സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

ഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും.

കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും ഒന്നിലധികം ആപ്പുകളില്‍ കാണപ്പെടുന്ന അപകടകരമായ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കിറ്റ് ആണ് സ്പാര്‍ക്ക്കാറ്റ്. ഉപയോക്താക്കളുടെ ഡിവൈസുകളിലുള്ള ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഈ മാല്‍വെയര്‍ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുന്നു. നിങ്ങള്‍ അറിയാതെ ഒരു വൈറസുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലാകാം.

സ്പാര്‍ക്ക്കാറ്റ് വൈറസ് ബാധിച്ച ആപ്പുകള്‍

18 ആന്‍ഡ്രോയിഡ് ആപ്പുകളിലും 10 ഐഒഎസ് ആപ്പുകളിലും ഈ മാല്‍വെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആപ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംശയാസ്പദമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് വിദഗ്ധ നിര്‍ദേശം.

എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കാം?

അജ്ഞാത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, നല്ല റിവ്യൂ ഉള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ആപ്പുകള്‍ക്ക് നിങ്ങളുടെ സ്റ്റോറേജിലേക്കോ കാമറയിലേക്കോ അനാവശ്യമായ ആക്സസ് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ഒളിവാക്കുക

നിങ്ങളുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക- പതിവ് അപ്ഡേറ്റുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും

മികച്ച ആന്റിവൈറസുകള്‍ ഉപയോഗിക്കുക: ആന്റിവൈറസുകള്‍ മാല്‍വെയറുകളെ തടയും

ക്രിപ്റ്റോ വാലറ്റ് വിവരകള്‍ ഒരിക്കലും സ്‌ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കരുത്.

ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷ റവന്യൂവകുപ്പ് തള്ളി

പാലക്കാട്: ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്.

ഭൂവിനിയോഗ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

നിർദ്ദിഷ്ട ഭൂമിയില്‍ കൃഷി ചെയ്യണമെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ആര്‍ഡിഒ ഉത്തരവില്‍ വ്യക്തമാക്കി. നെല്‍വയല്‍-നീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റം അനുവദിക്കാനാവില്ലെന്നും ആര്‍ഡിഒ അറിയിച്ചു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒയാസീസ് കമ്പനി അപേക്ഷിച്ച ഭൂമി കൃഷിഭൂമിയാണെന്നും, അത് തരംമാറ്റം അനുവദിക്കാനാവില്ലെന്നും ജില്ലാ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപേക്ഷ തള്ളിക്കൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവില്‍ ഇക്കാര്യവും എടുത്തു പറഞ്ഞിട്ടുണ്ട്. പാലക്കാട് ബ്രൂവറി പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ആര്‍ഡിഒയുടെ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തി. കൃഷിസ്ഥലം ഒഴിവാക്കിയാണ് പ്ലാന്റിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചത്. കൃഷിസ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ല.

മദ്യ നിര്‍മ്മാണ പ്ലാന്റില്‍ നിന്നും കമ്പനി പിന്നോട്ടില്ല. റവന്യൂ വകുപ്പിന്റെ നടപടി മദ്യനിര്‍മ്മാണശാല പ്ലാന്റിനെ ബാധിക്കില്ല. 25 ഏക്കര്‍ കൈവശമുണ്ട്. പദ്ധതിക്കായി 15 ഏക്കര്‍ മതിയാകും. കൃഷിഭൂമിയില്‍ ഒരു തരംമാറ്റവും നടത്തില്ലെന്നും ഒയാസിസ് കമ്പനി വ്യക്തമാക്കി.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച ലോകകേരള കേന്ദ്രങ്ങള്‍?

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച ലോകകേരള കേന്ദ്രങ്ങള്‍?

തിരുവനന്തപുരം: ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രാജ്യത്ത് അതിന്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്ന് കണക്കുകള്‍ നിരത്തി ധനമന്ത്രി. പ്രവാസികളുടെ നിര്‍ദേശമായ ലോക കേരള കേന്ദ്രം എന്ന ആശയവും ബജറ്റില്‍ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപയാണ് അനുവദിച്ചത്. ലോക കേരള സഭയിലെ പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമാണിതെന്നും ഈ നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം ബജറ്റില്‍ അവതരിപ്പിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ലോകകേരള കേന്ദ്രങ്ങള്‍ എന്താണ്?

‘പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ലോക കേരള കേന്ദ്രത്തില്‍ ഇതിനായി കേരളത്തിന്റെ പരിച്ഛേദം ഒരുക്കണം എന്നതാണ് നിര്‍ദ്ദേശം. കേരളീയ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടുകള്‍, നാടന്‍ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകള്‍ തുടങ്ങിയവ ലോക കേരള കേന്ദ്രത്തില്‍ ലഭ്യമാകണം. ലോക കേരള കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകള്‍ക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദര്‍ശന പരിപാടികള്‍ക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കും. പാര്‍പ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കില്‍ വാടകയ്ക്ക് നല്‍കാനും, പ്രായമായവര്‍ക്കുള്ള അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു’ ധനമന്ത്രി പറഞ്ഞു.

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്‍റ്, മൊബൈല്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്മെന്‍റുകള്‍, ലാന്‍ഡ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ബില്‍, റെന്‍റ് പെയ്മെന്‍റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.

ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്സ്ആപ്പ്. ഐഒഎസിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കി. ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമായിരുന്നു ഈ ഫീച്ചർ ലഭ്യമായിരുന്നത്.

നെയ്യാറ്റിൻകരയിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

നെയ്യാറ്റിൻകരയിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ പട്ടാപകൽ ആൺ സുഹൃത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. സൂര്യഗായത്രി (28)യെ ആൺ സുഹൃത്ത് വെട്ടി പരിക്കേല്പിച്ച ശേഷം ബൈക്കിൽ ചേർത്ത് തോർത്ത് വെച്ച് കെട്ടി നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലാക്കി. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് സൂര്യഗായത്രി. ആക്രമിച്ച യുവാവിനെ വ്യക്തമായതായി പൊലീസ് സൂചന നല്‍കുന്നു.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരണപ്പെട്ടു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരണപ്പെട്ടു

വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ്- രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരണപ്പെട്ടത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കുട്ടിയെ കട്ടിലിൽ കിടത്തി. മൂത്ത കുട്ടിയെ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റേറ്റ്മാർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.