by Midhun HP News | Jul 6, 2026 | Latest News, കേരളം
തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ചെയര്‍മാന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഇന്നു ചേര്‍ന്ന പിഎസ് സി യോഗം പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും, ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനും തീരുമാനമെടുത്തത്.
ആഭ്യന്തര വിജിലന്‍സ് എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ചെയര്‍മാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പിഎസ്സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നു.
അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചു.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നലെയാണ് പിഎസ്സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്
അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
അതേസമയം നിയമന ക്രമക്കേടിൽ ചെയർമാൻ എം ആർ ബൈജുവിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആറ് തവണയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. വിവാദ നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

by Midhun HP News | Jul 6, 2026 | Latest News, കേരളം
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ സർവീസ് നടത്തുന്നതു മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. പാലക്കാട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
പ്രിയദർശിനി സർവീസുകളുടെ ആഘാതത്തിന് പുറമെ, സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളും പ്രത്യേക കമ്മിറ്റി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ പത്തുവർഷക്കാലം സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ന്യായമായ പരാതികൾ പോലും പരിഹരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന് സിപി ജോൺ കുറ്റപ്പെടുത്തി. ബസ് വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിട്ടത് മുൻ സർക്കാരിന്റെ അവഗണനയാണ്. പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആവശ്യമായ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത് ഇപ്പോഴത്തെ യുഡിഎഫ് സർക്കാരാണെന്നും ബസ് വ്യവസായത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു.

by Midhun HP News | Jul 6, 2026 | Latest News, കേരളം
കൊച്ചി: ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്ത് പത്താം തീയതി വരെ തുറന്നുപ്രവര്‍ത്തിക്കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ 700ലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടരുന്നതിനിടെ, കമ്പനി പ്രതിനിധിയുമായി ലേബര്‍ കമ്മീഷണറും തൃക്കാക്കര എംഎല്‍എ ഉമാ തോമസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചത്. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാവും.
കമ്പനിയുടെ ലീഗല്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതായി ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി ഇന്നുമുതല്‍ തന്നെ ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കും. വര്‍ക്കില്ലെങ്കിലും ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കമ്പനി സമ്മതിച്ചിട്ടുണ്ട്. ഡൈനിങ്, വാഷ്‌റൂം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാക്കും. പത്താംതീയതി കമ്പനി പ്രതിനിധിയുമായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ നടത്തുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് അറിയിച്ചു.
പത്താംതീയതി മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്പനിക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. ഇപ്പോള്‍ നിയമനടപടി സ്വീകരിക്കുന്നില്ല. പത്താംതീയതിയിലെ മീറ്റിങ്ങില്‍ ജീവനക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ കാത്തിരിക്കും. പത്താംതീയതിയിലെ മീറ്റിങ്ങില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
വ്യാവസായിക തര്‍ക്ക പരിഹാര നിയമം അനുസരിച്ച് 100 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെങ്കില്‍ 90 ദിവസത്തിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്. ഇവിടെ ഇത് സംഭവിച്ചിട്ടില്ല. പൂട്ടുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അതിനാല്‍ പത്താംതീയതിയില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതെ അടച്ചുപൂട്ടാനാണ് കമ്പനി അധികൃതര്‍ തീരുമാനമെടുക്കുന്നതെങ്കില്‍ അടച്ചുപൂട്ടുന്നത് നിയമപരമല്ല എന്ന് കാട്ടി നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ലാഭകരമല്ലെന്നും പുതിയ പ്രോജക്ട് ലഭിക്കുന്നില്ലെന്നുമാണ് അടച്ചുപൂട്ടാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി ലീഗല്‍ പ്രതിനിധി വിശദീകരിക്കുന്നതെന്നും ലേബര്‍ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jul 6, 2026 | Latest News, കേരളം
ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശം.
മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയുണ്ടായ മണ്ണൊലിപ്പിൽ സമീപത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീണതായും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന ആളുകളെ അധികൃതർ ഇവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാതയുടെ വീതികൂട്ടൽ നിർമ്മാണം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.റോഡുകളിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുമായി പൊലീസിനെയും മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത ഏറെയുള്ള മേഖലകളിൽ വിനോദസഞ്ചാരികളുടെയും മറ്റ് യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കലക്ടർ നിർദ്ദേശം നൽകി.

by Midhun HP News | Jul 6, 2026 | Latest News, സിനിമ
സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി മിന്നും വിജയം നേടിയ താരമാണ് പ്രദീപ് രംഗനാഥന്‍. നായകനായി അഭിനയിച്ച മൂന്ന് സിനിമകളും ഹിറ്റാക്കിയ താരം ഇപ്പോഴിതാ മറ്റൊരു മേഖലയിലേക്കും കടക്കുകയാണ്. പ്രദീപ് രംഗനാഥന്റെ പുതിയ വരവ് നിര്‍മാതാവിന്റെ കുപ്പായത്തിലാണ്.
പിആര്‍ ഷോ എന്ന പേരിലാണ് പ്രദീപ് നിര്‍മാണക്കമ്പനി ആരംഭിച്ചിരിക്കുന്നത്. പിആര്‍ ഷോ ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ ഒടുവിലിറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത ബൈജു. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും പിആര്‍എസ് 1 എന്നാണ് അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കുന്ന സൂചന.
സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം ശിവാജി സൊന്‍ടിനേനിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ഒന്നല്ല, ആറ് പേര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നതെന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. ആല്‍ഫ യൂണിറ്റ് എന്നാണ് സംവിധായകരുടെ ടീമിനെ വിശേഷിപ്പിക്കുന്നത്.
പ്രദീപ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്. ഡ്യൂഡിന് സംഗീതം ഒരുക്കിയ സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അൗണ്‍സ്‌മെന്റ് വിഡിയോയ്‌ക്കൊപ്പം ചിത്രത്തിലെ ആനെ വാലെ സ്റ്റാര്‍ എന്ന പാട്ടും സായ് അഭ്യങ്കര്‍ പുറത്തുവിട്ടിട്ടുണ്ട്. ദിനേഷ് പുരുഷോത്തമന്റേതാണ് ഛായാഗ്രഹണം.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത ഇന്ധന (E20) പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇന്ത്യന്‍ സര്‍ക്കാരും ഭൂട്ടാനിലെ പ്രമുഖ മാധ്യമവും തമ്മിലുള്ള പുതിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂട്ടാന് E20 പെട്രോള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നോ ഇല്ലയോ എന്നതിനെച്ചൊല്ലിയാണ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം മുറുകുന്നത്. ‘ദി ഭൂട്ടാനീസ്’ എന്ന പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇന്ത്യയുടെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പൂര്‍ണ്ണമായും തള്ളിയിരുന്നു. ഭൂട്ടാന് E20 പെട്രോള്‍ നല്‍കാന്‍ ഇന്ത്യയിലെ ഒരു എണ്ണക്കമ്പനിയും തയ്യാറായിട്ടില്ലെന്നും അത്തരമൊരു കയറ്റുമതി നിര്‍ദ്ദേശത്തിന് ഔദ്യോഗിക രൂപം നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.
എന്നാല്‍, ഇതിന് പിന്നാലെ പത്രത്തിന്റെ എഡിറ്ററായ ടെന്‍സിങ് ലാംസാങ് തന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭൂട്ടാന്‍ വാണിജ്യ വകുപ്പില്‍ നിന്ന് തനിക്ക് ലഭിച്ച ഔദ്യോഗിക രേഖകള്‍ ലാംസാങ് എക്‌സിലൂടെ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് E20 പെട്രോള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണ് ഈ കത്ത്. അന്തരീക്ഷത്തിലെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കുന്ന സ്വഭാവം ഉള്ളതിനാല്‍ ഇത്തരത്തിലുള്ള ഇന്ധനത്തില്‍ വെള്ളം കലരാന്‍ സാധ്യത കൂടുതലാണെന്നും ഇത് ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കുന്നു. കൂടാതെ തങ്ങളുടെ നിലവിലുള്ള ഭൂഗര്‍ഭ സംഭരണ ടാങ്കുകള്‍ എഥനോള്‍ മിശ്രിത ഇന്ധനം കൈകാര്യം ചെയ്യാന്‍ അനുയോജ്യമല്ലെന്നും, അതിനാല്‍ സാധാരണ പെട്രോള്‍ തന്നെ വിതരണം ചെയ്യുന്നത് തുടരണമെന്ന് ഇന്ത്യന്‍ കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നതായും ഭൂട്ടാന്‍ സര്‍ക്കാര്‍ കത്തില്‍ പറയുന്നു.
ഇന്ത്യന്‍ ഇന്ധന വിതരണക്കാരോട് സാധാരണ പെട്രോള്‍ നല്‍കുന്നത് തുടരാന്‍ ഭൂട്ടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഭൂട്ടാന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുമ്പോള്‍, അത്തരമൊരു ഓഫര്‍ ഭൂട്ടാന് മുന്നില്‍ വെച്ചിട്ടേ ഇല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭൂട്ടാന്‍ ഇന്ത്യയുടെ ഇന്ധന കയറ്റുമതി നിര്‍ദ്ദേശം നിരസിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഞായറാഴ്ച പെട്രോളിയം മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം, ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിരുന്നതായും തങ്ങള്‍ അത് നിരസിച്ച് സാധാരണ പെട്രോള്‍ ആവശ്യപ്പെട്ടതായും ഭൂട്ടാന്‍ വാണിജ്യ വകുപ്പ് വ്യക്തമാക്കിയ കത്ത് പുറത്തുവിട്ട് ലാംസാങ് പത്രത്തിലെ വാര്‍ത്ത സത്യമാണെന്ന് വാദിക്കുകയാണ്.
ഇന്ത്യയില്‍ തന്നെ E20 പെട്രോള്‍ വിതരണം ചെയ്യുന്നതിനെതിരെ, വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് പുതിയ വിവാദം പുകയുന്നത്. ഇന്ധനക്ഷമത കുറയുമെന്നും എന്‍ജിന്‍ പെട്ടെന്ന് കേടാകുമെന്നുമാണ് ചില ഉപഭോക്താക്കളുടെ പരാതി. എന്നാല്‍ എഥനോള്‍ മിശ്രിത ഇന്ധനം പരിസ്ഥിതിക്കും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്നും മൈലേജില്‍ നേരിയ കുറവുണ്ടാകാമെങ്കിലും എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Recent Comments