by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ ഈ മാസം പുറത്തുവരും. ഇതിനകം പുറത്തുവന്ന ചില ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന വിലയിരുത്തലാണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ആക്‌സിസ് ബാങ്കിന്റെയും കൊട്ടക് മഹീന്ദ്രയുടെയും വായ്പ വളര്‍ച്ചയില്‍ ഉണ്ടായ വര്‍ധനയാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളറില്‍ നില്‍ക്കുന്നതും ഒരു അനുകൂല സാഹചര്യമായാണ് വിപണി കാണുന്നത്.
ഇതിന് പുറമേ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 1355 കോടി മൂല്യമുള്ള ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.

by Midhun HP News | Jul 6, 2026 | Latest News, കേരളം
തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28) ഇന്നലെ മരിച്ചിരുന്നു.
സ്വര്‍ണം വാങ്ങിയ ശേഷം മുങ്ങിയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി സിന്ധുവിനെതിരെ പൊലീസിന് പരാതി പ്രളയമാണ്. 10 കേസുകളാണ് സിന്ധുവിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പും വഞ്ചനയുമാണ് എല്ലാ പരാതികളിലും ഉള്ളത്.
കഴിഞ്ഞ 30ന് വൈകിട്ടായിരുന്ന സംഭവം. ഇരുവരും ചേര്‍ന്ന് വിഴിഞ്ഞത്തെ ജൂസ് കടയില്‍നിന്നു പാനീയം വാങ്ങി വിഷംകലര്‍ത്തി കുടിക്കുകയായിരുന്നു. കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ സിന്ധു വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. അഞ്ജു, ഐശ്വര്യ എന്നിവരുള്‍പ്പെടെ ബന്ധുക്കളില്‍നിന്ന് 70 പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

by Midhun HP News | Jul 6, 2026 | Latest News, കേരളം
കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ നിര്‍ദ്ദേശം. വിമാനത്താവളത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയമായി നേതൃത്വം നല്‍കിയ കെ കരുണാകരന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പലതവണ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശിപാര്‍ശ ഘട്ടത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ യുഡിഎഫ് സര്‍ക്കാരില്‍ സിയാല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ കൊച്ചി മേഖലയില്‍ നിന്നുള്ള ആളാണെന്നത് ഈ ആവശ്യത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു.
2010ല്‍ കെ കരുണാകരന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ, ശശി തരൂരാണ് വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ആദ്യമായി പരസ്യമായി ഉന്നയിച്ചത്. പ്രതിസന്ധികളെ മറികടന്ന് വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ ലീഡറുടെ പേര് നല്‍കുന്നത് ഏറ്റവും അനുയോജ്യമാണെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസും വ്യക്തമാക്കി.
തൃശ്ശൂര്‍ മുരളി മന്ദിരത്തില്‍ നടന്ന കെ. കരുണാകരന്റെ 108-ാമത് ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചു. കരുണാകരന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമാണ് നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് അദ്ദേഹം അനുസ്മരിച്ചു.
അതേസമയം, ഈ നീക്കം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്. മുന്‍പ് ഇതേ ആവശ്യം ഉയര്‍ന്നപ്പോള്‍, നെടുമ്പാശ്ശേരിക്ക് സമീപമുള്ള കാലടിയുമായി ബന്ധപ്പെടുത്തി വിമാനത്താവളത്തിന് ‘ആദിശങ്കര’ന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ചില വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

by Midhun HP News | Jul 6, 2026 | Latest News, കേരളം
വടകര: ദേശീയപാത 66വീതികൂട്ടൽ പദ്ധതി പുരോഗമിക്കുന്ന വടകരയ്ക്ക് സമീപം മുക്കാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ തുടർച്ചയായ മണ്ണിടിച്ചിലും മണ്ണൊലിപ്പും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. മണ്ണൊലിപ്പ് രൂക്ഷമായതോടെ മേഖലയിലെ മൂന്ന് വീടുകൾ തകർച്ചാ ഭീഷണിയിലാണ്. ശനിയാഴ്ച ദേശീയപാതയുടെ വശങ്ങളിലെ മൺതിട്ട ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെ ഞായറാഴ്ചയും ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വടക്കേ പുനാത്തിൽ അഭിലാഷിന്റെ വീടിന് തൊട്ടടുത്താണ് ഏറ്റവും ഒടുവിൽ മണ്ണിടിച്ചിലുണ്ടായത്. ഭീമാകാരമായ പാറക്കല്ലുകളും മണ്ണും ഇയാളുടെ പുരയിടത്തിലേക്ക് വൻതോതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ തോതിൽ മണ്ണുമാറ്റുകയും കുന്നുകൾ കുത്തനെയരിഞ്ഞ് മാറ്റുകയും ചെയ്തതാണ് ഈ തുടർച്ചയായ മണ്ണൊലിപ്പിന് കാരണമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ വർഷത്തെ കാലവർഷത്തിനിടെ കന്നൂക്കരയ്ക്കും മീത്തലെ മുക്കാലിക്കും ഇടയിലുള്ള മൺതിട്ട സംരക്ഷിക്കാൻ നിർമ്മിച്ച സോയിൽ നെയ്‌ലിംഗ് സംവിധാനം ഭൂമി ഇടിഞ്ഞതിനെ തുടർന്ന് പൂർണ്ണമായി തകർന്നിരുന്നു. ഇതിന് പകരമായി ഇപ്പോൾ ഇവിടെ പുതിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിച്ചുവരികയാണ്. എന്നാൽ ഈ നിർമ്മാണ സൈറ്റിന് തൊട്ടടുത്താണ് ഇപ്പോൾ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ആർ.ഡി.ഒ കെ.കെ. പ്രസീൽ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ ശനിയാഴ്ച സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ വർഷത്തെ മഴക്കാലത്തും റോഡിന്റെ എതിർവശത്തും സമാനമായ തകർച്ചയുണ്ടായതായി കോട്ടയിൽ രാധാകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മണ്ണുനിറച്ച് സുരക്ഷിതമാക്കിയപ്പോൾ, വലതുവശം യാതൊരു സുരക്ഷയുമില്ലാതെ പൂർണ്ണമായും തുറന്ന നിലയിലാണ്. വലതുവശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം കൂടി സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് ഈ ഭീതിയിൽ ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും നിർമ്മാണത്തിൽ വലിയ താമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടില്ല; ചൊവ്വാഴ്ച കളക്ടറേറ്റിൽ യോഗം
നിലവിൽ ദേശീയപാത 66-ലൂടെയുള്ള വാഹന ഗതാഗതത്തെ മണ്ണൊലിപ്പ് ബാധിച്ചിട്ടില്ല. എങ്കിലും മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വടകര എംപി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പ്രദേശത്തെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുക്കാലിയിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും മേഖലയിൽ അനുമതി കാത്തുകിടക്കുന്ന അടിപ്പാത പദ്ധതികളും യോഗം വിശദമായി ചർച്ച ചെയ്യും.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യവിമര്‍ശനം ഉന്നയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയേണ്ടതെന്നും ഇത്തരം വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശേഷാദ്രിനാഥന്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണെന്നും ഈ തീരുമാനത്തിലൂടെ യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരുമെന്നുമായിരുന്നു നിയാസിന്റെ പ്രധാന വിമര്‍ശനം. ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കെപിസിസി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാത്തതിനാലാണ് കത്ത് വാര്‍ത്തയായപ്പോള്‍ പ്രതികരിക്കേണ്ടി വന്നതെന്നും പിഎം നിയാസ് പ്രതികരിച്ചു. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടുമാണ് താന്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് അയച്ചതെന്നും നിയാസ് പ്രതികരിച്ചു.
പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച ഒരു വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും, ഇതിനോട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രതികരിക്കുകയും ചെയ്തപ്പോഴാണ് താന്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയത്. താന്‍ ഉന്നയിച്ച ആരോപണത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് മോശക്കാരനാക്കാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങളോട് സംസാരിക്കേണ്ടി വന്നത്. പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അത് എഐസിസി കോര്‍ കമ്മിറ്റിയിലോ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്തിരുന്നോ എന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ദ്രുതഗതിയിലുള്ള ഓണ്‍ലൈന്‍ അംഗീകാരം സംശയങ്ങള്‍ക്കിടയാക്കുന്നതാണെന്നും, താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

by Midhun HP News | Jul 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. കണ്ണറവിള സ്വദേശി മനു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
ബൈക്കുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനുമുന്നില്‍ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ സമീപവാസികളുമായി മനു വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് നടന്ന കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Recent Comments