തിരുവനന്തപുരം വലിയതുറയിൽ പോലീസിനു നേരെ ലഹരി മാഫിയയുടെ ആക്രമണം

തിരുവനന്തപുരം വലിയതുറയിൽ പോലീസിനു നേരെ ലഹരി മാഫിയയുടെ ആക്രമണം

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡാൻസാഫ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് പോലീസുകാരെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവർക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഔദ്യോഗിക ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പ്രതികൾ ആൾട്ടോ കാർ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം മുന്നോട്ടെടുത്ത കാർ വീണ്ടും പിന്നോട്ടെടുത്ത് നിലത്തുവീണുകിടന്ന പോലീസുകാരുടെ ദേഹത്തേക്ക് മനപ്പൂർവ്വം ഇടിച്ചുകയറ്റി. ആക്രമണത്തിൽ റോജിന്റെ കാലിലൂടെ കാർ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ സ്ഥിരം ലഹരി ഇടപാടുകാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം കാറുമായി കടന്നുകളഞ്ഞ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.

എൻ. ശശിധരന്‍ നായർ (77) നിര്യാതനായി

എൻ. ശശിധരന്‍ നായർ (77) നിര്യാതനായി

ആറ്റിങ്ങല്‍ ബോയ്സ് ഹയർസെക്കന്ററി സ്കൂളിന് സമീപം മുടിപ്പുര ലൈനില്‍ സുധാ മന്ദിരത്തില്‍ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, വക്കം) എൻ. ശശിധരന്‍ നായർ (77) നിര്യാതനായി.

ഭാര്യ: എം പി സുധാ ഭായ് അമ്മ
മക്കള്‍: ചിത്ര എസ്സ് നായർ (Ireland), ശ്രീകുട്ടന്‍ എസ്സ് (poland)
മരുമള്‍ : പ്രദീപ് കുമാര്‍ ഉണ്ണിത്താന്‍, സോനു എം എസ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞു

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെ 1,12,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,11,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില വര്‍ധന പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ചോദ്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതി ഇന്നലെ അണക്കെട്ടില്‍ ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വേണമെന്നാണ് കേരളം ആവശ്യപ്പെടുക. വിദഗ്ധ സമിതിയുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക.

കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമോയെന്നത് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷന്‍ ബല്‍രാജ് സൂചിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും ബല്‍രാജ് അറിയിച്ചു.

ഇന്നലെ അണക്കെട്ടിലെത്തിയ വിദഗ്ധ സംഘം, പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. പ്രധാന അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍, ഗാലറിയില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത, സ്വീപ്പേജ് വെള്ളത്തിന്റെ അളവ്, സ്പില്‍വേ ഷട്ടറുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി.

മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിസ്റ്റി മുഖര്‍ജിയാണ് മരിച്ചത്. 28 വയസ്സായിരുന്നു. ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ട് പ്രദേശത്തുള്ള വീട്ടിലെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അഴിമതിയാരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 25,000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന നഴ്‌സായ ബിനോദ് സെബാസ്റ്റ്യനാണ് സമ്മാനം അടിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനോദ് ബിഗ് ടിക്കറ്റ് എടുത്തത്. ബിനോദ് ഉള്‍പ്പെടെ നാലു പേരാണ് ഇ-ഡ്രോയില്‍ വിജയിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ള വിജയികള്‍.

‘ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കോള്‍ ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ് പങ്കെടുക്കാറ്. ഒരുമിച്ചു വിജയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.’ ബിനോദ് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള വിജയികളില്‍ ഒരാള്‍ അല്‍ എയ്‌നില്‍ ജീവിക്കുന്ന കമറുല്‍ ഇദ്രിഷ് മിയയാണ്. ഒരു സംഘത്തോടൊപ്പം ചേര്‍ന്നാണ് ഡ്രൈവറായ മിയ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറയുന്നു. ബിസിനസ്സുകാരനായ മുഹമ്മദ് മാമുന്‍ ആണ് രണ്ടാമത്തെ ബംഗ്ലാദേശി വിജയി. അജ്മാനിലാണ് അദ്ദേഹം സ്ഥിരതാമസം. 20 പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.ഫിലിപ്പീന്‍സില്‍ നിന്നുള്ള ജെയ് മൈക്കിളാണ് മൂന്നാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി. അബുദാബിയിലാണ് അദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി താമസിക്കുന്നത്. എട്ട് പേരുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്.

സെപ്റ്റംബര്‍ മൂന്നിന് ഒരു ഭാഗ്യശാലി 15 മില്യണ്‍ ദിര്‍ഹം നേടും. അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഒരു വീക്കിലി ഇ-ഡ്രോയാണ് ഇനി അവശേഷിക്കുന്നത്. നാല് പേര്‍ക്കുകൂടെ 25,000 ദിര്‍ഹം വീതം നേടാം. ദി ബിഗ് സ്പിന്‍ മത്സരവും തുടരും. ഓഗസ്റ്റില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ആയി എന്‍ട്രി ലഭിക്കും. മൂന്നു പേര്‍ക്ക് സെപ്റ്റംബര്‍ 3-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ ദി ബിഗ് സ്പിന്‍ കളിക്കാന്‍ ക്ഷണവും നേടാം. ഒക്ടോബര്‍ 3-നാണ് ദി ബിഗ് സ്പിന്‍ കളിക്കാനാകുക. 1 മില്യണ്‍ ദിര്‍ഹം വരെ ക്യാഷ് പ്രൈസുകളും നേടാം.