തിരയിൽപെട്ട മാതാവിനെ രക്ഷിക്കാനിറങ്ങി; ചെല്ലാനത്ത് 14കാരൻ മുങ്ങിമരിച്ചു

തിരയിൽപെട്ട മാതാവിനെ രക്ഷിക്കാനിറങ്ങി; ചെല്ലാനത്ത് 14കാരൻ മുങ്ങിമരിച്ചു

കൊച്ചി: കടലിൽ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്.

മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് 26) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.

തിരുവല്ലയിൽ നിന്നു എത്തിയ അ​ഗ്നിരക്ഷാ സേനയിലെ മങ്ങൾ വിദ​ഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാത്രി എട്ട് മണിയോടെ പരുമല ഭാ​ഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

സുഹൃത്തുക്കളായ സന്ദീപ്, റോഷൻ, അജിത്ത് എന്നിവരും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. പത്ര വിതരണം ചെയ്യുന്ന ജോലിയാണ് രമേശിന്. ഉഷയാണ് മാതാവ്. സഹോദരി: രേഷ്മ.

നെന്മാറ ഇരട്ട കൊലപാതകം; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്

നെന്മാറ ഇരട്ട കൊലപാതകം; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍ നിന്ന് വീയൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും രണ്ട് കൊലപാതകങ്ങളും നടത്തിയത്.

രണ്ട് ദിവസത്തേക്കാണ് പൊലീസ് ചെന്താമരയെ കസ്റ്റഡിയില്‍ ആവശ്യപ്പെടിരിക്കുന്നത്. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ആരാകും 20 കോടിയുടെ ആ ഭാ​ഗ്യശാലി?

ആരാകും 20 കോടിയുടെ ആ ഭാ​ഗ്യശാലി?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വിജയികളെ നാളെ അറിയാം. ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും നൽകും. മൊത്തം 21 കോടീശ്വരൻമാരുണ്ടാകും.

ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വിൽപ്പന തകൃതിയായി മുന്നേറുന്നു. ഇതുവരെയായി 45,34,650 ടിക്കറ്റുകൾ വിറ്റു പോയി. 8,87,140 ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് മുന്നിൽ.

തിരുവനന്തപുരത്ത് 5,33,200 ടിക്കറ്റുകളും തൃശൂരിൽ 4,97,320 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ​ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റ് വില.

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപതു ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോം പ്രഖ്യാപിച്ചു. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു.