പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി രൂപീകരിച്ച് അൻപതാം ദിവസമാണ് ശുപാർശകൾ സമർപ്പിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി തുടർനടപടികൾ ചർച്ച ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം ഒഴിവാക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ സമയക്രമത്തിലും ഷെഡ്യൂളുകളിലും കാര്യമായ പുനഃക്രമീകരണം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

സ്വകാര്യ ബസുകൾ സർക്കാരിന് നേരിട്ട് പാട്ടത്തിന് എടുക്കാമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണ്ണായക നിർദ്ദേശം. സർവീസുകൾ നടത്താൻ തയ്യാറുള്ള സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതി നടപ്പിലാക്കാവുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർദ്ദേശത്തോട് ബസുടമകളും നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു.

ജൂൺ 15-ന് പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ തങ്ങൾക്ക് വലിയ തോതിൽ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന ബസുടമകളുടെ വാദം ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകൾ. പദ്ധതി തുടങ്ങിയതോടെ ഓരോ സ്വകാര്യ ബസിനും പ്രതിദിനം 1,500 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിൽ വിപുലമായ സിറ്റിംഗുകൾ നടത്തി ബസുടമകളുടെയും പൊതുജനങ്ങളുടെയും വിശദമായ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

പദ്ധതിയുടെ ഭാഗമായി 500 സർവീസുകൾ നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് ശൃംഖല പ്രതിസന്ധിയിലായി. നിലവിൽ സംസ്ഥാനത്ത് പെർമിറ്റുള്ള 11,000 ബസുകളിൽ പകുതിയോളം എണ്ണം മാത്രമാണ് എല്ലാ ട്രിപ്പുകളും പൂർത്തിയാക്കി സർവീസ് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നഷ്ടം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക പാക്കേജോ സഹായമോ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.

വിവാഹാഘോഷത്തില്‍ പങ്കെടുത്തവരാണ് മരിച്ചത്. അന്‍പതിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്ന സിറിക് സ്ഥിതിചെയ്യുന്നത്.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം നടത്തിയതായി നേരത്തേ ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനും ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായും ജോര്‍ദാനിലേക്കുവന്ന എല്ലാ മിസൈലുകളും തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ സംഘടിപ്പിച്ചു

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ സംഘടിപ്പിച്ചു

ടാക്സ് കൺസൾട്ടന്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ പൊന്നോണം 2026 സംഘടിപ്പിച്ചു. സെപ്റ്റംബർ 1 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഗവൺമെന്റ് ഐടിഐക്ക് സമീപം രാജ് പാലസിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എംപ്രദീപ് ഭദ്രദീപം തെളിയിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ അഭിലാഷ് ജെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോക്ടർ ആകാശ്.യു, സ്റ്റേറ്റ് ട്രഷറർ അനിൽകുമാർ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ സി ബാലചന്ദ്രൻ, വിജയകുമാർ കോവിലകം, ജില്ലാ ട്രഷറർ ദീപു എസ്. കെ, ജി ഒ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പൂക്കളം ഒരുക്കൽ, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

സോമാലിയ, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കണ്ണൂര്‍- കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ & കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഇന്നു വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ( 02-09-2026) വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സി. ശ്രീദേവി അമ്മ (സീതമ്മ) (85) അന്തരിച്ചു

സി. ശ്രീദേവി അമ്മ (സീതമ്മ) (85) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം തോപ്പിൽ വീട്ടിൽ പരേതനായ കെ രാമചന്ദ്രൻ നായരുടെ സഹധർമ്മിണി സി ശ്രീദേവി അമ്മ (സീതമ്മ) (85) (തയ്യൽ) അന്തരിച്ചു.

മക്കൾ: ആർ.എസ് ഗീതാകുമാരി (അങ്കണവാടി ടീച്ചർ), ആർ.എസ് അജിത് കുമാർ (ഡ്രൈവർ), ആർ.എസ് സജി (സെയിൽസ് മാൻ), ആർ.എസ് ഷാജി (മസ്ക്കറ്റ്).
മരുമക്കൾ: ബി ബാബു (റിട്ടയേർഡ് ഗൾഫ്), കെ സന്ധ്യ, ഐ രമണി (അങ്കണവാടി ടീച്ചർ), എൽ.വി സരിത.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്

ആര്യാദേവീ അന്തർജനം (94) നിര്യാതയായി

ആര്യാദേവീ അന്തർജനം (94) നിര്യാതയായി

ആറ്റിങ്ങൽ: കുഴിമുക്ക് കക്കാട്ട് മഠത്തിൽ വി നാരായണൻ പോറ്റിയുടെ സഹധർമ്മിണി ആര്യാദേവി അന്തർജനം (95) അന്തരിച്ചു.

മക്കൾ: എ.എൻ സാവിത്രി (റിട്ടയേർഡ് അധ്യാപിക, വിദ്യാധിരാജ ഇ.എം എച്ച്.എസ്.എസ്, ആറ്റിങ്ങൽ), കെ.എൻ ബാലരാമൻ (റിട്ടയേർഡ് ഗ്രാലക്ഷ്മി മുദ്രാലയം, കഞ്ചിക്കോട്), കെ.എൻ നാരായണ ശർമ്മ (പ്രസിഡന്റ്, ഇസ്ക്കോൺ ടെമ്പിൾ, ശീരംഗം)

മരുമക്കൾ: എം രമണി (ഐ.ആർ.റ്റി.സി മുണ്ടൂർ), കെ.അർ സുജ (എഞ്ചിനീയർ, തമിഴ്നാട്), പരേതനായ എസ്.എൻ വിജയകുമാർ (റിട്ടയേർഡ് എയർ ഫോഴ്സ്).

മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക്