, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന അടിവരയിടുന്നു. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി.

പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ല്‍ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം.